ഫോർച്യൂണറിന്റെ മുഖ്യ എതിരാളി ! ഫോർഡ് എൻഡവർ ഇന്ത്യയിൽ തിരികെയെത്തുമോ?

പുതിയ രൂപത്തിലും ഫീച്ചറുകളിലും വീണ്ടും എത്താനൊരുങ്ങുകയാണ് കരുത്തനായ അമേരിക്കൻ എസ്‌യുവി ഫോർഡ് എൻഡവർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഫുൾ സൈസ് എസ്‌യുവികളുടെ രാജാവായി വാഴുകയാണ് ടൊയോട്ട ഫോർച്യൂണർ. എന്നാൽ, മുഖ്യ എതിരാളിയായ ഫോർഡ് എൻഡവർ 2024-ൽ ഒരു ഗംഭീര തിരിച്ചുവരവിനായി ഒരുങ്ങുമ്പോൾ ഫോർച്യൂണറിന് ഒരു വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഫോർച്യൂണറിനെ താഴെയിറക്കാൻ എൻഡവർ എന്തൊക്കെയാണ് കൊണ്ടുവരുന്നത് എന്ന് നോക്കാം.

2021-ലാണ് ഫോർഡ് ഇന്ത്യൻ വിപണിയോട് വിട പറഞ്ഞത്. ഇതോടെ നിരവധി ആരാധകരുടെ ഹൃദയം തകർന്നിരുന്നു. മാത്രമല്ല, ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ തുടങ്ങിയ പല മുൻനിര വാഹന നിർമാതാക്കൾ ചെന്നൈയിലെ പ്ലാന്റ് വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്ലാന്റ് വിൽക്കാനുള്ള പദ്ധതിയിൽ നിന്ന് ഫോർഡ് പിന്തിരിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ഫോർഡ് എന്നാണ് റിപോർട്ടുകൾ.

എൻഡവർ അപ്രത്യക്ഷമായെങ്കിലും അടുത്തിടെ നേപ്പാളിൽ പുറത്തിറക്കിയ അടുത്ത തലമുറ ഫോർഡ് എവറസ്റ്റിൻ്റെ രൂപത്തിൽ എൻഡവറിൻ്റെ ആത്മാവ് ഇനിയും നിലകൊള്ളുന്നു എന്നാണ് വാഹന പ്രേമികൾ പറയുന്നത്. ഈ എവറസ്റ്റ് ഇന്ത്യൻ വിപണിയുടെ എൻഡെവർ എന്ന് പുനർനാമകരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻഗാമിയേക്കാൾ കാര്യമായ നവീകരണങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ എത്തുന്നത്.

കൂറ്റൻ ഗ്രില്ലും ക്രോം ആക്‌സൻ്റുകളും അഗ്രസീവ് ലൈനുകളും ഉൾപെടുത്തികൊണ്ട് ബോൾഡും കരുത്തുറ്റതുമായ പുതിയ എൻഡവർ ആണ് ഇനിയെത്തുക. പുതിയ 20 ഇഞ്ച് അലോയ് വീലുകളും അവയിൽ ഫാക്ടറി ഘടിപ്പിച്ച സ്റ്റെപ്പുകളും നൽകിയിട്ടുണ്ട്. ഇന്റീരിയറിലേക്ക് കടക്കുമ്പോൾ 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, എല്ലാ യാത്രക്കാർക്കും വിശാലമായ ലെഗ്‌റൂം എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രീമിയം ക്യാബിൻ ആണ് കാണാൻ സാധിക്കുക. ഇലക്‌ട്രോണിക് രീതിയിൽ മടക്കാവുന്ന മൂന്നാം നിര ലെതർ സീറ്റുകൾ പുത്തൻ മോഡലിൽ ഉണ്ട്.

മൊത്തം 7 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഏത് ഭൂപ്രദേശത്തെയും നേരിടാനുള്ള വിവിധ ഡ്രൈവിംഗ് മോഡുകൾ എന്നിവ ഇതിൽ സജീകരിച്ചിട്ടുണ്ട്. ഹിൽ ലോഞ്ച് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.

210 PS പവറും 500 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഇക്കോബ്ലൂ ടർബോ ഡീസൽ എഞ്ചിൻ എൻഡവർ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സുഗമമായ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം, ശക്തവും ഉന്മേഷദായകവുമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

എൻഡവറും ഫോർച്യൂണറും തമ്മിലുള്ള മത്സരം ഐതിഹാസികമാണ്. വർഷങ്ങളായി കോട്ട കൈവശം പിടിച്ച വച്ചിരിക്കുകയാണ് ഫോർച്യൂണർ. എന്നാൽ ഇത്തവണ നവീകരിച്ച ഡിസൈൻ, നൂതന ഫീച്ചറുകൾ, ശക്തമായ പ്രകടനം എന്നിവയുമായി എൻഡവറിൻ്റെ തിരിച്ചുവരവ് മത്സരത്തെ ഇളക്കിവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ എസ്‌യുവി വിപണി നിലവിൽ ആവേശകരമായ ഒരു പോരാട്ടത്തിൽ തന്നെയാണ് എന്ന് തന്നെ ഇതോടെ വിശ്വസിക്കാം.

നിലവിലെ ഒരു സാഹചര്യത്തിൽ ഫോർഡ് ഇന്ത്യയിൽ വിൽപന ഉടൻ പുനരാരംഭിക്കാൻ സാധ്യത കുറവാണ്. എൻഡവറിന് പുറമെ മസ്താങ് പോലെയുള്ള മുൻനിര മോഡലുകളും ഫോർഡിന് സ്വന്തമായുണ്ട്. എന്നിരുന്നാലും എൻഡവറിലൂടെ തിരിച്ചുവരവ് നടത്താനാകും അവരുടെ ശ്രമം. തിരിച്ചുവരവിനെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും ഫോർഡ് റീ എൻട്രിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.