‘കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല’; ലൈംഗിക ചൂഷണ ഉള്ളടക്കം റിപ്പോർട്ട് ചെയ്യാമെന്ന് കേന്ദ്രത്തിന് ഉറപ്പ് നൽകി മെറ്റ
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിർദേശങ്ങൾക്ക് വഴങ്ങി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ കണ്ടെത്തുന്ന കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം നിയമനിർവഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാമെന്ന് മെറ്റ കേന്ദ്രസർക്കാരിനെ അറിയിച്ചതായാണ് വിവരം. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കേന്ദ്രം.
കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തുകയും തടയുകയും നിയമനിർവഹണ ഏജൻസികൾക്ക് കൈമാറുകയും ചെയ്യുന്നതിൽ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2026-ൽ ഭേദഗതി ചെയ്ത ഐ.ടി. ചട്ടങ്ങൾ പ്രകാരം കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം, നോൺ-കൺസെൻഷ്വൽ ഇന്റിമേറ്റ് ഇമേജറി, ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ സിന്തറ്റിക് ഉള്ളടക്കങ്ങൾ എന്നിവ തടയാൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ശക്തമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണം. സർക്കാർ അല്ലെങ്കിൽ കോടതി നിർദേശം ലഭിച്ചാൽ നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള സമയപരിധി മൂന്ന് മണിക്കൂറായി കുറച്ചിട്ടുമുണ്ട്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി മെറ്റയുമായി മാത്രമല്ല, എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുമായും കേന്ദ്രസർക്കാർ ചർച്ചകൾ തുടരുകയാണ്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം കണ്ടെത്തി കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെയും നടപടി ശക്തമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. പോക്‌സോ നിയമം, ഐ.ടി. നിയമം, ഐ.ടി. ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടികൾ.
‘വന്ദേമാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോദി’; അമിത് ഷാ
‘വിജയ് യുകെയിൽ പോയത് സുഹൃത്തിന്റെ കാർ റേസിംഗ് കാണാൻ’ വിമർശനവുമായി ഡിഎംകെ; സുഹൃത്തിനെ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കൾ