ആരും തിരിഞ്ഞു നോക്കാതെ യമഹ YZF R3; മെയ് മാസം ഒന്നു പോലും വിറ്റു പോയില്ല!

സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ യമഹ അവതരിപ്പിച്ച മോഡലാണ് വൈ ഇസഡ് എഫ് ആര്‍ 3. എന്നാല്‍ വില്‍പനയില്‍ വന്‍പ്രതിസന്ധിയാണ്, തുടക്കത്തില്‍ മികച്ച സ്വീകരണം ലഭിച്ച മോഡല്‍ ഇപ്പോള്‍ നേരിടുന്നത്. 2019 മെയ് മാസത്തില്‍ വൈ ഇസഡ് എഫ് ആര്‍ 3 യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ല എന്നത് പ്രതിസന്ധിയുടെ ഭീകരത വ്യക്തമാക്കുന്നതാണ്.

എന്തുകൊണ്ട് മോഡലിന്റെ വില്‍പന കുറഞ്ഞു എന്നതില്‍ വ്യക്തതയില്ല. വിലയാവാം ഒരു കാരണം. മോഡലില്‍ പുതിയ മാറ്റങ്ങളും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ടാകാം. അതേസമയം, ആര്‍ 3 യുടെ പ്രധാന എതിരാളികളായ കവാസാക്കി നിഞ്ച 300, കെടിഎം ആര്‍സി 390 എന്നിവ വിപണിയില്‍ ഇക്കാലയളവില്‍ ന്യായമായ നിലയില്‍ വിറ്റു പോയിട്ടുണ്ട്.

ആര്‍ 3 യുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ എത്തിയിരുന്നു. ബൈക്കിന് പുറമേ കുറച്ച് മാറ്റങ്ങള്‍ ലഭിച്ചെങ്കിലും എഞ്ചിനില്‍ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. മുമ്പ് ഉപയോഗിച്ചിരുന്ന 321 സിസി ഇന്‍ലൈന്‍ ഇരട്ട സിലണ്ടര്‍ എഞ്ചിന്‍ തന്നെയാണിതിലും. 10,750 ആര്‍പിഎമ്മില്‍ 40.8 ബിഎച്ച്പി കരുത്തും, 9000 ആര്‍പിഎമ്മില്‍ 29.6 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇതിന് കഴിയും.