'മരണ'ത്തിലേക്ക് വരെ നയിച്ചേക്കാവുന്ന തുമ്മൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

പൊതുസ്ഥലത്ത് തുമ്മുന്നത് ഒരു കാലത്ത് മര്യാദകേടായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ചെറിയ ഒരു തുമ്മൽ പോലും ആളുകളെ മുഖം തിരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരി വന്നതോടെ പൊതുസ്ഥലത്ത് തുമ്മുന്നതും ചുമയ്ക്കുന്നതും ഒരു പ്രധാന പ്രശ്നമായി മാറി. കൊറോണ പടരുമെന്ന ഭയത്താൽ ഒരാൾക്ക് മുഖം മൂടി ധരിച്ച് പോലും തുമ്മാൻ കഴിഞ്ഞിരുന്നില്ല.

തുമ്മാൻ വരുമ്പോൾ ഒരാൾ അത് പിടിച്ചു വയ്ക്കണോ എന്നതാണ് സംശയം. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് ഉത്തരം ! കാരണം, മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ബാക്ടീരിയ, പോളൻ, പൊടി തുടങ്ങിയവ നീക്കം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ വളരെ നാച്വറൽ ആയതും ആവശ്യമുള്ളതുമായ പ്രതികരണങ്ങളാണ്
തുമ്മൽ.

അമേരിക്കൻ ലംഗ് അസോസിയേഷന്റെ അഭിപ്രായത്തിൽ, മണിക്കൂറിൽ 100 ​​മൈൽ വേഗതയിൽ പതിനായിരക്കണക്കിന് തുള്ളികൾ മൂക്കിൽ നിന്ന് പുറത്തു വിടുന്നുണ്ടെന്നാണ് പറയുന്നത്. തുമ്മൽ പിടിച്ചു വച്ചത് കാരണം ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും മരണത്തെ കുറിച്ചുമെല്ലാം വാർത്തകളിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ തുമ്മൽ പിടിച്ചുവയ്ക്കുന്നത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്ന് നോക്കാം…

ചെവിയിൽ അണുബാധ: ബാക്ടീരിയ ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ മൂക്കിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് തുമ്മൽ. നാസികാദ്വാരങ്ങളിൽ നിന്നും ചെവികളിലേക്ക് വായു തിരിച്ചുവിടുന്നത് നിങ്ങളുടെ ചെവിയിലേക്ക് അണുക്കളെയോ മ്യൂക്കസിനെയോ അയച്ചേക്കാം. ഇത് അണുബാധയ്ക്ക് കാരണമാകും. ചില സമയങ്ങളിൽ ചെവിയിലെ അണുബാധകൾ തനിയെ പോകുമെങ്കിലും ചിലത് സുഖപ്പെടുത്താൻ ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടിവരും.

സ്വാഭാവിക പ്രതിരോധ സംവിധാനം: മൂക്കിൽ നിന്ന് ചില സമയങ്ങളിൽ അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യാനുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനമാണ് തുമ്മൽ. തുമ്മൽ പിടിച്ചു വയ്ക്കാൻ ശ്രമിക്കുന്നത് നമ്മുടെ മൂക്കിൽ അസ്വസ്ഥതയോ അണുബാധയോ ഉണ്ടാക്കും. അതിനാൽ, തുമ്മൽ പുറത്തേക്ക് വിടുകയും നിങ്ങളുടെ മൂക്കിന് ആശ്വാസം നൽകുകയും ചെയ്യുന്നത് നല്ലതാണ്.

സമ്മർദം വർധിക്കുന്നു: തുമ്മൽ പിടിച്ചു വയ്ക്കുന്നത് നിങ്ങളുടെ നാസികാദ്വാരങ്ങളിലും ചെവികളിലും കണ്ണുകളിലും പോലും സമ്മർദ്ദം വർദ്ധിപ്പിക്കും. പെട്ടെന്നുള്ള മർദ്ദം മാറ്റ് തരത്തിലുള്ള അസ്വസ്ഥതകളോ കേടുപാടുകളോ ഉണ്ടാക്കും. ഉദാഹരണത്തിന് ഇവ ചെവിയിൽ പൊട്ടൽ ഉണ്ടാക്കുകയോ കണ്ണിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയോ ചെയ്തേക്കാം. ഈയിടെ യുകെയിൽ നിന്നുള്ള ഒരാൾ തുമ്മൽ പിടിച്ച് വച്ചതോടെ തൊണ്ടയുടെ പിൻഭാഗം പൊട്ടിയത് ഒരു പ്രശ്നത്തിന്റെ തീവ്രത നമുക്ക് കാണിച്ചു തരുന്നു.

കർണപടലം പൊട്ടാനുള്ള സാധ്യത: തുമ്മൽ പിടിച്ചു വയ്ക്കാൻ ശ്രമിക്കുമ്പോൾ കർണപടലം പൊട്ടുന്നത് അപൂർവമാണെങ്കിലും ഇതും പേടിക്കേണ്ട ഒരു അവസ്ഥയാണ്.

വാരിയെല്ല് പൊട്ടാനുള്ള സാധ്യത: മൂക്കും വായയും അടച്ച് തുമ്മൽ പിടിച്ചു വയ്ക്കാൻ ശ്രമിക്കുമ്പോൾ ഉയർന്ന മർദ്ദത്തിലുള്ള വായുവിന് പോകാൻ ശരിയായ ഒരു വഴിയുണ്ടാകില്ല. ഇതോടെ വായു ശക്തിയോടെ ശ്വസനവ്യവസ്ഥയിലേക്ക് പോകാൻ നിർബന്ധിതമാകുന്നു. ഇതോടെ മർദ്ദം ശ്വാസകോശങ്ങളും രക്തക്കുഴലുകളും ഉൾപ്പെടെ നെഞ്ചിനുള്ളിലെ നേർമയായ ഘടനകളെ ദോഷകരമായി ബാധിക്കുകയും ശരീരത്തിലെ വാരിയെല്ലിൽ ഒടിവുകളോ അല്ലെങ്കിൽ മറ്റ് സങ്കീർണതകൾക്കോ കാരണമാകുന്നു.

എല്ലാവർക്കും ഇത് സംഭവിക്കാൻ സാധ്യതയില്ലെങ്കിലും, സമാനമായ കേസുകൾ മുൻപ് ഉണ്ടായിട്ടുണ്ട്.ഇക്കാരണങ്ങൾ കൊണ്ട് തന്നെ തുമ്മൽ ഒരിക്കലും പിടിച്ചു വയ്ക്കാൻ പാടില്ല എന്നാണ് വിദഗ്ദർ പറയുന്നത്.