ആറുവരി ദേശീയപാതയിൽ ബസുകൾ നിർത്താൻ പാടില്ല, സ്വകാര്യ ബസുകൾ സർവീസ് റോഡ് വഴി മാത്രം; നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് എംവിഡി
സംസ്ഥാനത്തെ ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന ബസുകൾ സർവീസ് റോഡ് ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.
ദേശീയപാതയിലെ പല ഭാഗങ്ങളിലും സർവീസ് നടത്തുന്ന ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് കാരണം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഹൈവേയിൽ വാഹനം നിർത്തിയിടാനോ ആളുകളെ ഇറക്കാനോ അനുമതിയില്ല. ബസ് സ്റ്റോപ്പുകളും ഹൈവേയിൽ അനുവദിച്ചിട്ടില്ല. ഇതിനാൽ, ഇവിടെ ഇറക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും അടക്കമുള്ള യാത്രക്കാർക്ക് പ്രധാന പാതയിൽ നിന്നും പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുണ്ട്. ഇതുസംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഇടപെടൽ.
ആറുവരിപ്പാതയിൽ യാതൊരു കാരണവശാലും വാഹനം നിർത്താൻ പാടില്ലെന്ന് എംവിഡി വ്യക്തമാക്കി. അതിനാൽ എല്ലാ സ്റ്റേജ് കാര്യേജ് ബസുകളും നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. നിർദ്ദേശം ലംഘിച്ച് സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
‘പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തും, തെറ്റായ പ്രചാരവേല നടക്കുന്നു’; എം വി ഗോവിന്ദൻ
‘80% ഇന്ത്യക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ’; ബ്രിക്സ് വിരുന്നിൽ നേതാക്കൾക്ക് സസ്യാഹാരം മാത്രമാക്കിയതിൽ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി