ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് നടപടി തുടങ്ങി

വീഡിയോകോൺ കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച കേസിൽ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും. ഐ സി ഐ സി ഐ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറായ ചന്ദക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് [ ഇ ഡി ] അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് ഒരുങ്ങുന്നത്.

സൗത്ത് മുംബൈയിലുള്ള ആഡംബര അപ്പാർട്ട്മെന്റ്, ഓഫീസുകൾ, ഭർത്താവായ ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യു പവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ അവർക്കുള്ള നിക്ഷേപം തുടങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടാനായി ഒരുങ്ങുന്നത്. 100 കോടി രൂപയാണ് ഇ ഡി ഇവയ്ക്ക് മൂല്യം കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഈ സ്വത്തുക്കളുടെ വിപണി മൂല്യം 800 കോടിക്ക് മുകളിൽ വരുമെന്നാണ് വിദഗ്ദർ കരുതുന്നത്. കണ്ടുകെട്ടുന്നതിനുള്ള പ്രാഥമിക നടപടികൾ ഇ ഡി ആരംഭിച്ചു. ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയിൽ വലിയ തുക നിക്ഷേപിക്കുന്നതിനായി 5000- ത്തിൽ പരം കോടി രൂപ വീഡിയോകോണിന് അനധികൃതമായി വായ്പ നൽകി എന്നതാണ് കേസ്. ഈ വായ്പ പിന്നീട് കിട്ടാക്കടമായി മാറി.