കൊച്ചിയില്‍ സ്വിഗ്ഗിയുടെ 'ക്ലൗഡ് കിച്ചണ്‍' വരുന്നു

കൊച്ചിയിലേക്കും സ്വിഗ്ഗിയുടെ ക്ലൗഡ് കിച്ചണ്‍ വരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ക്ലൗഡ് കിച്ചണുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. കൊച്ചിയെ കൂടാതെ മറ്റ് വന്‍ നഗരങ്ങളിലും ക്ലൗഡ് കിച്ചണ്‍ തുടങ്ങുവാനാണ് സ്വിഗ്ഗിയുടെ തീരുമാനം. ഇതിനായി 75 കോടി രൂപയോളം നിക്ഷേപം നടത്തുമെന്ന് സ്വിഗ്ഗി അറിയിച്ചു.

രണ്ട് വര്‍ഷം മുന്‍പാണ് സ്വിഗ്ഗി ക്ലൗഡ് കിച്ചണ്‍ പദ്ധതി ആരംഭിച്ചത്. സ്ഥലം ലീസിനെടുത്ത് ഇത് ചെറിയ ഭാഗങ്ങളാക്കി തിരിച്ച് സ്വകാര്യ ഹോട്ടല്‍ ശൃംഖലകള്‍ക്കും മറ്റും നല്‍കി ഇവിടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മാത്രം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് സ്വിഗ്ഗി ചെയ്യുന്നത്.
ഇന്ത്യയിലുടനീളം ഗുണനിലവാരമുള്ള റെസ്റ്റോറന്റുകള്‍ കൊണ്ടുവരാന്‍ ക്ലൗഡ് കിച്ചന്‍ മോഡലിലൂടെ സാധിക്കുമെന്നാണ് സ്വിഗ്ഗിയുടെ അവകാശവാദം.

രാജ്യത്തെ 14 നഗരങ്ങളിലായി 1000 ക്ലൗഡ് കിച്ചണുകളാണ് ഇതുവരെ സ്വിഗ്ഗി തുറന്നത്. 175 കോടിയാണ് ഇതിനായി മുതല്‍മുടക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലൗഡ് കിച്ചണ്‍ ഉള്ളതും സ്വിഗ്ഗിക്കാണ്. രണ്ടാം സ്ഥാനം സൊമാറ്റോയ്ക്കാണ്. 650 ഓളം സ്ഥലങ്ങളിലാണ് ക്ലൗഡ് കിച്ചണുള്ളത്. കൊച്ചി, തിരുപ്പൂര്‍, സൂറത്ത്, ബറേലി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഇനി ക്ലൗഡ് കിച്ചണുകള്‍ പുതുതായി തുടങ്ങുന്നത്. അധികം വൈകാതെ ഏറ്റവും കൂടുതല്‍ ക്ലൗഡ് കിച്ചണുകളുള്ള സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാവുമെന്നാണ് വിവരം.

ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ പദ്ധതിയില്‍ ഇതിനോടകം 250 ഹോട്ടലുകള്‍ പങ്കാളികളായിട്ടുണ്ട്. എട്ടായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 നഗരങ്ങളിലായി അരലക്ഷം ഹോട്ടലുകള്‍ സ്വിഗ്ഗിയില്‍ പങ്കാളികളായെന്നാണ് അവര്‍ 2014- ല്‍ പറഞ്ഞിരുന്നത്.