യുവാക്കളെ കയ്യിലെടുക്കാൻ യമഹയുടെ എയ്റോക്സ് 155 മോൺസ്റ്റർ എനർജി മോട്ടോ ജിപി എഡിഷൻ !

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ എയ്റോക്സ് 155 സ്‌കൂട്ടറിന്റെ 2023 മോട്ടോജിപി എഡിഷൻ പുറത്തിറക്കി. യുവാക്കളെ ആകർഷിക്കുന്ന തരത്തിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം YZF-R15M, MT-15 V2.0, റേ ZR 125 Fi ഹൈബ്രിഡ് എന്നിവയുടെ മോട്ടോജിപി പതിപ്പുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യമഹ എയ്റോക്സ് 155 ന്റെ മോട്ടോജിപി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മോട്ടോജിപി പതിപ്പിന് പുറമെ മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെർമില്യൺ, സിൽവർ എന്നീ നാല് നിറങ്ങളിൽ എയ്റോക്സ് 155 ലഭ്യമാണ്. മോട്ടോജിപി പതിപ്പിന് സ്റ്റാൻഡേർഡ് എയ്‌റോക്‌സിനേക്കാൾ കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്. 2023 യമഹ എയ്റോക്സ് മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷന്റെ ഡിസൈൻ നോക്കുകയാണെങ്കിൽ ഫ്രണ്ട് ഫെൻഡറിലും ഫെയറിംഗിലും മോൺസ്റ്റർ എനർജി ലോഗോ നൽകിയിട്ടുണ്ട്.

കറുപ്പ് നിറത്തിലുള്ള അലോയ് വീലുകളും സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റവുമാണ് പുത്തൻ പതിപ്പിന്റെ പ്രധാന ഹൈലൈറ്റുകൾ. കൂടുതൽ തെളിച്ചമുള്ള ക്ലാസ് D ഹെഡ്‍ലൈറ്റ് ആണ് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഈ പെർഫോമൻസ് സ്‌കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. വേരിയബിൾ വാൽവ് ആക്‌ച്വേഷൻ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന 155 സിസി ലിക്വിഡ്-കൂൾഡ്, ഫോർ-സ്‌ട്രോക്ക്, SOHC, 4 വാൾവ് എഞ്ചിനാണ് യമഹ ഏറോക്‌സ് 155-ന് തുടിപ്പേകുന്നത്. 8,000 rpm-ൽ 15 bhp മാക്‌സ് പവറും 6,500 rpm-ൽ 13.9 Nm പീക്ക് ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്.

ഓൾ – എൽഇഡി ഇല്യൂമിനേഷൻ, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫംഗ്ഷൻ കീ, ഓട്ടോമാറ്റിക് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്‌ഷൻ, സിംഗിൾ-ചാനൽ എബിഎസ് എന്നിവ മറ്റ് ശ്രദ്ധേയമായ സവിശേഷതകളാണ്. മാക്‌സി സ്‌കൂട്ടറിലെ ഹാർഡ്‌വെയറിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സസ്പെൻഷൻ ടാസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നതിനായി ഇരട്ട-വശങ്ങളുള്ള പിൻ സ്‌പ്രിംഗുകളും ഉൾപ്പെടുന്നുണ്ട്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് 230 എംഎം സിംഗിൾ ഡിസ്കും പിന്നിൽ 130 എംഎം ഡ്രമ്മും ഉൾപ്പെടുന്നു.

1,48,300 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌കൂട്ടർ വിപണിയിൽ ഇറക്കിയിരിക്കുന്നത്. പുതിയ R3, MT-03 മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യമഹ ഇപ്പോൾ. രണ്ട് മോട്ടോർസൈക്കിളുകളും മോട്ടോജിപി ഭാരതിൽ പ്രദർശിപ്പിച്ചിരുന്നു.
മോട്ടോർസൈക്കിളുകൾ ഡിസംബറിൽ അവതരിപ്പിക്കും. യമഹ R3 ഒരു ഫുൾ ഫെയർഡ് സ്‌പോർട്‌ബൈക്കായിട്ടാണ് വരുന്നതെങ്കിൽ, MT-03 അതിന്റെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റർ ആയാണ് എത്തുന്നത്