Thursday, 17 September 2026
‘Honest storytelling is a powerful means of change
03:57:20 PM IST
Cricket

വൈഭവ് ഇന്ന് ഇറങ്ങും, പുറത്തിരിക്കുക ആര്?; സഞ്ജുവോ അഭിഷേകോ!; ഗംഭീറിന്റെ തീരുമാനം എന്താകും

SHARE

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവ് ഇന്ന് കളിച്ചേക്കുമെന്ന കാര്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ പ്രതികരണത്തില്‍ വ്യക്തമാണ്. ഇതോടെ, സഞ്ജു സാംസണിനോ അഭിഷേക് ശര്‍മയ്‌ക്കോ ഓപ്പണര്‍ സ്ഥാനം വിട്ടു നല്‍കി പുറത്തിരിക്കേണ്ടിവരും. ഇനി ഇഷാന്‍ കിഷന് വിശ്രമം നല്‍കാനാണ് കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിക്കുന്നതെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് സഞ്ജുവിനെ മാറ്റാനും സാധ്യതയുണ്ട്.

പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ മൂന്നാം ട്വന്റി20ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ കാത്തിരിക്കുന്ന വൈഭവ് ഇന്നു കളിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. വൈഭവ് സൂര്യവംശി വന്നാൽ ഓപ്പണർമാരിൽ ഒരാൾ പുറത്ത് പോകേണ്ടി വരും. അഭിഷേകും സഞ്ജുവും രണ്ട് മൽസരങ്ങളിൽ ഓരോ അർധസെഞ്ച്വറിയുമായി ഫോമിലെത്തി കഴിഞ്ഞു. ആദ്യ കളിയിൽ സഞ്ജു നിറംമങ്ങിയെങ്കിലും രണ്ട് കളിയിലും വെടിക്കെട്ട് പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. അതിനാൽ വൈഭവിനു വേണ്ടി പുറത്തുപോകുക ആരാകും എന്ന കാര്യത്തിൽ ടീം കോച്ച് തീരുമാനമെടുത്തിട്ടില്ല.

ഇഷാൻ കിഷന് വിശ്രമം നൽകി, സഞ്ജുവിനെ മിഡിൽ ഓർഡറിലേക്കും വൈഭവിനെ ഓപ്പണറായും പരീക്ഷിക്കാൻ ആലോചനയുണ്ട്. ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയാൽ, യഷ് ഠാക്കൂർ ടീമിലെത്തിയേക്കും.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. നാണക്കേട് ഒഴിവാക്കാൻ ഒരു ജയമെന്നത് മാത്രമാകും അഫ്​ഗാനിസ്ഥാന്റെ ലക്ഷ്യം. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →