‘അപരാജിതയെ പാർട്ടി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരള ഘടകത്തിൽ അതൃപ്തി’; തീരുമാനത്തിനെതിരെ കേരള ഘടകത്തിലെ വനിതാ നേതാക്കൾ
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ മകൾ അപരാജിത രാജയെ പാർട്ടി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരള ഘടകത്തിൽ അതൃപ്തി. ജനറൽ സെക്രട്ടറിയും ഭാര്യയും ചേർന്ന് മകളെ ദേശീയ കൗൺസിലിൽ അംഗമാക്കിയെന്ന വിമർശനമാണ് ഉയർന്നത്.
വനിതാ നേതാക്കളാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ആർ. ലതാദേവി, പി. വസന്തം, ജയ് ചിഞ്ചു റാണി തുടങ്ങിയവർ എതിർപ്പ് അറിയിച്ചു. അപരാജിതയെ നേരിട്ട് ദേശീയ കൗൺസിലിലേക്ക് ഉൾപ്പെടുത്തിയ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് വനിതാ നേതാക്കളുടെ നിലപാട്. വിഷയം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലും ചർച്ചയായി.
ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് അപരാജിത രാജയെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുയർന്നത്. വിദ്യാർഥി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന അപരാജിതയെ നേരിട്ട് ദേശീയ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുന്നത് ഏത് പ്രവർത്തന പാരമ്പര്യം പരിഗണിച്ചാണെന്ന ചോദ്യവും നേതാക്കൾ ഉന്നയിച്ചു.
തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കേരള ഘടകത്തിലെ വനിതാ നേതാക്കൾ സ്വീകരിച്ചത്. തീരുമാനത്തിനെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ കൗൺസിൽ യോഗത്തിൽ അറിയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
‘900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി