ആദ്യമായി ഭവനവായ്പ എടുക്കുകയാണോ? എളുപ്പം വായ്പ ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

അപേക്ഷകന്റെ വരുമാനം, ക്രഡിറ്റ് സ്‌കോര്‍, തിരിച്ചടയ്ക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ഥാപനം വായ്പ അനുവദിക്കുക. വായ്പ നല്‍കുന്ന സ്ഥാപനം മുന്നോട്ടുവെച്ച മാനദണ്ഡങ്ങളുമായി ഒത്തുപോകുന്നില്ലെങ്കില്‍ വായ്പ അപേക്ഷ തള്ളുന്നതായിരിക്കും. ആദ്യമായി ലോണെടുക്കുന്നവര്‍ എളുപ്പം ലോണ്‍ പാസായി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.

ക്രമമായ ഇടവേളകളില്‍ നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുക:

ഭവന വായ്പ അപേക്ഷകള്‍ കിട്ടിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആദ്യം പരിശോധിക്കുന്നത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ ആയിരിക്കും. 750ഉം അതിനു മുകളിലും ക്രഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് ലോണ്‍ അനുവദിച്ചു കിട്ടാനുള്ള സാധ്യത ഏറെയാണ്. ഉയര്‍ന്ന ക്രഡിറ്റ് സ്‌കോറുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ ഭവന വായ്പ എടുക്കാന്‍ ആലോചിക്കുന്നവര്‍ ക്രമമായ ഇടവേളകളില്‍ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കണം. ക്രഡിറ്റ് സ്‌കോര്‍ കുറഞ്ഞവര്‍ക്ക് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും.

ഡൗണ്‍പെയ്മെന്റായി കുറച്ചധികം തുക നല്‍കാന്‍ ശ്രമിക്കുക:

നമ്മള്‍ വാങ്ങുന്ന വസ്തുവിന്റെ മൂല്യവും ബാങ്കില്‍ നിന്നോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന ലോണ്‍ തുകയും തമ്മിലുള്ള അനുപാതമാണ് എല്‍.ടി.വി അനുപാതം. ലോണ്‍ തുക കഴിച്ചുള്ളത് വസ്തു വാങ്ങുന്നയാള്‍ അയാളുടെ ഫണ്ടില്‍ നിന്ന് നല്‍കണം. വാങ്ങുന്നയാള്‍ക്ക് ലോണ്‍ നല്‍കുന്നതില്‍ എത്രത്തോളം റിസ്‌ക് ഉണ്ട് എന്ന കണക്കുകൂട്ടിയശേഷമാണ് ഒരു ഭവനവായ്പയുടെ അന്തിമ എല്‍.ടി.വി അനുപാതം നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ലോണിന് അപേക്ഷിക്കുന്നതിനു മുമ്പ് വസ്തുവിലയുടെ പത്തുമുതല്‍ 25% വരെ നിങ്ങള്‍ സ്വരുക്കൂട്ടിവെയ്ക്കുക.

ഡൗണ്‍ പെയ്മെന്റായി നിങ്ങള്‍ നല്‍കുന്ന തുക വര്‍ധിക്കുന്നത് അനുസരിച്ച് ലോണ്‍ അനുവദിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ എല്‍.ടി.വി അനുപാതമാണെങ്കില്‍ ചില വായ്പദാതാക്കള്‍ പലിശയും കുറച്ചു നല്‍കാറുണ്ട്. എന്നാല്‍ ഇതിനുവേണ്ടി അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി മാറ്റിയ ഫണ്ടില്‍ കയ്യിടുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യത്തിനുവേണ്ടി സൂക്ഷിച്ച തുക ഉപയോഗിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ ആ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ന്ന നിരക്കില്‍ ലോണെടുക്കേണ്ട അവസ്ഥ വരാം.

ഇ.എം.ഐ ആയി എത്ര തുക അടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും?

ലോണ്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ അത് എത്രത്തോളം നിങ്ങള്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് വായ്പാ നല്‍കുന്ന സ്ഥാപനം പരിശോധിക്കും. ഒരുമാസത്തെ നിങ്ങളുടെ ആകെ വരുമാനത്തിന്റെ 50-60 ശതമാനത്തിനുള്ളിലായിരിക്കണം ഇ.എം.ഐ ആയി അടയ്ക്കേണ്ട തുക. അതിനുമുകളിലാണെങ്കില്‍ അവര്‍ക്ക് ലോണ്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയുള്ള അപേക്ഷകര്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് മറ്റേതെങ്കിലും ലോണ്‍ അടയ്ക്കുന്നുണ്ടെങ്കില്‍ അത് മുന്‍കൂറായി അടച്ചു തീര്‍ക്കണം. ഒപ്പം ലോണ്‍ കാലാവധി നീട്ടിയെടുക്കുന്നതും ഇ.എം.ഐ കുറയ്ക്കാന്‍ സഹായിക്കും. നമുക്ക് അനുയോജ്യമായ ഇ.എം.ഐ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ ഹോം ലോണ്‍ ഇ.എം.ഐ കാല്‍ക്കുലേറ്റര്‍മാരുടെ സഹായം തേടാം, അങ്ങനെ നമുക്ക് അനുയോജ്യമായ ഇ.എം.ഐ തെരഞ്ഞെടുക്കുമ്പോള്‍ ഭാവിയില്‍ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യതയും കുറവാണ്.

എമര്‍ജന്‍സി ഫണ്ടില്‍ ഇ.എം.ഐ തുകയും കരുതിവെയ്ക്കുക:

ജോലി നഷ്ടമാകല്‍, അസുഖം, വൈകല്യങ്ങള്‍ എന്നിങ്ങനെ നമ്മുടെ സാമ്പത്തിക നിലയെ ആകെ തകിടം മറിക്കുന്ന പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാകാറുണ്ട്. പലപ്പോഴും ഇത് ലോണ്‍ തിരിച്ചടവുകളെ ബാധിക്കും. ലോണ്‍ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങള്‍ പിഴയൊടുക്കേണ്ടിവരും. ക്രഡിറ്റ് സ്‌കോറും ഇടിയും. നിലവിലെ നിക്ഷേപങ്ങള്‍ ലോണ്‍ അടയ്ക്കാനായി എടുത്തുപോയാല്‍ അത് ഭാവിയില്‍ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ തന്നെ ബാധിക്കും. അതിനാല്‍ അത്തരം സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കുറഞ്ഞത് ആറുമാസത്തേക്കെങ്കിലുമുള്ള ഇ.എം.ഐ എമര്‍ജന്‍സി ഫണ്ടായി കരുതി വെയ്ക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നുപെട്ടാലും ലോണ്‍ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ ഇത് സഹായിക്കും.

വായ്പയെടുക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളുടെ പലിശ നിരക്ക് താരതമ്യം ചെയ്യുക:

ഭവന വായ്പയുടെ പലിശ നിരക്ക്, ലോണ്‍ തുക, എല്‍.ടി.വി അനുപാതം, ലോണ്‍ കാലാവധി, പ്രോസസിങ് ഫീസ് മറ്റു ചിലവുകള്‍ എന്നിങ്ങനെ ഭവനവായ്പയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായിരിക്കും. ഭവന വായ്പകള്‍ പൊതുവേ ദീര്‍ഘകാലത്തേക്കുള്ളതും കുറച്ചേറെ തുക വരുമെന്നതിനാലും പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസത്തില്‍ പോലും വലിയ മാറ്റങ്ങള്‍ വരും. അതിനാല്‍ ഭവന വായ്പ അപേക്ഷകര്‍ വിവിധ സ്ഥാപനങ്ങളുടെ നിരക്കുകളും മറ്റ് സവിശേഷതകളും പരിശോധിച്ച് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ ലോണ്‍ തെരഞ്ഞെടുക്കണം.

നിലവില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമോ ഇടപാടുകളോ ഉണ്ടെങ്കില്‍ ഭവന വായ്പകള്‍ക്കായി ആദ്യം ആ സ്ഥാപനത്തെ സമീപിക്കുക. നിലവിലെ ഉപഭോക്താക്കള്‍ക്ക് നിരക്കുകള്‍ കുറച്ചു ലഭിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം തന്നെ മറ്റു വായ്പാ സ്ഥാപനങ്ങളുടെ പലിശ നിരക്കുമായി ഇത് താരതമ്യം ചെയ്യുകയും വേണം.

മറ്റൊരാളുമായി ചേര്‍ന്ന് ലോണെടുക്കുന്നത് യോഗ്യത വര്‍ധിപ്പിക്കും:

മിക്ക ഹോംലോണ്‍ അപേക്ഷകളും തള്ളിപ്പോകാന്‍ കാരണം അപേക്ഷകന് വരുമാനം കുറഞ്ഞതും ഇ.എം.ഐ ബാധ്യതയാകുമെന്നതിനാലുമാണ്. അത്തരം ആളുകള്‍ സ്ഥിരവരുമാനമുള്ള മറ്റൊരു അപേക്ഷകരുമായി ചേര്‍ന്ന് ലോണിന് അപേക്ഷിക്കുന്നത് ലോണ്‍ അനുവദിച്ചു കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കും.