Sunday, 9 August 2026
‘Honest storytelling is a powerful means of change
03:30:02 PM IST
#Trending

‘തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ…രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ’; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി

SHARE

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങളും ഒരുപോലെയെന്ന് ജല വിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി അഭിപ്രായം പറയുന്നില്ലെന്നും ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്നും പ്രതാപ് റൂഡി പറഞ്ഞു. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് വേണ്ടതെന്നും പ്രതാപ് റൂഡി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തി. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാട് കേരളം അറിയിച്ചു. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തി. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാ‍ർ വിഷയത്തിൽ അന്തർസംസ്ഥാന ചർച്ച നടക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾ തടയുമെന്ന് വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ പുതിയ സ‍ർക്കാരും നിലപാടെടുത്തിരുന്നു. ​വിജയ് സ‍ർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 152 അടിയായി ജലനിരപ്പ് ഉയ‍ർത്താനുള്ള എല്ലാവിധ ശ്രമങ്ങളും തമിഴ്നാടിൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുമെന്നും ഡാമിന്റെ അറ്റകുറ്റപ്പണിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാർ നയത്തിലുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങൾക്കുമിടയിൽ ചർച്ച നടക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →