‘ശുദ്ധിയും നിയന്ത്രണവും’ എന്ന പേരിൽ പെൺകുട്ടികളുടെ ശരീരത്തിൽ മുറിവേൽപ്പിക്കൽ; ഇന്തോനേഷ്യയിൽ പകുതിയിലേറെ സ്ത്രീകൾ FGM-ന് വിധേയരെന്ന് യുനിസെഫ്
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജനനേന്ദ്രിയം ഭാഗികമായോ പൂർണമായോ മുറിച്ചുമാറ്റുകയോ മറ്റ് രീതിയിൽ പരിക്കേൽപ്പിക്കുകയോ ചെയ്യുന്ന Female Genital Mutilation (FGM) വ്യാപകമായി തുടരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യയെന്ന് യുണിസെഫിന്റെ ഏറ്റവും പുതിയ കണക്കുകൾ. രാജ്യത്ത് 15 മുതൽ 49 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും 51 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള FGM-ന് വിധേയരായിട്ടുണ്ടെന്നാണ് കണക്ക്. 0 മുതൽ 14 വയസുവരെയുള്ള പെൺകുട്ടികളിൽ 55 ശതമാനം പേർക്ക് ഈ അനുഭവമുണ്ടെന്നും യുണിസെഫ് വ്യക്തമാക്കുന്നു. ദേശീയതലത്തിൽ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ FGM വ്യാപനത്തിൽ ഡാറ്റ ലഭ്യമായ 31 രാജ്യങ്ങളിൽ ഇന്തോനേഷ്യ 14-ാം സ്ഥാനത്താണ്.
ഇന്തോനേഷ്യയിൽ FGM സാധാരണയായി ‘സുനത് പെരമ്പുവാൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ ആരോഗ്യപ്രവർത്തകരും പരമ്പരാഗത ചികിത്സകരുമാണ് ഈ നടപടികൾ നടത്തുന്നത്. UNICEF-ന്റെ 2024-ലെ രാജ്യതല അവലോകനമനുസരിച്ച്, റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 58.6 ശതമാനവും ശരീരത്തിൽ കാര്യമായ മുറിവുണ്ടാക്കാത്ത ‘പ്രതീകാത്മക’ രീതികളാണ്. അതേസമയം, ജനനേന്ദ്രിയത്തിൽ സൂചികുത്തൽ, ചുരണ്ടൽ, മുറിക്കൽ തുടങ്ങിയ രീതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്തോനേഷ്യയിലെ രീതികൾ ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ കാണുന്ന ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങൾ പൂർണമായോ വ്യാപകമായോ മുറിച്ചുമാറ്റുന്ന രീതികളിൽ നിന്ന് വ്യത്യസ്തമാണ്. എങ്കിലും ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുന്നതോ മറ്റ് തരത്തിൽ പരിക്കേൽപ്പിക്കുന്നതോ ആയ എല്ലാ നടപടികളും FGM-ന്റെ പരിധിയിൽ വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. FGM-ന് ആരോഗ്യപരമായ യാതൊരു ഗുണവുമില്ലെന്നും ശക്തമായ വേദന, അമിത രക്തസ്രാവം, അണുബാധ, മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ അടിയന്തര ആരോഗ്യപ്രശ്നങ്ങൾക്കും പിന്നീട് മാസിക സംബന്ധമായ ബുദ്ധിമുട്ടുകൾ, ലൈംഗികാരോഗ്യ പ്രശ്നങ്ങൾ, പ്രസവസംബന്ധമായ സങ്കീർണതകൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകാമെന്നും WHO ചൂണ്ടിക്കാട്ടുന്നു.
ലോകത്താകെ 23 കോടിയിലധികം പെൺകുട്ടികളും സ്ത്രീകളും FGM-ന് വിധേയരായിട്ടുണ്ടെന്നാണ് UNICEF-ന്റെ ഏറ്റവും പുതിയ കണക്ക്. പലരിലും 15 വയസിന് മുമ്പുതന്നെയാണ് ഈ നടപടികൾ നടത്തുന്നത്. സാമൂഹികവും സാംസ്കാരികവുമായ വിശ്വാസങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട ധാരണകൾ, സ്ത്രീകളുടെ ലൈംഗികത നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവയാണ് പല സമൂഹങ്ങളിലും ഈ ആചാരം തുടരാനുള്ള കാരണങ്ങളെന്ന് UNICEF പറയുന്നു. മനുഷ്യാവകാശ ലംഘനമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട FGM അവസാനിപ്പിക്കുന്നതിനായി ഇന്തോനേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ UNICEF-ഉം UNFPA-യും പ്രവർത്തിച്ചുവരികയാണ്. ഇന്തോനേഷ്യയിൽ 2024-ലെ സർക്കാർ ചട്ടങ്ങളും 2025-ലെ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളും FGM-നെ മനുഷ്യാവകാശ ലംഘനമായി അംഗീകരിക്കുകയും ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
‘രാഷ്ട്രപതിയുടെ എഡിസിമാര്‍ വിവാഹം കഴിക്കാന്‍ പാടില്ല, രാഷ്ട്രപതിക്കൊപ്പം ജീവിച്ചത് അമ്മയ്ക്കൊപ്പമുള്ളതിനേക്കാൾ കൂടുതൽ’; ഋഷഭ് സിങ് സംബ്യാൽ
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി