Saturday, 19 September 2026
‘Honest storytelling is a powerful means of change
02:42:07 PM IST
Celebrity Talk

‘ഹീമോഗ്ലോബിൻ കൗണ്ട് വല്ലാതെ താഴ്ന്നു, രക്തം സ്വീകരിക്കാതെ നിർവാഹമില്ല’; അനീമിയ വീണ്ടും വില്ലനായെന്ന് രേണു സുധി

SHARE

സ്തനാർബുദ ചികിത്സ തുടരുന്നതിനിടെ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ താരം രേണു സുധി. കുട്ടിക്കാലം മുതലേ അനീമിയയുടെ പ്രശ്നമുണ്ടെന്നും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പലപ്പോഴും വളരെ താഴാറുണ്ടെന്നും രേണു പറയുന്നു. കീമോതെറാപ്പിക്ക് മുന്നോടിയായി നടത്തുന്ന രക്തപരിശോധനകളിലാണ് ഹീമോഗ്ലോബിൻ കുറവാണെന്ന് പലപ്പോഴും കണ്ടെത്തുന്നത്.

ഹീമോഗ്ലോബിൻ നില വളരെ താഴുന്ന സാഹചര്യങ്ങളിൽ കീമോതെറാപ്പിക്കൊപ്പം രക്തം സ്വീകരിക്കേണ്ടിവരാറുണ്ടെന്നും രേണു വ്യക്തമാക്കി. കീമോയ്ക്ക് പിന്നാലെ കടുത്ത ശാരീരിക അസ്വസ്ഥതകൾ നേരിടേണ്ടിവരുന്നുണ്ടെന്നും ചികിത്സയുടെ ഭാഗമായി നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പങ്കുവച്ചു. എങ്കിലും പ്രാർത്ഥനകളുടെ കരുത്തിൽ ചികിത്സ പൂർത്തിയാക്കി ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രേണു.

രേണുവിന്റെ ക്യാൻസർ ചികിത്സ ജൂണിലാണ് ആരംഭിച്ചത്. സ്തനാർബുദം മൂന്നാം ഘട്ടത്തിലാണെന്ന് നേരത്തെ രേണു തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ കീമോയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി കുറച്ച് ഗുരുതരമാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു.

രണ്ടാമത്തെ കീമോതെറാപ്പിക്ക് പിന്നാലെ കടുത്ത ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം അഞ്ച് ദിവസത്തോളം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞതായും രേണു പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇനിയും കീമോതെറാപ്പി പൂർത്തിയാക്കാനുണ്ടെന്നും അതിന് ശേഷം ശസ്ത്രക്രിയയും നടത്തേണ്ടതുണ്ടെന്നും അവർ അറിയിച്ചിരുന്നു. ചികിത്സയ്ക്കിടെ മുടി പൂർണമായും നീക്കം ചെയ്ത രേണു, പിന്നീട് ഓണം ഫോട്ടോഷൂട്ടിലും ആത്മവിശ്വാസത്തോടെ പങ്കെടുത്തിരുന്നു.

ചികിത്സയ്ക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരോഗ്യവിവരങ്ങൾ രേണു പങ്കുവയ്ക്കുന്നുണ്ട്. ചികിത്സാ ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്നും രേണുവും സഹോദരിയും നേരത്തെ പ്രതികരിച്ചിരുന്നു. ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം പ്രധാന ആശ്രയമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →