Saturday, 12 September 2026
‘Honest storytelling is a powerful means of change
04:45:11 PM IST
Film News

അല്ലു അർജുൻ ഫാൻസിന്റെ ‘ഫാൻ പവർ’; 8 സംസ്ഥാനങ്ങളിൽ 3 ലക്ഷം പെൺകുട്ടികളിലേക്ക് ആരോഗ്യബോധവൽക്കരണം

SHARE

അല്ലു അർജുൻ ആരാധകർ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന HPV, ഗർഭാശയഗള അർബുദ പ്രതിരോധ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. എട്ട് സംസ്ഥാനങ്ങളിലെ 820 സ്കൂളുകളിലായി ഇതിനകം നടത്തിയ പരിപാടികളിലൂടെ ഏകദേശം മൂന്ന് ലക്ഷം വിദ്യാർത്ഥിനികളിലേക്ക് ആരോഗ്യസന്ദേശം എത്തിച്ചതായാണ് വിവരം. സിനിമാ ആഘോഷങ്ങൾക്കും പ്രചാരണങ്ങൾക്കും അപ്പുറം ആരാധക കൂട്ടായ്മയെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായാണ് പദ്ധതിയെ വിലയിരുത്തുന്നത്.

അല്ലു അർജുൻ ഫാൻസ് അസോസിയേഷന്റെ (AAFA) നേതൃത്വത്തിലാണ് വിവിധ സംസ്ഥാനങ്ങളിലായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് പരിപാടികൾ നടക്കുന്നത്. HPV വൈറസ് ബാധ, ഗർഭാശയഗള അർബുദ പ്രതിരോധ മാർഗങ്ങൾ, വാക്സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥിനികൾക്ക് കൃത്യമായ അവബോധം നൽകുകയാണ് ലക്ഷ്യം. അനാവശ്യ ഭീതികൾ ഒഴിവാക്കി ആരോഗ്യവിദഗ്ധരിൽ നിന്ന് കൃത്യമായ ഉപദേശവും ചികിത്സയും തേടാനും വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ബോധവൽക്കരിക്കുന്നുണ്ട്.

820 സ്കൂളുകൾ, മൂന്ന് ലക്ഷം വിദ്യാർത്ഥിനികൾ, എട്ട് സംസ്ഥാനങ്ങൾ എന്ന കണക്കുകളാണ് പദ്ധതിയുടെ വ്യാപ്തി വ്യക്തമാക്കുന്നത്. ആരാധക കൂട്ടായ്മയുടെ സംഘടനാ സംവിധാനവും ശൃംഖലയും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യബോധവൽക്കരണത്തിൽ ശ്രദ്ധേയമായ ഇടപെടലാണ് AAFA നടത്തുന്നത്. ഗർഭാശയഗള അർബുദ പ്രതിരോധവും HPV വാക്സിനേഷനും സംബന്ധിച്ച് കൂടുതൽ കുടുംബങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രവർത്തനം ആരാധനയെ സാമൂഹിക ഉത്തരവാദിത്തവുമായി ബന്ധിപ്പിക്കുന്ന മാതൃകാപരമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →