ഇത് ഇവി വിപ്ലവം ! നിരത്തിലെ പുലിയാകാൻ ഷവോമിയുടെ ഇലക്ട്രിക് കാർ എത്തി !

ഇലക്ട്രിക് വാഹന വിപണിയിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഏറ്റവും പുതിയ ഇന്നോവേഷനായ ആദ്യത്തെ ഇലക്ട്രിക് കാറായ ഷവോമി SU7 ഇവി വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് നിർമാതാക്കൾ. ചൈനയിലാണ് ആദ്യ ഘട്ടത്തിൽ കമ്പനി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുക.

സ്‌പോർട്ടി ലുക്കും വളരെ യുവത്വം നിറഞ്ഞതുമായ ഡിസൈൻ കൊണ്ടും വളരെ ആകർഷകമായ ഒരു മോഡലാണ് ഇത്. വാഹനത്തിന്റെ ലോ സ്ലംഗ് ഡിസൈനും കൂപ്പെ ശൈലിയിലുള്ള റൂഫും കിടിലൻ ലുക്ക് ആണ് നൽകുന്നത്. ഈ സ്ലോപ്പിംഗ് റൂഫ്‌ ലൈൻ റിയർ ഹെഡ്‌റൂമിനെ ബാധിക്കില്ല എന്ന് ഷവോമി ഉറപ്പു നൽകുന്നുണ്ട്.

1.88 മീറ്റർ ഉയരമുള്ള ഒരു ഡമ്മി ഉപയോഗിച്ചാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 4997 mm നീളവും 1963 mm വീതിയും 1440 mm ഉയരവും 3000 mm വീൽബേസുമാണ്ഷവോമി SU7 ഇലക്ട്രിക് സെഡാന്റെ അളവുകൾ വരുന്നത്. ഏകദേശം അഞ്ച് മീറ്റർ നീളം ഉണ്ടായിരുന്നിട്ടും, ഷവോമി SU7 ഇലക്ട്രിക്കിന് 5.7 മീറ്റർ ടേണിംഗ് റേഡിയസ്‌ ആണുള്ളത്. ഇത് വളരെ കുറവാണ് എന്ന് തന്നെ പറയാം.

517 ലിറ്റർ ബൂട്ട് സ്പേസ് SU7 ഇവി വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ 105 ലിറ്റർ ഫ്രണ്ട് ബൂട്ടും (ഫ്രങ്ക്) ലഭിക്കും. 400 മീറ്റർ ത്രോയുള്ള അഡാപ്റ്റീവ് LED ഹെഡ്‌ലൈറ്റുകളാണ് ഇവിയുടെ മറ്റൊരു പ്രധാന ആകർഷണം. ഇത് രാത്രിയിൽ മികച്ച വിസിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം 56 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്റീരിയറിൽ ഇന്നത്തെ പല ഇവികളെയും പോലെ ഷവോമി SU7 മോഡലും 16 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ഇൻഫോടെയിൻമെൻ്റ് യൂണിറ്റ് അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും 2 ഷവോമി പാഡ് 6S പ്രോ, ടാബ്‌ലെറ്റുകളും മോഡലിൻ്റെ സവിശേഷതയാണ്.

സ്റ്റാൻഡേർഡ് 50W വയർലെസ് ചാർജിംഗ് പാഡിന് പുറമേ വയർലെസ് ചാർജിംഗുള്ള ഒരു ഡെഡിക്കേറ്റഡ് ഫോൺ ഹോൾഡറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യകത. ഫോണുകൾ ഹോൾഡ് ചെയ്യാൻ ഡോർ പാഡിൽ പ്രത്യേക പോക്കറ്റുകളും ഇവിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

മൂന്ന് വേരിയന്റുകളിൽ വാഹനത്തിന്റെ ബേസ് സ്പെക്ക് മോഡലിൽ 73.6 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് ഒറ്റ ചാർജിൽ 700 കിലോമീറ്റർ റേഞ്ച് നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 5.28 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ഇവിയുടെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 210 കിലോമീറ്ററാണ്. 295 bhp ഇലക്ട്രിക് മോട്ടോറാണ് മോഡലിന് കമ്പനി നൽകിയിരിക്കുന്നത്.

SU7 മാക്‌സ് എന്ന വേരിയന്റാണ് ടോപ്പ് സ്പെക്ക് മോഡൽ. 101 kWh ബാറ്ററി പായ്ക്ക് ആണ് ഇത് അവതരിപ്പിക്കുന്നത്. അതോടൊപ്പം AWD കപ്പാസിറ്റിയും ഇത് അവതരിപ്പിക്കുന്നു. ഈ വേരിയൻ്റിൻ്റെ മൊത്തം പവർ 663 bhp ആയി റേറ്റുചെയ്തിരിക്കുന്നു, മാത്രമല്ല ഇത് മോഡലിന് വെറും 2.78 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനുമാകും.

മണിക്കൂറിൽ 265 കിലോമീറ്ററാണ് മോഡലിന്റെ ടോപ്പ് സ്പീഡ്. ഷവോമി SU7 മാക്സിൻ്റെ ഡ്രൈവിംഗ് റേഞ്ച് സിംഗിൾ ചാർജിൽ 800 കിലോമീറ്ററാണ്. മോഡലിന് 2,99,900 യുവാൻ, ഏകദേശം 35.20 ലക്ഷം രൂപയോളമാണ് വില വരുന്നത്. 800V ആർക്കിടെക്ചർ കാരണം മോഡലിന് 15 മിനിറ്റിനുള്ളിൽ 510 കിലോമീറ്റർ റേഞ്ച് ഓടാനുള്ള ചാർജ് കൈവരിക്കാനാവും.

2,15,900 യുവാൻ, അതായത് ഏകദേശം 25.34 ലക്ഷം രൂപ മുതലാണ് പുതിയ ഷവോമി SU7 ഇലക്ട്രിക് സെഡാൻ്റെ വില ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് മോഡൽ ഒമ്പത് കളർ ഓപ്ഷനുകളിലും മൂന്ന് വേരിയൻ്റുകളിലും ലഭ്യമാണ്.