ടാറ്റയുടെ വെല്ലുവിളിയെ അതിജീവിച്ചു; വളര്‍ച്ച ടോപ് ഗിയറില്‍; ലാഭം നാലുമടങ്ങ് വര്‍ദ്ധിപ്പിച്ചു; നിരത്തിലെ വാഹനങ്ങളിലും മാരുതി 'വണ്‍'

വാഹനവിപണിയില്‍ ടാറ്റയുടെ വെല്ലുവിളിയെ അതിജീവിച്ച് വീണ്ടും മാരുതിയുടെ കുതിപ്പ്. ടിയാഗോ, നെക്‌സോണ്‍, പഞ്ച്, അള്‍ട്രോസ് തുടങ്ങി വിവിധ മോഡലുകള്‍ ഇറക്കി മാരുതിയുടെ മുന്നേറ്റത്തെ ടാറ്റ തടയാന്‍ നോക്കിയിരുന്നു. എന്നാല്‍, ഈ വെല്ലുവിളിയെ മറികടന്ന് മാരുതി കുതിക്കുകയാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വര്‍ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. മാരുതി സുസുക്കിയുടെ ലാഭം 2,112.5 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തന വരുമാനം 29,942.5 കോടി രൂപയും.

മുന്‍വര്‍ഷം ഇത് 20,550.9 കോടി. രണ്ടാം പാദത്തില്‍ 5,17,395 വാഹനങ്ങള്‍ വില്‍ക്കുകയും ചെയ്തു. ഇത്രയും കൂടുതല്‍ ത്രൈമാസ വില്‍പന ഇതാദ്യമാണ്. ആഭ്യന്തര വിപണിയില്‍ 4,54,200 യൂണിറ്റുകള്‍ വിറ്റു. 63,195 എണ്ണം കയറ്റുമതി ചെയ്തു. ഇലക്ട്രോണിക് ഭാഗങ്ങളുടെ ക്ഷാമം കാരണം ഉല്‍പാദനത്തില്‍ 35000 യൂണിറ്റിന്റെ കുറവുണ്ടായെന്ന് മാരുതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഉല്‍പ്പാദനരംഗത്ത് മറ്റൊരു നാഴികക്കല്ലും മാരുതി സുസുക്കി പിന്നിട്ടിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ എണ്ണം രണ്ടര കോടിയായി. ഇന്ത്യയില്‍ യാത്രാ വാഹനങ്ങളുടെ സെഗ്മെന്റില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി.

1983ലാണ് മാരുതി സുസുക്കി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗുഡ്ഗാവിലാണ് ആദ്യ ഫാക്ടറി നിര്‍മ്മിച്ചത്. നിലവില്‍ ഗുരുഗ്രാമിന് പുറമേ ഹരിയാനയിലെ തന്നെ മനേസറിലും കമ്പനിക്ക് ഉല്‍പ്പാദന യൂണിറ്റ് ഉണ്ട്. 15ലക്ഷമാണ് കമ്പനിയുടെ വാര്‍ഷിക ശേഷി.

മാരുതി 800 മോഡല്‍ അവതരിപ്പിച്ചാണ് മാരുതി സുസുക്കി ഇന്ത്യയില്‍ കാലുറപ്പിച്ചത്. നിലവില്‍ 16 മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ഏകദേശം നൂറ് രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഹരിയാനയില്‍ തന്നെ മറ്റൊരു ഫാക്ടറി കമ്പനി നിര്‍മ്മിച്ചുവരികയാണ്. ആഭ്യന്തരവിപണയില്‍ ടാറ്റ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിച്ച് കുതിപ്പ് തുടരാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിനായി പുതിയ മോഡലുകള്‍ അടക്കം വിപണയില്‍ ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്.

മാരുതി സുസുക്കിയില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മിഡ്-സൈസ് എസ്.യു.വി. മോഡലായ ഗ്രാന്റ് വിറ്റാരയാണ്. ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതി എത്തിച്ചിട്ടുള്ള വാഹനമാണ് ഗ്രാന്റ് വിറ്റാര.

മോണോടോണ്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ഗ്രാന്റ് വിറ്റാര ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 16.89 ലക്ഷം രൂപയും 17.05 ലക്ഷം രൂപയുമാണ് വില. മോണോടോണ്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയും ഡ്യുവല്‍ ടോണ്‍ മോഡലിന് 18.15 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിറ്റാരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്.