തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജൂലൈ മുതൽ അദാനിക്ക്

ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ ജൂലൈയില്‍ ഗുജറാത്തിലെ ഗൗതം അദാനി ഗ്രൂപ്പിന് കൈമാറും. ആറ് വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേക്ക് നടത്താനുള്ള അവകാശമാണ് അദാനിക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍  തിരഞ്ഞടുപ്പ് മൂലം ഇതിന്റെ നടപടിക്രമങ്ങളൊന്നും വ്യോമയാന മന്ത്രാലയം പൂര്‍ത്തീകരിച്ചിരുന്നില്ല.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതോടെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളങ്ങള്‍ അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസിന് കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം, മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍ വിമാനത്താവളങ്ങളാണ് അദാനി എന്റര്‍പ്രൈസസിന് കൈമാറുന്നത്.

ഈ ഇടപാടിലൂടെ 1300 കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം ഉപയോഗിച്ച് മറ്റ് വിമാനത്താവളങ്ങള്‍ നവീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി. വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി എന്റർപ്രൈസസിന് നല്‍കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറുന്നതിനെതിരെ കേരളം ഉള്‍പ്പെടെ പലയിടത്തു നിന്നും പ്രതിഷേധവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ്  ഗുജറാത്തിലെ മുന്ദ്ര എൽ എൻ ജി ടെർമിനൽ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.