ആമസോൺ ഇന്ത്യയിൽ ഭക്ഷണവിതരണ രംഗത്തേക്ക്, നാരായണമൂർത്തിയുമായി സഹകരിക്കും, സൊമാറ്റോയ്ക്കും സ്വിഗിക്കും വെല്ലുവിളി

ഇന്ത്യയില്‍ ഭക്ഷ്യവിതരണ വ്യാപാരം ആരംഭിക്കാന്‍ ജെഫ് ബെസോസിന്റെ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഒരുങ്ങുന്നു. അടുത്ത മാസം ബംഗളുരു ആസ്ഥാനമായാണ് പുതിയ സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. ഇന്‍ഫോസിസ് സ്ഥാപകരിൽ പ്രമുഖനായ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ കാറ്റമരന്‍ വെഞ്ചേഴ്‌സുമായി കൈകോർത്താണ് ഇതാരംഭിക്കുന്നത്. ആമസോണ്‍ പ്രൈം നൗ അല്ലെങ്കില്‍ ആമസോണ്‍ ഫ്രഷ് പ്ലാറ്റ്ഫോമില്‍ തുടക്കമിടുന്ന പുതിയ ഉദ്യമം സോമാറ്റോയ്ക്കും സ്വിഗ്ഗിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

കാറ്റമരന്‍ വെഞ്ചേഴ്‌സും ആമസോണ്‍ ഇന്ത്യയും ചേര്‍ന്നു രൂപം നല്‍കിയ സംയുക്ത സംരംഭമായ പ്രിയോണ്‍ ബിസിനസ് സര്‍വീസസ് ആമസോണിന്റെ ഭക്ഷ്യ വിതരണ ബിസിനസ് ശൃംഖലയിലേക്കു ലിസ്റ്റ് ചെയ്യുന്നതിന് നിരവധി ബ്രാന്‍ഡുകളുമായി കരാറുകളില്‍ ഒപ്പുവെച്ചു കഴിഞ്ഞു. ബംഗളൂരുവിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. സോമാറ്റോയും സ്വിഗ്ഗിയും കിഴിവുകള്‍ വെട്ടിക്കുറച്ച സമയത്താണ് ഭക്ഷ്യ വിതരണ വ്യാപാരത്തില്‍ ആമസോണിന്റെ പ്രവേശനം. 10 വര്‍ഷം മുമ്പു സ്ഥാപിതമായ സോമാറ്റോ ജനുവരിയില്‍ ഏകദേശം 18 കോടി ഡോളറിനാണ് ഇന്ത്യയില്‍ ഊബറിന്റെ ഭക്ഷ്യ വിതരണ വ്യാപാരം സ്വന്തമാക്കിയത്. 100 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ജെഫ് ബെസോസ് വെളിപ്പെടുത്തിയിരുന്നു.