ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് നഷ്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍; പിരിച്ചുവിടല്‍ ഭീഷണിയില്‍ തൊഴിലാളികള്‍

പിരിച്ചുവിടല്‍ ഭീഷണിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തൊഴിലാളികള്‍. ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് കുറഞ്ഞ കാലയളവില്‍ ജനപ്രീതി നേടി മുന്നേറുന്ന കമ്പനിയാണ് ഒല. എന്നാല്‍ നിലവില്‍ കമ്പനി നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങുന്നത്.

നേരത്തെ കഴിഞ്ഞ നവംബറിലും കമ്പനി ഇത്തരത്തില്‍ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 500 പേരെയാണ് നവംബറില്‍ പുറത്താക്കിയത്. നിലവില്‍ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍, കസ്റ്റമര്‍ റിലേഷന്‍ ഉള്‍പ്പെടെ കമ്പനിയുടെ ഒന്നിലധികം വകുപ്പുകുളിലെ തൊഴിലാളികളെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.

കമ്പനി നിലവില്‍ നഷ്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ നഷ്ടത്തില്‍ 50% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഓഹരികള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് ഇടിഞ്ഞിരുന്നു. വര്‍ധിക്കുന്ന ഉപഭോക്തൃ പരാതികള്‍, സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ കമ്പനിക്ക് ആധിപത്യം കുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.