Sunday, 13 September 2026
‘Honest storytelling is a powerful means of change
08:57:29 PM IST
Kerala

‘ബിജെപി ഡീൽ ആരോപണം ഗൗരവത്തോടെ കാണാതിരുന്നത് പാർട്ടിക്ക് തിരിച്ചടിയായി’; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ വിമർശനം

ന്യൂസ് ഡെസ്ക് 13 September 2026, 6:58 pm
SHARE

ബിജെപി ഡീൽ ആരോപണം ഗൗരവത്തോടെ കാണാതിരുന്നത് പാർട്ടിക്ക് തിരിച്ചടിയായെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച മാർഗരേഖയിൽ വിമർശനം. ആരോപണം ഉയർന്നപ്പോൾ തന്നെ ശക്തമായി തള്ളിപ്പറയാൻ പാർട്ടിക്ക് കഴിയേണ്ടിയിരുന്നുവെന്നും മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു. ആരോപണം ഗൗരവമായി കാണാത്തതിനാൽ ശക്തമായ പ്രതിരോധം തീർക്കാൻ സാധിച്ചില്ലെന്നും വിമർശനമുണ്ട്.

നേരത്തെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും വിഷയം വിലയിരുത്തിയപ്പോഴും ആരോപണത്തെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽനിന്ന് ഒരുപടി കൂടി കടന്ന് ശക്തമായ സ്വയംവിമർശനമാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് മാർഗരേഖയിലെ പരാമർശം വ്യക്തമാക്കുന്നത്. ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തമായ ഇടപെടൽ വേണമായിരുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം, സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാരണവേലകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മാർഗരേഖയുടെ അവതരണം പൂർത്തിയായെന്നും പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാപരമായ വീഴ്ചകൾ ഉൾപ്പെടെ ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വർഗീയത ഉൾപ്പെടെയുള്ള വലതുപക്ഷ ആശയങ്ങൾക്ക് സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകണമെന്നാണ് വിപുലീകൃത സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →