തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ഏസ്മണിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

കേരളത്തില്‍ തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏസ്മണിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.

കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്കാണ് ഏസ്മണി ആപ്പ് വികസിപ്പിച്ചത്. ഡല്‍ഹിയില്‍ നടന്ന ആസാദി കാ അമൃത് മഹോത്സവില്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്നും ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ. വടക്കന്‍, സിഇഒ ജിമ്മിന്‍ ജെ. കുറിച്ചിയില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവരാനായി ആരംഭിച്ച പിഎം സ്വാനിധി പദ്ധതിക്ക് കീഴില്‍ നടന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 50 പട്ടണങ്ങളിലായി 93% തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഏസ്മണി അറിയിച്ചു.