വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

കേരളത്തില്‍ നിന്നുള്ള മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വന്‍ കുതിപ്പില്‍. 2023-24 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ കമ്പനി 76.17 കോടി രൂപ സംയോജിത അറ്റാദായമാണ് നേടിയത്. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 52.72 കോടി രൂപയില്‍ നിന്ന് 44.5 ശതമാനമാണ് വര്‍ധന.

2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനി 257.58 കോടി രൂപയുടെ അറ്റാദായവും നേടി. മുന്‍ വര്‍ഷത്തെ 189.05 കോടി രൂപയില്‍ നിന്നും 36.2 ശതമാനമാണ് വാര്‍ഷിക ലാഭവര്‍ധന. ലാഭവര്‍ദ്ധന കണക്കുകള്‍ പുറത്തുവന്നതോടെ വി-ഗാര്‍ഡിന്റെ ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇന്ന് മാത്രം ആറ് ശതമാനം വര്‍ദ്ധനവാണ് ഒാഹരികളില്‍ ഉണ്ടായിരിക്കുന്നത്. 370ല്‍ ആരംഭിച്ച വ്യാപാരം ഇന്ന് 393 രൂപ വരെയായി ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 1342.77 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 1139.22 കോടി രൂപയില്‍ നിന്നും 17.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനവും 17.7 ശതമാനം വര്‍ധനയോടെ 4856.67 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 4127.19 കോടി രൂപയായിരുന്നു.

‘നാലാം പാദത്തില്‍ സമ്മര്‍ സീസണിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഡിമാന്‍ഡും വര്‍ധിച്ചത് ഗുണകരമായി. ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കരുത്തുറ്റ വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ വിവിധ വിപണന പദ്ധതികളുടെ ഫലമായി ഈ പാദത്തില്‍ സണ്‍ഫ്‌ളെയ്മും മികച്ച വളര്‍ച്ച കൈവരിച്ചു.

മാര്‍ജിന്‍ വളര്‍ച്ച മെച്ചപ്പെട്ടു വരുന്നു. അടുത്തിടെ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ച ബാറ്ററി, അടുക്കള ഉപകരണ ഫാക്ടറികള്‍ വരും വര്‍ഷത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറയുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 5.38 ശതമാനവും ഒരു മാസത്തിനിനെ 12.21 ശതമാനവും വളര്‍ച്ചയാണ് ഓഹരി വിപണിയില്‍ വി-ഗാര്‍ഡ് നടത്തിയത്.