‘ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ എന്തിനാണ് നമ്മളത് അഹങ്കാരമായി കാണുന്നത്, ഞാനും ഇത് നേരിട്ട ആളാണ്’; ഉർവശിയെ വിമർശിച്ച് സുപ്രിയ മേനോൻ
നടി ഉർവശി ‘ആശ’ സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽ ആങ്കറെ വിമർശിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മലയാളികൾ പങ്കെടുക്കുന്ന വേദിയിൽ ആങ്കർ ഇംഗ്ലീഷിൽ സംസാരിച്ചതിനെതിരെയായിരുന്നു ഉർവശിയുടെ പരസ്യ വിമർശനം. “ഇവിടെ ഇരിക്കുന്നവരെല്ലാം മലയാളികളാണ്. മലയാളികളെല്ലാം ഇരിക്കുമ്പോൾ ഇംഗ്ലീഷിൽ എന്തിനാണ് സംസാരിക്കുന്നത്” എന്നായിരുന്നു ഉർവശിയുടെ ചോദ്യം. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽനിന്ന് വന്നതിനാൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് അവളോടായിരിക്കുമെന്ന് കരുതിയെന്നും ഉർവശി പറഞ്ഞു.
ആങ്കറുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാതിരുന്നതിലും ഉർവശി പരിഭവം പ്രകടിപ്പിച്ചു. “എന്നെയാണ് അറ്റാക്ക് ചെയ്യുന്നത്, നിങ്ങളെന്താ റിയാക്ട് ചെയ്യാത്തത് പിള്ളേരെ, എന്നെയൊന്ന് രക്ഷപ്പെടുത്ത്” എന്നായിരുന്നു ഉർവശിയുടെ പരാമർശം. കാണികൾ കയ്യടിയോടെയാണ് പ്രതികരിച്ചത്. സാഹചര്യം തമാശയായി കൈകാര്യം ചെയ്യാൻ ശ്രമിച്ച ആങ്കർ ‘ഐ ആം ദ സോറി’ എന്ന സിനിമാ ഡയലോഗും പറഞ്ഞു. എന്നാൽ ഇംഗ്ലീഷിൽ സംസാരിച്ചതിനെ ന്യായീകരിക്കേണ്ടതില്ലെന്നും സ്വന്തം നാട്ടിൽ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ മതിയെന്നും ഉർവശി വ്യക്തമാക്കി.
ഉർവശിയുടെ പരാമർശം തെറ്റായിപ്പോയെന്ന വിമർശനം വ്യാപകമായതോടെ വിഷയത്തിൽ നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും പ്രതികരിച്ചു. ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ അഹങ്കാരമായി കാണുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് സുപ്രിയ പറഞ്ഞു. കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുകയും നിരവധി പേർ വിദേശത്തേക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരാൾ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നത് മലയാള ഭാഷയുടെ പ്രൗഢി കുറയ്ക്കുന്നത് എങ്ങനെയാണെന്നും അവർ ചോദിച്ചു.
മലയാളിയാണെങ്കിലും ഡൽഹിയിലും മുംബൈയിലുമാണ് സുപ്രിയ വളർന്നതും പഠിച്ചതും ജോലി ചെയ്തതും. പൃഥ്വിരാജിനെ വിവാഹം ചെയ്തതിന് പിന്നാലെ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ പ്രശംസിച്ചതും വലിയ ചർച്ചയായിരുന്നു. പിന്നാലെ ഇരുവർക്കുമെതിരെ വ്യാപകമായ ട്രോളുകളും ഉയർന്നിരുന്നു. മകൾ അലംകൃതയുടെ സ്കൂൾ വിദ്യാഭ്യാസം കണക്കിലെടുത്താണ് പൃഥ്വിരാജും സുപ്രിയയും മുംബൈയിൽ താമസമാക്കിയത്. അതേസമയം, നിലവിലെ വിവാദത്തിൽ ഉർവശി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻപും ചില സാഹചര്യങ്ങളിൽ ഉർവശി പരുക്കമായി സംസാരിച്ചിട്ടുണ്ടെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
’20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യം’; എഗ്ഗ് ഫ്രീസിങ് ചെയ്തെന്ന് സുരഭി ലക്ഷ്മി
‘ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു, ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; വിയോജിപ്പ് പ്രകടിപ്പിച്ച് സാനിയ അയ്യപ്പൻ