ഏഷ്യാനെറ്റ് കടപുഴകുന്നു, മനോരമയ്ക്കും മാതൃഭൂമിക്കും ഭീഷണി; മാധ്യമ സിൻഡിക്കേറ്റുകൾ റിപ്പോർട്ടറിനെതിരെ തിരിയുന്നത് എന്തുകൊണ്ട്?
മലയാള വാർത്താ മാധ്യമ രംഗത്തെ കുത്തകകൾ തകർന്നടിയുകയാണ്. കാലങ്ങളായി ഒന്നാം സ്ഥാനത്ത് ഞെളിഞ്ഞിരുന്ന ഏഷ്യാനെറ്റ് ന്യൂസ് സാമ്പത്തികമായി കൂപ്പുകുത്തുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുത്തശ്ശി മാധ്യമങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് റിപ്പോർട്ടർ ടിവി നടത്തിയ ചരിത്ര മുന്നേറ്റമാണ് ഈ അട്ടിമറികൾക്ക് കാരണം. ഏഷ്യാനെറ്റിന്റെ വ്യൂവർഷിപ്പിലേക്ക് അതിവേഗം ഇടിച്ചുകയറി ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്താൻ റിപ്പോർട്ടറിന് കഴിഞ്ഞതോടെ പരമ്പരാഗത മാധ്യമ സിൻഡിക്കേറ്റുകൾക്ക് സമനില തെറ്റിയിരിക്കുകയാണ്. പ്രേക്ഷകരുടെ എണ്ണത്തിലും പരസ്യ വരുമാനത്തിലും ഉണ്ടായ ഈ വൻ തകർച്ചയെ തുടർന്ന് രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ അക്യൂട്ട് (Acuite), ഇന്ത്യ റേറ്റിംഗ്സ് (India Ratings) എന്നിവർ ഏഷ്യാനെറ്റിന്റെ റേറ്റിംഗ് ‘സ്റ്റേബിൾ’ എന്നതിൽ നിന്നും ‘നെഗറ്റീവിലേക്ക്’ താഴ്ത്തിക്കഴിഞ്ഞു.
റേറ്റിംഗ് യുദ്ധത്തിൽ പിടിച്ചുനിൽക്കാനാവാതെ കിതയ്ക്കുകയാണ് മറ്റ് ചാനലുകളും. മുൻനിരയിലുണ്ടായിരുന്ന 24 ന്യൂസിൽ നിന്നുള്ള പ്രേക്ഷകരുടെ കൊഴിഞ്ഞുപോക്ക് പൂർണ്ണമായും മുതൽകൂട്ടാക്കിയത് റിപ്പോർട്ടർ ടിവിയാണ്. അതിലും വലിയ പ്രഹരമാണ് മാതൃഭൂമിക്കും മനോരമയ്ക്കും ഏറ്റിരിക്കുന്നത്. മാതൃഭൂമി എം.ഡി ശ്രേയാംസ് കുമാർ വയനാട്ടിൽ നടത്തിയ വനം കയ്യേറ്റവും മരംമുറിയും നിർഭയം തുറന്നുകാട്ടിയത് റിപ്പോർട്ടർ ചാനലാണ്. കാലങ്ങളായി മലയാളിയുടെ പൊതുബോധത്തെ നിയന്ത്രിച്ചിരുന്ന മനോരമയുടെ അജണ്ടകൾക്ക് കൃത്യമായൊരു ബദൽ സൃഷ്ടിക്കാനും റിപ്പോർട്ടറിന് കഴിഞ്ഞു. ഈ കഴിഞ്ഞ ഓണം സീസണിൽ മറ്റ് ചാനലുകളേക്കാൾ ഇരട്ടിയിലധികം വാണിജ്യ നേട്ടം റിപ്പോർട്ടർ സ്വന്തമാക്കിയതോടെ മാധ്യമ സിൻഡിക്കേറ്റുകളുടെ അസഹിഷ്ണുത അതിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്.
റിപ്പോർട്ടർ ടിവിക്കെതിരെ ഇപ്പോൾ നടക്കുന്ന കൂട്ട ആക്രമണങ്ങളുടെയും വേട്ടയാടലുകളുടെയും യഥാർത്ഥ കാരണം ഈ കൊതിക്കെറുവാണ്. റിപ്പോർട്ടർ ടിവിയുടെ ന്യൂസ് ഡെസ്കിൽ നടന്ന പോലീസ് പരിശോധനയെ മറ്റ് മാധ്യമങ്ങൾ ആഘോഷമാക്കുന്നതിന്റെ പിന്നിലെ ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തമാണ്. മുൻപ് മീഡിയ വൺ ചാനൽ സംപ്രേഷണ വിലക്ക് നേരിട്ട സമയത്ത് അവർക്ക് അനുകൂലമായി ശബ്ദമുയർത്താനും മാധ്യമങ്ങളെ ഏകോപിപ്പിക്കാനും മുൻകൈ എടുത്തത് ഇതേ റിപ്പോർട്ടർ ടിവിയായിരുന്നു. എന്നാൽ ഇന്ന്, ഒരു ന്യൂസ് ഡെസ്കിലെ സാധാരണ മാധ്യമപ്രവർത്തകരെപ്പോലും ബന്ദികളാക്കുന്ന പോലീസ് അധികാര പ്രയോഗത്തെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാതെ, വ്യക്തികേന്ദ്രീകൃതമായ ആരോപണങ്ങളിലേക്ക് കത്തിക്കയറാനാണ് മീഡിയ വൺ അടക്കമുള്ളവർ ശ്രമിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കടന്നുകയറ്റത്തെ കണ്ടില്ലെന്ന് നടിച്ച്, റേറ്റിംഗ് തകർച്ചയുടെയും വരുമാന നഷ്ടത്തിന്റെയും പക തീർക്കാൻ ഒറ്റക്കെട്ടായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മലയാളത്തിലെ മാധ്യമ സിൻഡിക്കേറ്റുകൾ.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ
ആനകൾ ഇനി എവിടേക്ക് പോകാൻ?