വില പ്രഖ്യാപിച്ച് സിട്രോൺ ec3 ; ഉലയാതെ ടിയാഗോ ഇവി

ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ മത്സരം കടുക്കുകയാണ്. C3 ഹാച്ച്ബാക്കിനൊപ്പം ഇന്ത്യയിൽ എൻട്രി ലെവൽ കാർ സെഗ്‌മെന്റിൽ അരങ്ങേറ്റം കുറിച്ച ഫ്രഞ്ച് കാർ നിർമാതാക്കളാണ് സിട്രോൺ. സിട്രോന്റെ ആദ്യ ഇലക്ട്രിക് ഓഫറിംഗ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. കൂടാതെ ബുക്കിംഗും ആരംഭിച്ചിരുന്നു. കാറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഏറെക്കുറെ പുറത്തുവിട്ട കമ്പനി എന്നാൽ വില പ്രഖ്യാപനം നടത്തിയിരുന്നില്ല. എന്നാലിപ്പോൾ ഇവിയുടെ വിലവിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സിട്രോൺ.സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന ഒരു ഇവി പുറത്തിറക്കി ഇതിലൊരു സ്ഥാനം കയ്യടക്കാനാണ് സിട്രോൺ പദ്ധതിയിടുന്നത്.

സിട്രോൺ eC3-യിൽ 11.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബേസ് വേരിയന്റായ ലൈവ് വാങ്ങാൻ സാധിക്കുക. 12.43 ലക്ഷം രൂപയാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനും വൈബ് പായ്ക്കും ഉള്ള ടോപ്പ്-സ്‌പെക്ക് ഫീൽ ട്രിമ്മിന്റെ വില. സിട്രോൺ C3-യുമായി താരതമ്യം ചെയ്യുമ്പോൾ eC3-യുടെ ബേസ് വേരിയന്റിന് 5.52 ലക്ഷം രൂപയാണ് മാറ്റം. ടോപ് സ്‌പെക്ക് വേരിയന്റിന് 5.23 ലക്ഷം രൂപയാണ് മാറ്റം വരുന്നത്. ഡിസൈനിന്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ ഇലക്ട്രിക് ഹാച്ച് ബാക്കും പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മോഡലും ഏറെക്കുറെ ഒരുപോലെയാണ്. ഇന്ത്യയിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവി ഹാച്ച്ബാക്കാണ് സിട്രോൺ eC3-യുടെ മുഖ്യ എതിരാളി എന്ന് പറയാം.

8.69 ലക്ഷം രൂപ മുതൽ ടിയാഗോയുടെ വില ആരംഭിക്കുന്നുണ്ട്. 19.2 kWh ബാറ്ററി പാക്കുമായി വരുന്ന വേരിയന്റുകൾക്കാണ് 8.69 ലക്ഷം രൂപ വില വരുന്നത്. 3.3 kW എസി ചാർജറുള്ള 24 kWh വേരിയന്റുകൾക്ക് 10.19 ലക്ഷം രൂപയും 7.2 kW എസി ചാർജറുള്ള 24 kWh ബാറ്ററി പാക്ക് വേരിയന്റുകൾക്ക് 11.49 ലക്ഷവുമാണ് വില. ടിയാഗോ ഇവി നാല് ട്രിം ലെവലുകളിൽ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഓപ്ഷൻ നൽകുന്നു. സിട്രോൺ eC3-ക്ക് രണ്ട് ട്രിമ്മുകളാണ് ഉള്ളത്. രണ്ട് ചാർജർ ഓപ്ഷനുകൾ കൂടാതെ രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ ഇവിക്ക് ലഭിക്കുന്നു. ടാറ്റ ടിയാഗോ ഇവി ഏഴ് വേരിയന്റുകളിൽ ഓഫർ ചെയ്യുന്നു. അതേസമയം, ഡ്യുവൽ ടോൺ, വൈബ് പാക്ക് എന്നിവ പോലുള്ള കോസ്മെറ്റിക് ചോയ്സുകളുള്ള ഒരു പവർട്രെയിനും രണ്ട് ട്രിം ലെവലുമാണ് സിട്രോൺ eC3 ഇവിക്ക് ലഭിക്കുന്നത്.

24 kWh ബാറ്ററിയും 7.2 kW ചാർജറുമുള്ള ടിയാഗോ ഇവിയുടെ ടോപ്പ്-സ്‌പെക്ക് ട്രിം XZ+ ടെക് LUX-ന് സിട്രോൺ eC3 യുടെ ബേസ് വേരിയന്റിനേക്കാൾ 49,000 രൂപ മാത്രമാണ് കൂടുതൽ. സ്പെസിഫിക്കേഷനുകളിൽ സിട്രൺ ആണ് ടാറ്റയേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നത്. അളവുകളിൽ സിട്രോൺ eC3 ടാറ്റ ടിയാഗോ ഇവിയേക്കാൾ 212 എംഎം നീളവും 56 എംഎം വീതിയും 50 എംഎം ഉയരവും കൂടുതലാണ്.  ടിയാഗോ ഇവിയുടെ ഏറ്റവും വലിയ ബാറ്ററി പായ്ക്ക് 24kWh ആണ്. ഇതിനേക്കാൾ 5.2 kWh കൂടുതൽ ബാറ്ററി ശേഷിയും 29 Nm ടോർക്കും സിട്രോൺ eC3 വാഗ്ദാനം ചെയ്യുന്നുണ്ട്. സിട്രോൺ ഇവിക്ക് ടിയാഗോ ഇവിയെക്കാൾ 140 എംഎം നീളമുള്ള വീൽബേസും 4 എംഎം കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും 75 ലിറ്റർ വലിയ ബൂട്ട് സ്‌പെയിസും ഉണ്ട്.

എന്നാൽ പവറിന്റെ കാര്യത്തിൽ ടിയാഗോ ഇവി ആണ് മുൻപന്തിയിൽ നിൽക്കുന്നത്. സിട്രോൺ eC3-യേക്കാൾ 18 bhp പവർ കൂടുതലാണ് ടിയാഗോ ഇവിക്ക്. പെർഫോമൻസിന്റെ കാര്യത്തിലും ടിയാഗോ ആണ് മുന്നിൽ നിൽക്കുന്നത്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലെത്താൻ ടിയാഗോക്ക് വെറും 5.7 സെക്കൻഡ് മാത്രം മതി. എന്നാൽ സിട്രോൺ eC3-ക്ക് ഇതേ വേഗത്തിലെത്താൻ 6.8 സെക്കൻഡ് വേണം. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാൻ ടിയാഗോ ഇവിക്ക് കഴിയും. അതേസമയം,സിട്രോൺ eC3 യുടെ പരമാവധി വേഗത മണിക്കൂറിൽ 107 കിലോമീറ്റർ ആണ്. റേഞ്ച് കണക്കുകൾ നോക്കിയാലും സിട്രോൺ eC3-ക്കാണ് നേരിയ മുൻതൂക്കം. ടാറ്റ ടിയാഗോ ഇവി 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ സിട്രോൺ eC3 ഫുൾചാർജിൽ 320 കിലോമീറ്റർ റേഞ്ച് ആണ് നൽകുന്നത്. കാറുകളുടെ ഇന്റീരിയർ താരതമ്യം ചെയ്യുമ്പോൾ ടാറ്റ ടിയാഗോ ഇവിയുടെ 7 ഇഞ്ച് ടച്ച് സ്‌ക്രീനിനേക്കാൾ വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ആണ് സിട്രോൺ ഇലക്ട്രിക് C3-യിൽ എടുത്തു പറയേണ്ടത്. ഇതിനോടൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സിസ്റ്റം എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.