ഇന്ത്യൻ നഗരങ്ങളിൽ ഇനി പറക്കുന്ന ഇലക്ട്രിക് ടാക്‌സികളും

ആകാശകാഴ്ചകൾ ചുറ്റികാണാനായി എയർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ദുബായ് എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് നമ്മൾ കണ്ടത്. ഒരു കിടിലൻ ഇലക്ട്രിക് ഫ്ലയിങ് ടാക്സി വികസിപ്പിച്ചെടുത്ത് ഇന്ത്യയും ഒട്ടും പുറകിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഇ- പ്ലെയിൻ. ഹെലികോപ്റ്ററുകളെ പോലും വെല്ലുന്ന രീതിയിൽ ഇ-ഫ്ലൈയിംഗ് ടാക്സി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ആണ് നിർമിച്ചിരിക്കുന്നത് . ബെംഗളൂരുവിൽ വച്ച് നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്‌സി പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്.

ഐഐടി മദ്രാസിൽ പ്രൊഫസർ സത്യ ചക്രവർത്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപിച്ചതാണ് ഇ-പ്ലെയിൻ കമ്പനി. ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് ഇലക്‌ട്രിക് ഫ്‌ളൈയിംഗ് ടാക്‌സിയാണ് ഇതെന്നാണ് പ്രൊഫസർ സത്യ ചക്രവർത്തി പറയുന്നത്. കാർഗോ (സൈനിക, വ്യവസായ മേഖലകളിലെ ഉപയോഗങ്ങൾ), ദിവസേനയുള്ള നഗരങ്ങളിലെ യാത്രകൾക്കായും രണ്ട് തരത്തിൽ ഇവയെ ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിസിഎയുടെ സർട്ടിഫിക്കേഷൻ പ്രക്രിയകൾ പൂർത്തീകരിക്കാൻ കാത്തിരിക്കുകയാണ് എയർക്രാഫ്റ്റ് ഡിസൈനും പ്രോട്ടോടൈപ്പുകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരങ്ങളിലൂടെയുള്ള യാത്രകൾ വേഗമേറിയതും തടസരഹിതവുമാക്കാനാണ് ഇത്തരത്തിൽ ഒരു ഇലക്ട്രിക്ക് ഫ്ലയിങ് ടാക്സി വികസിപ്പിച്ചെടുത്തത് എന്നാണ് കമ്പനി പറയുന്നത്. സാധാരണ കാറുകളേക്കാൾ പത്ത് മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ഇ-ഫ്ലയിങ് ടാക്സികൾക്ക് സാധിക്കുമെന്നാണ് സ്റ്റാർട്ടപ്പിന്റെ അവകാശവാദം. എന്നാൽ ഒരേ ദൂരത്തിന് യൂബർ ഈടാക്കുന്ന നിരക്കിനേക്കാൾ രണ്ട് മടങ്ങ് കൂടുതലായിരിക്കും ഇ-ടാക്സികളുടെ യാത്രാ നിരക്ക്. ഇലക്ട്രിക് ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷനെ കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിനു ശേഷമാണ് ഇലക്ട്രിക്ക് ഫ്ലയിങ് ടാക്സിയെന്ന ആശയം തങ്ങളിൽ ഉടലെടുത്തതെന്ന് ഇ-പ്ലെയിൻ കമ്പനിയുടെ സിഇഒ പ്രഞ്ജൽ മേത്തയും സ്റ്റാർട്ടപ്പിന്റെ സിടിഒ പ്രൊഫസർ സത്യ ചക്രവർത്തിയും പറഞ്ഞു.

ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVOTL) മോഡലാണ് ഈ പ്രോട്ടോടൈപ്പ്. ഒരിക്കൽ പൂർണമായി ചാർജ് ചെയ്‌താൽ ഏകദേശം 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇ- ടാക്സികൾക്ക് സാധിക്കും. ഇ-ടാക്സികൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും കൂടുതൽ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം മാത്രം മതിയെന്നുമാണ് സ്റ്റാർട്ടപ്പ് പറയുന്നത്. ഏകദേശം 200 കിലോഗ്രാം ഭാരമാണ് ഇ- ടാക്സികൾക്കുള്ളത്. ഇവയുടെ പ്രൊപ്പല്ലറുകളായി നാല് ഡക്‌റ്റഡ് ഫാനുകളാണ് സജീകരിച്ചിരിക്കുന്നത്. ഒരു യാത്രയിൽ ഒരു പൈലറ്റ് ഉൾപ്പെടെ രണ്ട് യാത്രക്കാർക്കാണ് ഇരിക്കാൻ സാധിക്കുക.150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇ-ടാക്സികൾക്ക് കഴിയും. 457 മീറ്റർ (1,500 അടി) ആണ് ഇ- ടാക്സിക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന പരമാവധി ഉയരം. ഫ്ലൈയിംഗ് ടാക്സികളിൽ ബാറ്ററി മാറ്റാനാകില്ല. ബാറ്ററിയുടെ വലിപ്പം, ചാർജിംഗ് വിശദാംശങ്ങൾ എന്നിവയെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഏത് നഗരത്തിലാണെങ്കിലും റൂഫ് ടോപ്പ് മുതൽ റൂഫ് ടോപ്പ് അർബൻ എയർ മൊബിലിറ്റിക്ക് ഫ്ലൈയിംഗ് ടാക്സി വളരെയധികം അനുയോജ്യമാണ് എന്നാണ് സ്റ്റാർട്ടപ്പ് പറയുന്നത്. ഇത്തരം മോഡൽ വികസിപ്പിച്ചെടുക്കുന്നതിനായി ഇപ്ലെയിൻ കമ്പനി ഏകദേശം ഒരു മില്യൺ ഡോളർ സമാഹരിച്ചു കഴിഞ്ഞു. 2017-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് സംരംഭമാണിത്. ഇ- ടാക്സിക്ക് യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കാനാകും എന്നാണ് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്.

ഡിജിസിഎയുടെ അംഗീകാരം ലഭിച്ചാൽ 2024-2025 ഓടെ ഇ-ഫ്ലൈയിംഗ് ടാക്‌സികൾ ആരംഭിക്കുന്ന ആദ്യത്തെ ഏതാനും നഗരങ്ങളിൽ ബെംഗളൂരു ഉൾപ്പെടും. ഹെലിപാഡ് പോലുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമില്ലാത്തതിനാൽ അപ്പാർട്ട്‌മെന്റിന്റെ മേൽക്കൂരയിൽ നിന്നോ തുറന്ന ഗ്രൗണ്ടിൽ നിന്നോ ഇതിന് പറന്നുയരാനും ഇറങ്ങാനും കഴിയുമെന്നും കമ്പനി പറയുന്നുണ്ട്.