Sunday, 20 September 2026
‘Honest storytelling is a powerful means of change
02:12:42 PM IST
Celebrity Talk

‘ഇത്രയും വർഷം കെട്ടിപ്പടുത്ത കരിയറിനെ ബാധിക്കുമെന്ന പേടിയായിരുന്നു, ഉർവശിയുടെ വിശദീകരണം വേദനിപ്പിച്ചു’; അവതാരക ദക്ഷ രവീന്ദ്രനാഥ്

SHARE

‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലിഷ് സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നടി ഉർവശിയുടെ വിശദീകരണം തന്നെ വേദനിപ്പിച്ചെന്ന് അവതാരക ദക്ഷ രവീന്ദ്രനാഥ്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള വ്യാഖ്യാനങ്ങളും പ്രചരിക്കുന്നതിനാൽ തന്റെ കരിയറിനെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തുന്നതെന്നും ദക്ഷ പറഞ്ഞു.

പരിപാടിക്കിടെ സദസിലുണ്ടായിരുന്ന ഒരു അമ്മ മലയാളത്തിൽ സംസാരിക്കാൻ ആംഗ്യം കാണിച്ചതിനെ തുടർന്നാണ് താൻ ദക്ഷയോട് അങ്ങനെ പറഞ്ഞതെന്നായിരുന്നു ഉർവശിയുടെ ഒരു അഭിമുഖത്തിലെ വിശദീകരണം. എന്നാൽ ഇത്തരമൊരു പ്രതികരണം സദസിൽ നിന്ന് ഉണ്ടായതായി തനിക്ക് തോന്നിയിട്ടില്ലെന്നും പരിപാടിയുടെ പൂർണദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും അത്തരമൊരു രംഗം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ദക്ഷ പറഞ്ഞു. അങ്ങനെയൊരു ആവശ്യം ഉണ്ടായിരുന്നെങ്കിൽ തന്നെ അടുത്തേക്ക് വിളിച്ച് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടാൽ മതിയായിരുന്നുവെന്നും ദക്ഷ കൂട്ടിച്ചേർത്തു.

‘ആശ’ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്ന ചിത്രമാണെന്നും പരിപാടി നടന്ന ലുലു മാളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരും എത്താറുണ്ടെന്നും ദക്ഷ വിശദീകരിച്ചു. സംഘാടകർ തന്നോട് ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ച് പരിപാടി അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അതനുസരിച്ചാണ് താൻ പരിപാടി നയിച്ചതെന്നും അവർ പറഞ്ഞു.

അഞ്ച് വർഷമായി ആങ്കറിങ് രംഗത്ത് പ്രവർത്തിക്കുന്ന താൻ ആയിരത്തിലധികം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും വേദിയിൽ വ്യക്തിപരമായ വികാരങ്ങൾക്ക് പ്രാധാന്യം നൽകാതെ പരിപാടി വിജയകരമായി പൂർത്തിയാക്കുക എന്നതാണ് ഒരു അവതാരകയുടെ ഉത്തരവാദിത്തമെന്നുമാണ് ദക്ഷയുടെ നിലപാട്. അതുകൊണ്ടാണ് അന്ന് വേദിയിൽ വച്ച് പ്രതികരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.

അതേസമയം, മലയാളികൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് ഉർവശി പരിപാടിയിൽ വ്യക്തമാക്കിയത്. കേരളത്തിൽ മലയാളികൾക്കിടയിൽ നടക്കുന്ന പരിപാടിയിൽ ഇംഗ്ലിഷിൽ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഉർവശിയുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും വിമർശനങ്ങളും ഉയർന്നിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →