വിദ്യാ കിരണം പദ്ധതി; ആസ്റ്റര്‍ ആദ്യഘട്ട സഹായം ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും, അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ്, ടാബ്ലെറ്റ് പോലുള്ള ഇലക്ട്രോണിക്‌സ് പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്താനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതിക്ക് വേണ്ടിയുള്ള കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ആദ്യഘട്ട സഹായം ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. 50 ലക്ഷം രൂപയുടെ ധനസഹായമാണ് ഡോ. ആസാദ് മൂപ്പന്‍ കൈമാറിയത്.

പൊതുവിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും, അതിന്റെ സാധ്യമായ എല്ലാ മേഖലകളെയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഇതിനായി സര്‍ക്കാരുകള്‍ നടത്തുന്ന സംവിധാനങ്ങള്‍ക്ക് പൊതു പിന്തുണ അനിവാര്യമാണെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മാതൃകാപരവും അനുകരണീയവുമായ പദ്ധതിയാണ് വിദ്യാകിരണമെന്നും പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനും ഒപ്പമുണ്ടായിരുന്നു.