Sunday, 20 September 2026
‘Honest storytelling is a powerful means of change
05:30:22 AM IST
Film News

‘അതൊന്നും വേണ്ട’; യുവാവിന്റെ സ്വകാര്യത കാത്ത് ആസിഫ് അലി, സോഷ്യൽ മീഡിയയിൽ കയ്യടി

SHARE

വേദിയിൽ നടന്ന ഒരു ചെറിയ ഇടപെടൽ കൊണ്ട് വലിയൊരു സന്ദേശം നൽകുകയാണ് നടൻ ആസിഫ് അലി. സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് അവതാരക ചോദിച്ച ചോദ്യത്തിനിടയിൽ ഇടപെട്ട് അദ്ദേഹത്തിന്റെ സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിച്ച ആസിഫിന്റെ നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പ്രമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച നിഹാൽ എന്ന യുവാവിന് സമ്മാനം നൽകാനാണ് ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിച്ചത്. വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ നിഹാൽ സമ്മാനം ഏറ്റുവാങ്ങാനായി വേദിയിലെത്തുകയും ചെയ്തു.

സമ്മാനം കൈമാറുന്നതിനിടെ അവതാരക മീര അനിൽ യുവാവിനോട് നിലവിൽ ഉപയോഗിക്കുന്ന ഫോൺ കാണിക്കാമോ എന്ന് ചോദിച്ചു. ചോദ്യം കേട്ട ഉടൻ തന്നെ ആസിഫ് അലി ഇടപെടുകയായിരുന്നു. ‘അതൊന്നും വേണ്ട’ എന്ന അർഥത്തിൽ കൈകൊണ്ട് സൂചന നൽകിയ താരം കൂടുതൽ വിശദീകരണങ്ങളിലേക്ക് പോകാതെ യുവാവിന് സമ്മാനം കൈമാറി. നിഹാലിനെ ഒരു തരത്തിലും അസ്വസ്ഥനാക്കാതെ സാഹചര്യം കൈകാര്യം ചെയ്ത ആസിഫിന്റെ ഇടപെടലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആസിഫ് അലിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരാളുടെ സാമ്പത്തിക സാഹചര്യങ്ങളെയോ ഉപയോഗിക്കുന്ന ഫോണിനെയോ പൊതുവേദിയിൽ ചർച്ചയാക്കാതെ സ്വകാര്യത മാനിച്ച ആസിഫിന്റെ സമീപനം മാതൃകാപരമാണെന്നാണ് കമന്റുകൾ. ‘യഥാർഥ മനുഷ്യസ്നേഹി’, ‘തങ്കമാന പയ്യൻ’ തുടങ്ങിയ വിശേഷണങ്ങളോടെയാണ് ആരാധകർ താരത്തെ അഭിനന്ദിക്കുന്നത്. ചെറിയൊരു ഇടപെടലിലൂടെ മറ്റൊരാളുടെ ആത്മാഭിമാനം കാത്ത ആസിഫിന്റെ സമീപനമാണ് വീഡിയോയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →