ഡിടിഎച്ച് രംഗത്തും ലയനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ടാറ്റ പ്ലേയും ഒന്നാകുന്നു

ഒടിറ്റി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിന് പിന്നാലെ പ്രതിസന്ധി നേരിടുന്ന ഡിടിഎച്ച് രംഗത്തെ അതികായന്മാരായ ടാറ്റയും ഭാരതി എയര്‍ടെല്ലും ലയിക്കുന്നു. ഡിടിഎച്ച് രംഗത്ത് വരിക്കാരുടെ എണ്ണം അനുദിനം കുറയുന്ന സാഹചര്യത്തില്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ഇരുകമ്പനികളുടെയും ലക്ഷ്യം.

ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ രണ്ട് പ്രമുഖ ഡിടിഎച്ച് കമ്പനികള്‍ ഒന്നാകുന്നതോടെ 52 മുതല്‍ 55 ശതമാനം വരെ ഓഹരിപങ്കാളിത്തം എയര്‍ടെല്ലിനായിരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ സംരംഭത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എയര്‍ടെല്ലിനായിരിക്കും കൂടുതല്‍ മേധാവിത്വം. രണ്ടു കമ്പനികളും തമ്മില്‍ ചേരുമ്പോള്‍ 6,000-7,000 കോടി രൂപയുടെ വിപണിമൂല്യമാണ് കണക്കാക്കുന്നത്.

നിലവില്‍ ഇരുകമ്പനികളുടെയും ആകെ വരിക്കാരുടെ എണ്ണം 3.5 കോടിയാണ്. പുതിയ സംയുക്ത കമ്പനി വരുന്നതോടെ ഡിടിഎച്ച് രംഗത്ത് കൂടുതല്‍ ഉപയോക്താക്കളെ നേടിക്കൊണ്ട് വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. ഡിടിഎച്ച് മേഖലയുടെ ഭാവി അത്ര ശോഭനമല്ലെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ ഇരുകമ്പനികളും തമ്മിലുള്ള ലയനത്തെ പോസിറ്റീവായി കാണുകയാണ് വിപണി.