എൻട്രി ലെവൽ കാറുകളുടെ വില കുത്തനെ കുറച്ച് മാരുതി സുസുക്കി; ഓഫർ ഈ മാസം മാത്രം !

രാജ്യത്തെ ഏറ്റവും ജനപ്രിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. ചെറുകാർ വിഭാഗത്തിൽ വിപ്ലവം തീർത്ത മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മുതൽ തുടങ്ങുന്ന വിഭാഗത്തിലിറക്കിയ എല്ലാ മോഡലുകളും വൻ ഹിറ്റാണ്. ഇപ്പോഴിതാ എൻട്രി ലെവൽ കാറുകൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

ന്യൂ ഇയർ ഓഫറിന് പിന്നാലെ ഫെബ്രുവരി ഡിസ്‌കൗണ്ടുകൾ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആൾട്ടോ k10, സ്വിഫ്റ്റ്, ഡിസയർ, എസ് പ്രെസോ, വാഗൺ ആർ, സെലേറിയോ തുടങ്ങിയ മോഡലുകൾക്കാണ് മാരുതി സുസുകി അരീന ഷോറൂമുകളിലൂടെ വമ്പൻ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, കോർപറേറ്റ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ഓഫറിൽ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ.

മാരുതിയുടെ എൻട്രി ലെവൽ മോഡലാണ് ആൾട്ടോ K10. ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പുകൾക്ക് ഫെബ്രുവരി മാസം മൊത്തത്തിൽ 62,000 രൂപ വരെയാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 7,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ട് ഉൾപ്പെടുത്തിയാണ് ഓഫർ.

40,000 രൂപ വരെ ആനൂകൂല്യങ്ങളാണ് സിഎൻജി വേരിയൻ്റുകൾക്ക് ലഭിക്കുക. ഇതിൽ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നുണ്ട്. 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ K10 ന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് കാറിലുള്ളത്.

ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലായ സ്വിഫ്റ്റിലും കിടിലൻ ഓഫറുകളാണ് മാരുതി ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുത്തി സ്വിഫ്റ്റിന് മൊത്തം 42,000 രൂപയുടെ ആനുകൂല്യങ്ങൾ ഈ മാസം ഉപയോഗപ്പെടുത്താം. സിഎൻജി വേരിയൻ്റുകൾക്ക് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപറേറ്റ് ബോണസും ലഭിക്കുന്നതായിരിക്കും. അതേസമയം ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതല്ല.

സ്വിഫ്റ്റിൻ്റെ കോംപാക്‌ട് സെഡാൻ പതിപ്പാണ് മാരുതി സുസുകി ഡിസയർ. ഡിസയറിന് 37,000 രൂപ വരെയുള്ള കിഴിവാണ് ഈ മാസം ലഭിക്കുക. 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെയാണ് കമ്പനി ആനുകൂല്യങ്ങൾ നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മാസത്തേത് പോലെ ബ്രെസ എസ്‌യുവിയിലും എർട്ടിഗ എംപിവിയിലും ആനുകൂല്യങ്ങളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

പെട്രോൾ വേരിയൻ്റുകൾക്ക് 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ വരെ കോർപറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുത്തി 61,000 രൂപ വരെയുള്ള ഓഫറാണ് എസ്-പ്രെസോയ്ക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സിഎൻജി വേരിയൻ്റുകൾക്ക് 39,000 രൂപ വരെയുള്ള കിഴിവുകളാണ് ലഭിക്കുക. ഇതിൽ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടുമായാണ് ഉപയോഗപ്പെടുത്താനാവുന്നത്.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി, വരാനിരിക്കുന്ന ഫ്രോങ്ക്സ് ഹൈബ്രിഡ് മോഡലിലൂടെ ഹൈബ്രിഡ് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡിനൊപ്പം കമ്പനി നിരവധി പുതിയ ഹൈബ്രിഡ് കാറുകൾ രാജ്യത്ത് അവതരിപ്പിക്കും.