'കേന്ദ്രം അവതരിപ്പിച്ചത് വികസനോന്മുഖമായ ബജറ്റ്; ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ ശാക്തീകരിക്കും'; സ്വാഗതം ചെയ്ത് വ്യവസായികളും ബാങ്ക് തലവന്‍മാരും

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്റെ സ്വാഗതം ചെയ്ത് വ്യവസായികളും ബാങ്കുകളും. 12 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതി ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ചില ‘പരിവര്‍ത്തന നികുതി’ നയങ്ങളാണ് പഖ്യാപിച്ചിരിക്കുന്നത് കൂടുതല്‍ ധനം വിപണിയില്‍ എത്തുന്നതിന് ഉപകരിക്കുമെന്ന് ഇവര്‍ പറഞ്ഞു.

വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍, ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് സിഎഫ്ഒ

വികസിത് ഭാരത് എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള വികസനോന്മുഖമായ ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃഷി, പാദരക്ഷ, തുകല്‍, കളിപ്പാട്ടം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ, തൊഴിലാളികള്‍ക്കു പ്രാധാന്യമുള്ള ചെറുകിട- ഇടത്തരം മേഖലകള്‍ക്ക് വലിയ പിന്തുണയാണ് ബഡ്ജറ്റ് നല്‍കിയിരിക്കുന്നത്. ചെറുകിട- ഇടത്തരം മേഖലകളില്‍ ബാങ്ക് നല്‍കിപ്പോരുന്ന പ്രാധാന്യത്തിന് പൂരകമാവുക വഴി ഇടപാടുകാരുമായുള്ള ബന്ധം ദൃഢമാക്കാന്‍ ബഡ്ജറ്റ് സഹായിക്കുന്നു. വരുമാനനികുതി നിരക്കില്‍ വരുത്തിയ കുറവ് ഉപഭോഗത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമാകും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സാമ്പത്തിക ഏകീകരണ പദ്ധതി തുടരുന്നതാണ്. കാപെക്സിനു ചെലവഴിക്കുന്ന തുക അടിസ്ഥാന സൗകര്യമേഖലയുടെ ഉണര്‍വിനും തൊഴില്‍ സൃഷ്ടിക്കലിനും വഴിയൊരുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോഗത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സമതുലിത ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.

കെ. പോള്‍ തോമസ്, എംഡി & സിഇഒ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്:

സര്‍ക്കാരിന്റെ നയത്തിന് സമാനമായി, 2025-26 ലെ കേന്ദ്ര ബജറ്റില്‍ സമഗ്ര വികസനത്തിന് ധനമന്ത്രി ഊന്നല്‍ നല്‍കിയത് വളരെ സ്വാഗതാര്‍ഹമാണ്.
ഗ്രാമീണ്‍ ക്രെഡിറ്റ് സ്‌കോര്‍, കെസിസി വായ്പ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയതും, മൈക്രോ എന്റര്‍പ്രൈസസിനുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുക തുടങ്ങിയവ സാമ്പത്തിക ഉള്‍പ്പെടുത്തലിന് ഊന്നല്‍ നല്‍കുന്ന പ്രധാന പ്രഖ്യാപനങ്ങളാണ്.
അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ‘ഭാരത് ട്രേഡ്നെറ്റ്’ (ബിടിഎന്‍) പ്രഖ്യാപനത്തോടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഉത്തേജനം ലഭിക്കും. ഇത് വ്യാപാര ഡോക്യുമെന്റേഷനും ധനസഹായ പരിഹാരങ്ങള്‍ക്കുമുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കും, കൂടാതെ കേന്ദ്ര കെവൈസി രജിസ്ട്രിയായും പ്രവര്‍ത്തിക്കും.
12 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയത് ഒരു പ്രധാന നേട്ടമാണ്, ഇത് ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ ശാക്തീകരിക്കുകയും നഗര, ഗ്രാമ വിപണികളില്‍ പണ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്, 2025-26 ലെ കേന്ദ്ര ബജറ്റ് നിലവിലെ സാമ്പത്തിക വളര്‍ച്ചയെ നിലനിര്‍ത്തുക മാത്രമല്ല, ഭാവി വളര്‍ച്ചയ്ക്കും വികസനത്തിനും ശക്തമായ അടിത്തറ പാകുകയും ചെയ്യും.

ഡോ. സോജന്‍ വി അവിരാച്ചന്‍, ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷാനിര്‍ഭരമാണെന്നും രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണെന്നും ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. സോജന്‍ വി അവിരാച്ചന്‍. 12 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയത് ഒരു പ്രധാന നേട്ടമാണ്. ഇതു ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ ശാക്തീകരിക്കുകയും നഗര, ഗ്രാമ വിപണികളില്‍ പണ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നികുതി കുറയുന്നതോടെ മധ്യവര്‍ഗത്തിന്റെ കൈകളിലേക്ക് ഗണ്യമായ തുക എത്തും. അതിനാല്‍, നിക്ഷേപ സാധ്യതകള്‍ പരമാവധി വര്‍ദ്ധിക്കുമെന്നും അദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് ഭാവി വളര്‍ച്ചയ്ക്കും വികസനത്തിനും ശക്തമായ അടിത്തറ പാകുന്നതാണ്. ബജറ്റില്‍ വളര്‍ന്നുവരുന്ന ജനസംഖ്യയ്ക്ക് വലിയ തോതിലുള്ള നികുതി ഇളവുണ്ട്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും മധ്യവര്‍ഗത്തെ ശക്തിപ്പെടുത്തുന്നതിലുമാണ് ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മധ്യവര്‍ഗത്തിന് ഗണ്യമായ ആശ്വാസം നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച്, 75,000 രൂപയായി ഉയര്‍ത്തിയതാണ് പ്രധാന ആകര്‍ഷണം. ഇത് ആദായനികുതിയുടെ വിവിധ പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് വലിയ നികുതി ലാഭമാകും. ജനങ്ങളുടെ നിക്ഷേപ ശേഷി വര്‍ദ്ധിക്കുന്നത് രാജ്യത്തെ ക്രെഡിറ്റ് സൊസൈറ്റികളുടെ വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും ഐസിസിഎസ്എല്‍ ചെയര്‍മാന്‍ ഡോ. സോജന്‍ വി. അവിരാച്ചന്‍ പറഞ്ഞു.

വി. പി നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി. സിഇഒ :

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റില്‍ വളര്‍ന്നുവരുന്ന ജനസംഖ്യയ്ക്ക് വലിയ തോതിലുള്ള നികുതി ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിവര്‍ഷം 12 ലക്ഷം രൂപവരെ വരുമാന ഇളവാണ് ലഭിക്കുന്നത്. നികുതി കുറയുന്നതോടെ ഉപഭോഗത്തിനും സമ്പാദിക്കുന്നതിനുമുള്ള പ്രവണത വളരെ കൂടുതലുള്ള മധ്യവര്‍ഗത്തിന്റെ കൈകളിലേക്ക് ഗണ്യമായ തുക എത്തിക്കും. ഇത് സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കുകയും ഗാര്‍ഹിക സമ്പാദ്യം ഉയര്‍ത്തുകയും സാമ്പത്തിക ആക്കം കൂട്ടുകയും ചെയ്യും.
സമീപ മാസങ്ങളില്‍ സ്വകാര്യ ഉപഭോഗച്ചെലവ് ചുരുങ്ങുന്നത് സാമ്പത്തിക വളര്‍ച്ചയിലെ മിതത്വത്തിന് പിന്നിലെ പ്രധാന ഘടകമാണെന്ന് ഓര്‍മ്മിക്കേണ്ടതാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ജിഎം-ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിനോദ് ഫ്രാന്‍സിസ് :

വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ബഹുമാനപ്പെട്ട ധനമന്ത്രിയുടെ കേന്ദ്ര ബജറ്റ് നമ്മുടെ സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതാണെന്നും ദീര്‍ഘകാല പുരോഗതിയിലേക്ക് നീങ്ങുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നികുതിക്ക് ശേഷമുള്ള വ്യക്തിഗത വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്‌കാരങ്ങള്‍ വിവേകപൂര്‍വ്വം അവതരിപ്പിച്ചു.
2026 സാമ്പത്തിക വര്‍ഷം 4.4% ധനക്കമ്മി ലക്ഷ്യം വയ്ക്കുന്നതിനൊപ്പം ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ഉത്പാദന മേഖലകളില്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ 11.21 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുന്നത് ഒരു ഡൊമിനോ ഇഫക്റ്റ് ഉണ്ടാക്കുകയും സമ്പദ്വ്യവസ്ഥയില്‍ മൂലധന രൂപീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും.

ഇന്ത്യയുടെ ഉത്പാദന വളര്‍ച്ചയെ നയിക്കുന്ന രണ്ടാമത്തെ എഞ്ചിനാണ് എംഎസ്എംഇകള്‍.1.5 ലക്ഷം കോടി രൂപ അനുവദിച്ചുകൊണ്ടുള്ള തീരുമാനം നിക്ഷേപം ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രചോദനം നല്‍കും, ഇത് വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുകയും ഇന്ത്യയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.’