'പണം മുടക്കാതെ കാര്‍ ഉടമകളാക്കി കൊടുക്കപ്പെടും' മാരുതിയുടെ സബ്സ്ക്രിപ്ഷൻ പരിപാടി വമ്പൻ ഹിറ്റ് !

സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ഒരു യാത്ര പോകുമ്പോൾ മിക്ക ആളുകളും കാർ ആണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ സ്വന്തമായി കാർ ഇല്ലാത്തവർക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. സുഹൃത്തുക്കളുടെ വണ്ടിയോ വാടകയ്‌ക്കോ കാർ എടുത്ത് പോകുന്നവരാണ് പലരും. എന്നാൽ ഇത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ട് മാരുതി സുസുക്കി പോലുള്ള ചില കമ്പനികൾ കുറച്ചു കാലം മുൻപ് ഒരു പ്ലാൻ അവതരിപ്പിച്ചിരുന്നു.

കാറിന്റെ ഉടമയാകാതെ എന്നാൽ സ്വന്തം കാർ പോലെ കൊണ്ടുനടക്കാൻ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ ആയിരുന്നു അത്. സബ്‌സ്‌ക്രൈബ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്ലാൻ ഇക്കാലത്ത് പുതിയൊരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ആവശ്യമെങ്കിൽ വാഹനം സ്വന്തം പേരിൽ തന്നെ വണ്ടി രജിസ്റ്റർ ചെയ്യാനും സാധിക്കും എന്നതാണ് ഹൈലൈറ്റ്.

മാരുതി സുസുക്കിയുടെ കാർ ലീസിംഗ് പ്രോഗ്രാമായ സബ്‌സ്‌ക്രൈബ് പ്ലാൻ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. 10,000 വണ്ടികളാണ് സബ്‌സ്‌ക്രിപ്‌ഷൻ വിൽപ്പനയിൽ കമ്പനി ഉപഭോക്താക്കൾക്ക് ഇതുവരെ കൈമാറിയിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

കാർ ലീസിംഗ് പ്രോഗ്രാമായ സബ്‌സ്‌ക്രൈബിൽ പുതിയ നാഴികക്കല്ല് കൈവരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി തന്നെയാണ് സുസുക്കി കണക്കാക്കുന്നത്. 2020 ജൂലൈയിലാണ് കമ്പനി സബ്‌സ്‌ക്രൈബ് പ്രോഗ്രാം അവതരിപ്പിച്ചത്. ഇതിലൂടെ വളരെ കുറഞ്ഞ ചെലവിൽ പുത്തൻ വാഹനം ഉപയോഗിക്കാം. പ്രതിമാസം ഒരു നിശ്ചിത തുകയ്ക്ക് അതായത് ലോൺ എടുത്ത് ഇഎംഐ അടയ്ക്കുന്നത് പോലെ വണ്ടി വീട്ടിലെത്തിക്കാനും പറ്റും.

എത്ര വർഷത്തേക്കാണോ കാർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് അത്രയും വർഷത്തെ ഇൻഷുറൻസ്, റോഡ് ടാക്സ്, സർവീസ് ചാർജ് തുടങ്ങിയവയെല്ലാം കൃത്യമായി കമ്പനി തന്നെ നോക്കിക്കോളും എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. നിലവിൽ 25-ലധികം നഗരങ്ങളിൽ ഉള്ള സബ്‌സ്‌ക്രൈബ് പദ്ധതി ഉപഭോക്താക്കളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ഈ സാമ്പത്തിക വർഷം 50 ശതമാനത്തിലധികം അല്ലെങ്കിൽ ഏകദേശം 5,000 ഉപഭോക്താക്കളാണ് കാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കിയതെന്നാണ് മാരുതി സുസുക്കി പറയുന്നത്. ബ്രെസ, ബലേനോ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള പ്രീമിയം കാറുകൾക്കാണ് ഇവയിൽ ഡിമാന്റ് കൂടുതൽ. മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ്റെ 53 ശതമാനത്തിലധികവും ഇത്തരം മോഡലുകൾക്കാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ആവശ്യകതകളെ അടിസ്ഥാനമാക്കി ഉടമസ്ഥാവകാശ കാലയളവ് തിരഞ്ഞെടുക്കാൻ മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാം ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. കുറഞ്ഞത് 12 മാസം മുതൽ നാല് വർഷം വരെയാണ് സബ്സ്ക്രിപ്ഷനായി കമ്പനി അനുവദിക്കുന്ന കാലയളവ്. ഇതിൽ ഏതു വേണമെങ്കിലും ഉപഭോക്താവിന്റെ സൗകര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കും. കാലാവധി അനുസരിച്ച് വാടക നിരക്കുകളിലും മാറ്റമുണ്ടാകും.

ഉപയോഗിച്ച ശേഷം കാർ കമ്പനിക്ക് തിരികെ നൽകണം. കൂടാതെ വാർഷിക ഉപയോഗം 10,000 കിലോമീറ്റർ മുതൽ 25,000 കിലോമീറ്റർ വരെ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയും കമ്പനി വെച്ചിട്ടുണ്ട്. പ്രതിമാസ പേയ്‌മെൻ്റുകളിൽ കാറിൻ്റെ ചെലവ്, ഇൻഷുറൻസ്, മെയിൻ്റനൻസ് എന്നിവയും അതിലേറെയും കാര്യങ്ങൾ കമ്പനി തന്നെ വഹിക്കും. ഇതിലൂടെ തടസമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുകയാണ് മാരുതിയുടെ സബ്‌സ്‌ക്രൈബ് പ്രോഗ്രാം ചെയ്യുന്നത്.

ഉപയോഗിക്കുന്ന സമയത്ത് മോഡൽ മാറ്റണമെങ്കിൽ അതിനും അവസരമൊരുക്കുണ്ട്. സബ്സ്ക്രിപ്ഷൻ എടുക്കുന്ന വ്യക്തിയുടെ പ്രായം 25-65 ആയിരിക്കണം എന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. ഡൽഹി-എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് മാരുതി സബ്‌സ്‌ക്രൈബിന് വലിയ സ്വാകാര്യത ലഭിക്കുന്നതെന്നാണ് മാരുതി സുസുക്കി പറയുന്നത്.