സാധാരണക്കാരന്റെ 'ആള്‍ട്ടോ 800' ഇനിയില്ല ; നിർമ്മാണം നിർത്തി മാരുതി സുസുക്കി

‘സാധാരണക്കാരന്‍റെ കാര്‍’എന്ന പേരിൽ അറിയപ്പെടുന്ന മാരുതി സുസുക്കിയുടെ ‘ആൾട്ടോ 800’ നിരത്തൊഴിയുന്നതായി റിപ്പോർട്ട്. വിപണിയിലെത്തി 23 വര്‍ഷത്തിന് ശേഷമാണ് ഈ എന്‍ട്രി ലെവല്‍ മോഡല്‍ ആള്‍ട്ടോ 800ന്റെ ഉത്പാദനം ഇന്തോ – ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് BS VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം പ്രാബല്യത്തില്‍ വന്നത്. വരാനിരിക്കുന്ന കാറുകള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇനി വിപണിയിലെത്തുക.

എഞ്ചിനുകളില്‍ തത്സമയ ഡ്രൈവിംഗ് എമിഷന്‍ ഫീച്ചര്‍ ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പല കാറുകളും നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആള്‍ട്ടോ 800 കാറിന്റെ എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് കാറിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചത്. അതേസമയം, നിലവിൽ സ്റ്റോക്കുള്ള ആൾട്ടോ 800 കാറുകൾ ഷോറൂമുകൾ വഴി സ്വന്തമാക്കാൻ സാധിക്കും.

രാജ്യത്ത് BSVI നടപ്പിലാക്കിയപ്പോള്‍ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഉപേക്ഷിച്ച കമ്പനിയാണ് മാരുതി സുസുക്കി. എന്നാലിപ്പോൾ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കാര്‍ പരിഷ്കരിക്കുകയാണെങ്കിൽ കാറിന്റെ വില കൂട്ടേണ്ടി വരും. അതേ വിലയിൽ തന്നെ വേറെയും നിരവധി കാറുകൾ വിപണിയിൽ ഉള്ളതിനാൽ വാഹനത്തിന്റെ വിൽപ്പനയും കുറയും. ഇക്കാരണത്താലാണ് ഇവ പൂർണമായും നിർത്താൻ മാരുതി തീരുമാനിച്ചത്. നിലവില്‍ 3.54 ലക്ഷം മുതല്‍ 5.13 ലക്ഷം വരെയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കിന്റെ വില.

മാരുതി 800 നിര്‍ത്തലാക്കുന്നതോടെ മാരുതിയുടെ ‘എന്‍ട്രി ലെവല്‍ കാര്‍’ എന്ന പദവി 3.99 ലക്ഷം മുതല്‍ 5.94 ലക്ഷം രൂപ വരെ വിലയുള്ള ആള്‍ട്ടോ K10-ന് വന്നുചേരും. 796 സിസി എഞ്ചിനാണ് മാരുതി ആള്‍ട്ടോ 800-ന് കരുത്ത് നൽകുന്നത്. എഞ്ചിന്‍ 48 bhp പവറും 69 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒരു സിഎന്‍ജി കിറ്റോട് കൂടിയും ഈ മോഡല്‍ സ്വന്തമാക്കാൻ സാധിക്കും. സിഎന്‍ജി മോഡില്‍ മാരുതി ആള്‍ട്ടോ 800 കാര്‍ 41 bhp പവറും 60 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് കാര്‍ വരുന്നത്.

സാധാരണക്കാരനു സ്വന്തം കാർ എന്ന കുഞ്ഞ് സ്വപ്നം യാഥാർഥ്യമാക്കിയ വാഹനമാണ് ആൾട്ടോ 800. മാരുതിയുടെ 800, ആള്‍ട്ടോ തുടങ്ങിയവ ഒക്കെയായിരിക്കും പലരുടെയും ആദ്യ വാഹനങ്ങള്‍. ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കുറഞ്ഞ ബജറ്റിൽ ഇറക്കിയ കാർ പിന്നീട് വൻ ഹിറ്റായി മാറുകയായിരുന്നു. ആദ്യമായി കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവരുടെ ആദ്യ ചോയ്‌സില്‍ ആൾട്ടോ ഒന്നാമതെത്തുകയും ചെയ്തു. ഇന്നും സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റിലടക്കം വൻ ഡിമാൻഡ് ആണ് പ്രിയവാഹനമായ ആള്‍ട്ടോയ്ക്ക്.

ഇന്ത്യൻ നിരത്തുകളിൽ ആൾട്ടോ മോഡലുകൾ എത്തിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. 2000ലാണ് ആൾട്ടോ എന്ന മോഡൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത്. മാരുതി 800 മോഡലിനോട് എതിരാളിയായി നിന്ന് 18 ലക്ഷം ആള്‍ട്ടോ കാറുകളാണ് 2000 മുതല്‍ 2010 വരെ വിറ്റഴിക്കപ്പെട്ടത്. ശേഷം 2010ല്‍ മാരുതി സുസുക്കി ‘ആള്‍ട്ടോ K10’നെ കളത്തിലിറക്കി. 2010 മുതലുള്ള വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ 17 ലക്ഷം ആള്‍ട്ടോ 800 കാറുകളും 9.5 ലക്ഷം ആള്‍ട്ടോ K10 കാറുകളുമാണ് ഉപഭോക്താക്കളിലേക്കെത്തിയത്. ഇന്ത്യയില്‍ ആള്‍ട്ടോ മോഡലിന് കീഴില്‍ മാത്രം ഇന്നുവരെ 44.50 ലക്ഷം കാറുകളാണ് വിറ്റുപോയത്.