സ്വിഫ്റ്റ് അല്ല, ആരാധകര്‍ക്കായി മാരുതി ഒരുക്കിയിരിക്കുന്ന സര്‍പ്രൈസ് മറ്റൊന്ന്!

ഡല്‍ഹിയില്‍ അടുത്ത മാസം ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സ്വിഫ്റ്റാണ് ആരാധകര്‍ക്കായി മാരുതി ഒരുക്കിയ സര്‍പ്രൈസെന്ന് കരുതിയെങ്കില്‍ തെറ്റി. എക്‌സ്‌പോയില്‍ സ്വിഫ്റ്റ് വാഹന പ്രേമികളുടെ ശ്രദ്ധ നേടുമെങ്കിലും മറ്റൊരു അവതാരത്തെയും മാരുതി അവതരിപ്പിക്കുന്നുണ്ട്.

പുതിയ ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്.യു.വിയാണ് മാരുതി സ്വിഫ്റ്റിനും മേലെ ആരാധകര്‍ക്കായി കരുതിവെച്ചിരിക്കുന്ന സര്‍പ്രൈസ്. കോണ്‍സെപ്റ്റ് മോഡലായാണ് ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്.യു.വിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ എക്സ്പോയില്‍ അവതരിപ്പിക്കുക. വരവിന് മുമ്പെ പുതിയ വാഹനത്തിന്റെ ടീസര്‍ പുറത്തു വിട്ട മാരുതി ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. മാരുതി സുസൂക്കിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയിലാവും പുതിയ വാഹനം ഇറങ്ങുക. ഇതു തന്നെയാവും മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണവും.

കോമ്പാക്ട് എസ്.യു.വി വിറ്റാര ബ്രെസ്സയ്ക്കും സ്വിഫ്റ്റ് ഹാച്ച്ബാക്കിനും ഇടയിലായാകും ഫ്യൂച്ചര്‍ എസിന്റെ സ്ഥാനം. മാരുതിയുടെ പരീക്ഷിച്ചു വിജയിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്.യു.വിയുടെ പവര്‍ഹൗസ്. മാരുതി സുസൂക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ കോമ്പാക്ട് എസ്.യു.വിയില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്. ഒരുപക്ഷെ ആള്‍ട്ടോയ്ക്ക് പകരക്കാരനായാകും ഫ്യൂച്ചര്‍ എസിനെ മാരുതി വിപണിയില്‍ അവതരിപ്പിക്കുക.