എയര്‍ടെല്‍ ഉടമകളായ ഭാരതി 7000 കോടി രൂപ സാമൂഹ്യ സേവനത്തിന് മാറ്റി വയ്ക്കുന്നു

Advertisement

ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപക ചെയര്‍മാന്‍ സുനില്‍ ഭാരതി മിറ്റലിന്റെ കുടുംബം തങ്ങളുടെ മൊത്തം സ്വത്തിന്റെ 10 ശതമാനം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. 7000 കോടി രൂപയാണ് ഇത്തരത്തില്‍ മാറ്റിവക്കുന്നതെന്ന് ഭാരതി ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ ഫ്‌ലാഗ് ഷിപ് കമ്പനിയായ എയര്‍ടെലിന്റെ മൂന്ന് ശതമാനം ഓഹരികളും ഉള്‍പെടും. കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഭാരതി ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

സത്യഭാരതി യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇവിടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. ഗൂഗിള്‍, ഫേസ്ബുക്, ആപ്പിള്‍, മൈക്രോസോഫ്ട്, സോഫ്റ്റ്ബാങ്ക് തുടങ്ങിയ അന്ത്രാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും പദ്ധതിയുണ്ടെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രണ്ടായിരാമാണ്ടിലാണ് ഭാരതി ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫുള്‍ ടൈം സി ഇ ഒയും സി ഒ ഒയുമുള്ള ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 8000 അധ്യാപകര്‍ ഇവയില്‍ ജോലി ചെയ്യുന്നു. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലായി 25000 ത്തോളം പാവപെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഇവര്‍ നല്‍കി വരുന്നു.