ഓപ്പറേഷൻ സോഹൻ : സൈന്യത്തിന്റെ സംയുക്ത ദൗത്യത്തിൽ ഉധംപൂരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാസേനയുടെ ഓപ്പറേഷൻ സോഹൻ സംയുക്ത ദൗത്യത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഉധംപുരിലെ ബ്രട്ടാൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ബുധനാഴ്ച രാത്രി വൈകിയാണ് ഓപ്പറേഷൻ സോഹൻ എന്ന് പേരിട്ട സംയുക്ത ദൗത്യം നടന്നത്.
സൈന്യത്തിനൊപ്പം ജമ്മു കാശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരും രാത്രികാല ദൗത്യത്തിന്റെ ഭാഗമായിരുന്നു. പ്രദേശത്ത് സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാസേന മേഖല വളയുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യാന്വേഷണ അധിഷ്ഠിത ഓപ്പറേഷനിൽ ഉധംപൂരിലെ ബ്രാറ്റൽ മേഖലയിൽ നിന്നാണ് ഭീകരരെ സൈന്യം വധിച്ചത്.
ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ ഭൂപ്രകൃതിയും കാഴ്ചാപരിധി കുറവായ സാഹചര്യവും നിലനിന്നിരുന്നിട്ടും, #WhiteKnightCorps, ജമ്മു കശ്മീർ പോലീസ്, സി.ആർ.പി.എഫ് (CRPF) എന്നിവർ ചേർന്ന് നടത്തിയ കൃത്യമായ ആസൂത്രണത്തോടെയുള്ള ഭീകരവിരുദ്ധ നീക്കത്തിനൊടുവിൽ രണ്ട് ഭീകരരെ വധിച്ചുവെന്നാണ് സൈന്യം അറിയിച്ചത്.
രാത്രിയിൽ വെടിവെപ്പ് നിലച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ ഭീകരർ വീണ്ടും വെടിയുതിർത്തതിനെ തുടർന്നാണ് സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതും രണ്ട് ഭീകരർ കൊല്ലപ്പെട്ടതും. ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്‌സ് സ്ഥിരീകരിച്ചു. കനത്ത മഴയും ദുഷ്‌കരമായ ഭൂപ്രകൃതിയും മോശം ദൃശ്യതയും നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു ഓപ്പറേഷൻ.
ഈ മേഖലയിൽ തിരച്ചിലും നിരീക്ഷണവും തുടരുന്നതിനാൽ ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെ കണ്ടെത്തി നേരിടുന്നതിനായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സുരക്ഷാസേന അറിയിച്ചു. ഇവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പാകിസ്താൻ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ് ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്നാണ് റിപ്പോർട്ട്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
‘കാർ റേസ് കാണാനല്ല, 15,300 കോടിയുടെ നിക്ഷേപത്തിനെന്ന് സർക്കാർ’; ലണ്ടൻ സന്ദർശനം കഴിഞ്ഞ് വിജയ് ചെന്നൈയിൽ
പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് എംഎ ബേബി; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം