‘ഒറിജിനൽ രേഖയല്ല, അത്തരമൊരു രേഖ തയ്യാറാക്കിയിട്ടില്ല’; കലാലയ രാഷ്ട്രീയ കരട് രേഖയിൽ വിശദീകരണവുമായി കേരള സർവകലാശാല വിസി
കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന തരത്തിൽ പുറത്തുവന്ന കേരള സർവകലാശാലയുടെ കരട് രേഖയിൽ വിശദീകരണവുമായി വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ. പുറത്തുവന്നത് ഒറിജിനൽ രേഖയല്ലെന്നും അത്തരമൊരു രേഖ സർവകലാശാല തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുറത്തുവന്ന കരട് രേഖ കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമാണെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് രേഖ തയ്യാറാക്കിയതെന്നും വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ മാത്രം തീരുമാനമെടുത്താൽ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഇത്തരമൊരു നീക്കത്തിന് അനുകൂലമല്ലെന്നും കേരളത്തിലെ വിദ്യാർഥി രാഷ്ട്രീയം തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പസുകളിൽ രാഷ്ട്രീയ സമരങ്ങൾ, ധർണ, ഉപരോധം, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എന്നിവ അനുവദിക്കരുതെന്നും രാഷ്ട്രീയ പ്രചാരണങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും നടത്തരുതെന്നുമാണ് പുറത്തുവന്ന കരട് രേഖയിലെ നിർദേശങ്ങൾ.
രാഷ്ട്രീയ പശ്ചാത്തലമുള്ള പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന നിർദേശങ്ങൾ രേഖയിലുണ്ടായിരുന്നു. കരട് രേഖ പുറത്തുവന്നതോടെ ഇടത്-വലത് വിദ്യാർഥി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. സംഭവത്തിൽ രാഷ്ട്രീയ വിവാദവും ശക്തമായിരിക്കുകയാണ്. സർവകലാശാലയുടെ ഔദ്യോഗിക നിലപാട് സംബന്ധിച്ച കൂടുതൽ വ്യക്തതയാണ് ഇനി ഉണ്ടാകേണ്ടത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ
‘പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാൻ’; യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ്: പി. ജയരാജൻ