ബൈജൂസിന് തകർപ്പൻ നേട്ടം, കമ്പനിയുടെ മൂല്യം 37,950 കോടി

ബൈജൂസ്‌ ലേണിംഗ് ആപ്പിലൂടെ പ്രശസ്തമായ, ബംഗളുരു തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊത്തം മൂല്യം 550 കോടി ഡോളറായി [37,950 കോടി രൂപ] കുതിച്ചുയർന്നു. ഫണ്ട് കണ്ടെത്തുന്നതിന് കമ്പനി നടപ്പാക്കി വരുന്ന എഫ് ഫണ്ടിംഗ് റൌണ്ട് വഴിയായി മൂല്യം അതിവേഗത്തിൽ 200 കോടി ഡോളർ കണ്ട് ഉയർന്നു. ബൈജൂസിൽ നിക്ഷേപിക്കുന്നതിന് വലിയ താത്പര്യമാണ് വിദേശ നിക്ഷേപ കമ്പനികൾ കാണിക്കുന്നത്. അമേരിക്കൻ കമ്പനികളാണ് ഇതിൽ മുന്നിലെന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. എഫ് റൌണ്ട് നിക്ഷേപം ഇനിയും പൂർത്തിയായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഇതുവരെയായി 3159.4 കോടി രൂപ ഇത് വഴി കമ്പനി സമാഹരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ കമ്പനിയായ നെസ്‌പേഴ്‌സ്‌, സ്വകാര്യ നിക്ഷേപ സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് മുഖ്യ നിക്ഷേപകർ. കഴിഞ്ഞ ഡിസംബറിലാണ് കമ്പനി എഫ് സീരീസ് ഫണ്ടിങ്ങിന് തുടക്കം കുറിച്ചത്. ഇത് വരെ നാല് റൌണ്ട് പിന്നിട്ടതായി കമ്പനി അറിയിച്ചു. നാലാം റൗണ്ടിൽ 589 കോടി രൂപ സമാഹരിച്ചതോടെയാണ് മൊത്തം വാലുവേഷൻ 37,950 കോടിയിലെത്തിയത്.

മാർച്ച് 31നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വിറ്റുവരവ് 1430 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയും.