തടി കേടായില്ല ! തല കുത്തി വീണിട്ടും യാത്രക്കാർ സേഫ് ! അതാണ് ടാറ്റ കാറിന്റെ ഉരുക്കുശക്തി...

ഒരു വാഹനം വാങ്ങുമ്പോൾ മൈലേജ് പോലെ തന്നെ നോക്കുന്ന മറ്റൊരു കാര്യമാണ് സേഫ്റ്റി. ടാറ്റ, ഫോക്‌സ്‌വാഗൺ, സ്‌കോഡ, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ കാർ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ സേഫ്റ്റിയ്ക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ നിലവിൽ ടാറ്റ മോട്ടോർസാണ് ഏറ്റവും കൂടുതൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വരുന്ന മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്.

എല്ലാ വാഹനങ്ങൾക്കും അനുവദനീയമായ ലോഡ് നിശ്ചയിച്ചിട്ടുണ്ട്.അതിൽ കൂടുതൽ ആളുകൾ കയറുന്നത് ഓവർ ലോഡിങ്ങിന് കാരണമാവുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. അത്തരമൊരു അപകടത്തിൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ടാറ്റയുടെ ഒരു കാർ. ടാറ്റ കാറിന്റെ ബിൽഡ് ക്വാളിറ്റി തെളിയിക്കുന്ന ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മഹാരാഷ്ട്രയിലാണ് ഈ അപകടം നടന്നിരിക്കുന്നത്. പ്രതീക സിംഗ് എന്നയാളാണ് ഈ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. ആറ് പേരായിരുന്നു അപകടം നടന്ന ടിയാഗോ കാറിൽ ഉണ്ടായിരുന്നത്. അമിതഭാരം കയറ്റിയ കാര് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ആറു പേരും പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. കാറിന്റെ ഉടനെ തന്നെയാണ് സംഭവം യൂട്യൂബറുടെ ശ്രദ്ധയിൽപെടുത്തിയത്. ചിത്രങ്ങളടക്കം അയച്ചു കൊടുത്ത ശേഷം സംഭവം വിശദീകരിക്കുകയും ചെയ്തു.

2019 മോഡലായിരുന്നു തന്റെ പക്കലുണ്ടായിരുന്ന ടിയാഗോ കാർ എന്നും അതിൽ എയർബാഗുകൾ ഇല്ലായിരുന്നു എന്നുമാണ് കാർ ഉടമ പറയുന്നത്. ടാറ്റ കാറിന്റെ ബിൽഡ് ക്വാളിറ്റിയെ പ്രകീർത്തിച്ച കാറുടമ അതില്ലായിരുന്നുവെങ്കിൽ സഹോദരൻമാരും താനും ഇന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്നാണ് പറയുന്നത്. മാത്രമല്ല, ചെറുതും കരുത്തുറ്റതുമായ ഹാച്ച്ബാക്ക് നിർമ്മിച്ചതിന് അദ്ദേഹം ടാറ്റ മോട്ടോർസിന് നന്ദി പറയുകയും ചെയ്തു.

അഞ്ച് സഹോദരൻമാർക്കൊപ്പം ടിയാഗോ കാറിൽ ചിക്കൽധാര വനമേഖലയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മഴ പെയ്തുകൊണ്ടിരുന്നതിനാൽ വണ്ടിയോടിച്ചയാൾക്ക് പെട്ടെന്ന് ഒരു വളവ് കാണാൻ പറ്റിയില്ല. തുടർന്ന് കാറിൽ അധികഭാരമുള്ളതിനാൽ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പാലത്തിന് താഴെ ഒരു ചെറിയ അരുവി ഉണ്ടായിരുന്നു. അരുവിയിലെ പാറക്കെട്ടിന് അടുത്തായി കാർ തലകീഴായി വീണ് കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

കാർ അമിത വേഗത്തിലായിരുന്നോ അല്ലെങ്കിൽ കാഴ്ച മറഞ്ഞതാണോ അപകടത്തിന് കാരണമായത് എന്ന് വ്യക്തമല്ല. ഏതായാലും കാർ മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളിൽ വീലുകൾ കാണാനില്ല. മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ബോണറ്റിനും ബമ്പറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ടിയാഗോയുടെ പില്ലറും റൂഫും വീഴ്ചയുടെ ആഘാതത്തിൽ തകരാറിലായിട്ടുണ്ട്.

അപകടത്തിൽ തകർന്ന കാർ ക്രെയിൻ ഉപയോഗിച്ച് പിന്നീട് മാറ്റുകയായിരുന്നു. ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ എൻട്രി ലെവൽ കാറാണ് ടിയാഗോ. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നായ ടിയാഗോ വർഷങ്ങൾക്ക് മുമ്പേ തന്നെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.  ടാറ്റ കാറുകൾ വലിയ അപകടങ്ങളിൽ പെട്ടിട്ടുള്ളതും യാത്രക്കാർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ടാറ്റ കാറുകളുടെ ബിൽഡ് ക്വാളിറ്റിയാണ് അത്തരം സാഹചര്യങ്ങളിൽ മിക്കപ്പോഴും രക്ഷയാകാറുള്ളത്.