ബിറ്റ്‌കോയിൻ മൂല്യം 15,000 ഡോളർ കടന്നു, 11 മാസത്തിനിടെ ഉയർന്നത് 15 ഇരട്ടി

ബിസിനസ് രംഗത്തെ വിസ്മയിപ്പിച് പുതിയ കറൻസി തരംഗം സൃഷ്ടിച്ച, ബിറ്റ്കോയിൻറെ മൂല്യം ഇന്ന് രാവിലെ സർവകാല റെക്കോഡിലേക്ക് കുതിച്ചു. ഇന്റർനെറ്റ് അധിഷ്ഠിത കറൻസി ആയ ബിറ്റ്കോയിൻറെ മൂല്യം രാവിലെ 11 മണിയോടെ 15000 ഡോളർ കടന്നു. 2017 ജനുവരിക്കു ശേഷം ബിറ്റ്കോയിൻറെ മൂല്യത്തിൽ 15 ഇരട്ടി വർധനയാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ 1000 ഡോളർ ആയിരുന്നു ഇതിന്റെ മൂല്യം. ചിക്കാഗോ ആസ്ഥാനമായ ഒരു കറൻസി ഫ്യൂചുഴ്സ് എക്‌സ്‌ചേഞ്ചിൽ ബിറ്റ്കോയിൻറെ അവധി വ്യാപാരം ആരംഭിക്കാൻ പോകുന്നു എന്ന വാർത്തയാണ് പൊടുന്നനെ വില കുതിച്ചുയരാൻ കാരണമായത്.

ഇത്തരത്തിൽ അവധി വ്യാപാരവും ബിറ്റ്‌കോയിൻ അധിഷ്ഠിതമായ മറ്റു ഡെറിവേറ്റീവുകളുടെ വ്യാപാരവും തുടങ്ങുന്നതോടെ ഇതിനു നിയമപരമായ അംഗീകാരവും സ്വീകാര്യതയും ലഭ്യമാകുമെന്ന് വിശ്വാസമാണ് വില ഉയരുന്നതിനു കാരണമായത്. ഏതാനും വർഷങ്ങളായി ഇൻറർനെറ്റിൽ മാത്രമായി നില നിന്നിരുന്ന ഈ ക്രിപ്റ്റോ കറൻസിയുടെ വിശ്വാസ്യത വലിയ പ്രശ്നമായിരുന്നു. ലോകത്തെ വളരെ കുറച്ചു രാജ്യങ്ങൾ മാത്രമാണ് ഇതിന്റെ ട്രേഡിങ്ങിനു അംഗീകാരം നൽകിയിട്ടുള്ളൂ. അമേരിക്കയിൽ അവധി വ്യാപാരം തുടങ്ങുന്നത് വൻ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ന് രാവിലെ 11 മണിയോടെ ഒരു ബിറ്റ്കോയിൻറെ മൂല്യം 15340 ഡോളറിലേക്ക് ഉയർന്നു. നിലവിൽ ഊഹക്കച്ചവട രീതിയിലാണ് ഇതിന്റെ വ്യാപാരം നടക്കുന്നത്. നെറ്റിൽ മാത്രം നിലനിൽക്കുന്ന ഇത് സാധാരണ കറൻസി പോലെ വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. 12662 ഡോളറിലാണ് രാവിലെ വ്യപാരം തുടങ്ങിയത്. ഈ വർഷമാണ് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ബിറ്റ്‌കോയിൻ വ്യാപാരത്തിന് നിയമപരമായ അനുമതി നല്കിയത്. എന്നാൽ ഇത്തരം ക്രിപ്റ്റോകറൻസികൾ ലോക സാമ്പത്തിക ക്രമത്തിന് അപകടം ചെയ്യുമെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്. വലിയ തോതിലുള്ള ബെറ്റിങ്ങും ഊഹക്കച്ചവടവും നടക്കുന്നത് കറൻസി സിസ്റ്റത്തിന്റെ വിശ്വാസ്യത തന്നെ തകർക്കുമെന്നാണ് വിമർശകരുടെ വാദം. നോബൽ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിസ് ഇത് നിരോധിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ബിറ്റ്കോയിന് ഇനിയും അംഗീകാരം നൽകിയിട്ടില്ല. എന്നാൽ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ. അതുകൊണ്ട് ബിറ്റ്കോയിൻറെ ഇടപാടുകാർക്ക് റിസർവ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. ഇതിന്റെ റിസ്കിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ഇടപാടുകാർക്ക് മാത്രമായിരിക്കുമെന്ന് ആർ . ബി ഐ മുന്നറിയിപ്പ് നൽകുന്നു.