വിൽപന കുറഞ്ഞു, ഉത്പാദനം കുറച്ച് വാഹന നിർമ്മാതാക്കൾ

ഓട്ടോമൊബൈൽ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മിക്ക കമ്പനികളും ഏപ്രിൽ – മെയ് മാസങ്ങളിൽ ഉത്പാദനം വെട്ടിക്കുറച്ചു. ജൂണിലും ഉത്പാദനത്തിൽ കുറവുണ്ടാകുമെന്നാണ് സൂചനകൾ. തുടർന്നുള്ള മാസങ്ങളിലും ഇത് തുടരുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന. വിൽപന പ്രകടമായി കുറഞ്ഞതിനെ തുടർന്ന് മിക്ക കമ്പനികളുടെയും സ്റ്റോക്ക് ഉയർന്ന സാഹചര്യത്തിലാണ് ഉത്പാദനം കുറയ്ക്കുന്നത്. നിലവിലെ ഇൻവെന്ററി വിറ്റ് തീർന്നതിനു ശേഷമാണ് ഉത്പാദനം കൂട്ടണോ എന്ന കാര്യത്തിൽ കമ്പനികൾ തീരുമാനമെടുക്കൂ.

രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഏപ്രിൽ – മെയ് മാസങ്ങളിൽ ഉത്പാദനം 9 .3 ശതമാനം കുറച്ചു. പാസഞ്ചർ കാറുകളുടെ കാര്യത്തിൽ 12 ശതമാനം കുറവാണ് വരുത്തിയത്. മാരുതി ഉത്പാദനത്തിൽ 15 ശതമാനം വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ടാറ്റ മോട്ടോർസ് വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം 9 ശതമാനം കുറച്ചപ്പോൾ മഹീന്ദ്ര 20 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
ടൂ വീലർ നിർമ്മാതാക്കൾ ഉത്പാദനം 9.3 ശതമാനം കുറച്ചിട്ടുണ്ട്. ഹീറോ മോട്ടോർസ് ഉത്പാദനം 11 ശതമാനം കുറച്ചപ്പോൾ ഹോണ്ട 25 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്.

വാണിജ്യ വാഹനങ്ങളുടെ വിൽപന മെയ് മാസത്തിൽ പത്തു ശതമാനം കുറഞ്ഞു. കാർ ഉൾപ്പെടെയുള്ള പാസഞ്ചർ കാറുകളുടെ വിൽപന 20 ശതമാനവും താഴ്ന്നു. കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപന. ഇരുചക്ര വാഹനങ്ങളുടെ വിൽപന മെയ് മാസത്തിൽ ഏഴു ശതമാനം കണ്ട് കുറഞ്ഞിരുന്നു. ജൂലൈ അഞ്ചിന് വരുന്ന ബജറ്റിലാണ് ഇനി വാഹന നിർമ്മാതാക്കളുടെ പ്രതീക്ഷ.