പ്രതിപക്ഷത്തെ ഇല്ലാതാക്കി ഒരു വിജയം ബംഗ്ലാദേശിനെ നയിക്കുന്നതെങ്ങോട്ട്?

ഷെയ്ഖ് ഹസീന, ബംഗ്ലാദേശിനെ ദാരിദ്രത്തിന്റേയും ദുര്‍ഭരണത്തിന്റേയും കറുത്ത നാളുകളില്‍ നിന്ന് പുറത്തുവരാന്‍ കാരണമായ പേരുകളില്‍ ഒന്ന്. എന്നാല്‍ ഇന്ന് അന്നത്തെ അതേ ആര്‍ജ്ജവത്തോടേയും ആവേശത്തോടേയും ബംഗ്ലാ പോരാട്ടങ്ങളില്‍ ഷെയ്ഖ് ഹസീനയുടെ പേര് മുഴങ്ങി കേള്‍ക്കുന്നുണ്ടോ?. അഞ്ചാം തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുമ്പോള്‍ അക്രമങ്ങള്‍ക്കറുതിയില്ലാത്ത നിലയിലാണ് ആ നാട്. ഒപ്പം എതിരില്ലാത്ത രീതിയിലാണ് ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് പിടിച്ചതെന്ന് പറയുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നുവെന്ന് കൂടി പറയേണ്ടി വരും. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയാണ് ഷെയ്ഖ് ഹസീനയും കൂട്ടരും അധികാരത്തില്‍ വന്നതെന്നും വെറും 40 ശതമാനം മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനമെന്നതും ജനാധിപത്യം ബംഗ്ലാദേശില്‍ കശാപ്പ് ചെയ്യപ്പെടുന്നുവെന്നതിന്റെ ബാക്കിപത്രമാണ്.

ബംഗ്ലാദേശിലെ മനുഷ്യാവകാശ ലംഘനങ്ങളും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയുള്ള അതോറിറ്റേറിയന്‍ സ്‌റ്റേറ്റ് നടപടികളും പലകുറി ഷെയ്ഖ് ഹസീനയെ ചോദ്യചിഹ്നത്തില്‍ നിര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ ദാരിദ്ര്യത്താല്‍ ചുറ്റപ്പെട്ട ഒരു രാജ്യത്തെ തകര്‍ച്ചയുള്ള സാമ്പത്തിക സ്ഥിതിയില്‍ നിന്ന് കൈപിടിച്ചു കയറ്റുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിര്‍ലോഭമായി പ്രവര്‍ത്തിക്കുകയും ചെയ്ത അതേ ഷെയ്ഖ് ഹസീനയും പാര്‍ട്ടിയും തന്നെയാണ് ഇന്ന് ഏകാധിപത്യ കേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ പേരില്‍ വിമര്‍ശന വിധേയമാകുന്നതും.

76 വയസുള്ള ഷെയ്ഖ് ഹസീന നേതൃത്വം നല്‍കുന്ന സര്‍ക്കാരും ആവാമീ ലീഗും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ ഭീകരവാദ സംഘടന എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. ബംഗ്ലാദേശില്‍ സര്‍ക്കാരുണ്ടാക്കുകയും ഒരു കാലത്ത് മിലിട്ടറി അട്ടിമറിക്കെതിരെ പോരാടുകയും ചെയ്ത ബിഎന്‍പിയാണ് ഭീകരസംഘടനയായി ചാപ്പകുത്തപ്പെട്ടത്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായിരുന്ന ബിഗം ഖലീഗ സിയയുടെ പാര്‍ട്ടി ഇതോടെ ശക്തമായ പ്രതിഷേധത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. കൂട്ട അറസ്റ്റുകളാല്‍ നേതാക്കളും പ്രവര്‍ത്തകരും തടവറയിലായ ബിഎന്‍പി തിരഞ്ഞെടുപ്പിന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു. ജനാധിപത്യത്തെ അപഹസിക്കുന്ന തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളടക്കം പ്രഖ്യാപിച്ചപ്പോള്‍ 40% മാത്രമായിരുന്നു പോളിംഗ്. രാജ്യത്തെ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ 100ല്‍ 40 പേര് മാത്രമാണ് പോളിംഗ് സ്‌റ്റേഷനിലെത്തിയതെന്ന്. ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് പാര്‍ട്ടി മത്സരിച്ച സീറ്റുകളില്‍ ഫലവത്തായ എതിരാളികളെ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ എതിരാളികളില്ലെന്ന പേര് ഇല്ലാതാക്കാന്‍ ഹസീനയുടെ പാര്‍ട്ടി ഏതാനും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഒഴിവാക്കിയത്രേ. നിയമസഭയെ ഒറ്റ കക്ഷി മാത്രമുള്ള ഇടമായി മറ്റുള്ളവര്‍ മുദ്രകുത്തുന്നത് തടയാനുള്ള ബുദ്ധിപൂര്‍വ്വമായ പ്രകടനമായിരുന്നു ഇതെന്ന് വ്യക്തമായിരുന്നു. എന്തായാലും ബംഗ്ലാദേശികള്‍ പോളിംഗ് ബൂത്തിലേക്ക് ഈ പ്രകടനങ്ങളില്‍ ആകര്‍ഷകരായി എത്തിയില്ല.

ഒരു പാര്‍ട്ടി മാത്രം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുകയും മറ്റൊരു പാര്‍ട്ടി പങ്കെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ താന്‍ എന്തിന് വോട്ട് ചെയ്യാന്‍ പോകണമെന്ന പൊതുവികാരം ബംഗ്ലാദേശികള്‍ക്കുണ്ടായതാണോ വോട്ടിംഗ് ശതമാനത്തിലെ കുറവിന് പിന്നിലെന്ന ചോദ്യം ന്യായമാണ്. 2018ല്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അധികാരത്തിലെത്തുമ്പോള്‍ പോളിംഗ് ശതമാനം 80 ആയിരുന്നുവെന്ന് കൂടി ഓര്‍ക്കണം. ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് ബ്രിട്ടനില്‍ കഴിയുന്ന ബിഎന്‍പി തലവന്‍ താരിഖ് റഹ്‌മാന്‍ പറഞ്ഞത് ഇങ്ങനെയാണ്.

ഇപ്പോള്‍ നടന്നത് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ബംഗ്ലാദേശിന്റെ ജനാധിപത്യ അഭിലാഷങ്ങള്‍ക്ക് മേലുള്ള കളങ്കമാണ്. തന്റെ വാദങ്ങളെ സാധൂകരിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെന്നും താരിഖ് പറയുന്നു.

തിരഞ്ഞെടുപ്പ് നീതിയുക്തമാകുമെന്ന് പ്രതിപക്ഷ അനുഭാവികള്‍ക്ക് ഉറപ്പുനല്‍കുന്നതില്‍ ഹസീനയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ മീനാക്ഷി ഗാംഗുലി സ്ഥിരീകരിക്കുന്നുണ്ട്. പലരും കൂടുതല്‍ അടിച്ചമര്‍ത്തലിനെ ഭയപ്പെടുന്നു എന്ന് കൂടി അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ബംഗ്ലാദേശിലെ രാഷ്ട്രീയത്തിലെ പകയും ജനാധിപത്യ വിരുദ്ധതയും മറനീക്കി പുറത്തുവരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ രാജ്യമായ ബംഗ്ലാദേശിലെ രാഷ്ട്രീയം,രാജ്യത്തിന്റെ സ്ഥാപക നേതാവിന്റെ മകള്‍ ഹസീനയും ബംഗ്ലാദേശിലെ മുന്‍ സൈനിക ഭരണാധികാരിയുടെ ഭാര്യയും രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയും തമ്മിലുള്ള കിടമത്സരമാണെന്ന് കൂടി പറയേണ്ടി വരുന്നുണ്ട്. 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതുമുതല്‍ ഹസീന കൊണ്ടുവന്ന മാറ്റങ്ങള്‍ എഴുതി തള്ളാവുന്നതല്ല. പക്ഷേ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിയായി ഭരണത്തുടര്‍ച്ച നേടുന്നതില്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകളും കൃത്രിമത്വവും ഹസീനയുടെ പാര്‍ട്ടി നടത്തിയെന്ന ആരോപണങ്ങളും ചിറയല്ല. എതിരാളിയായ 78 കാരി സിയ, 2018 ല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു തടവറയിലായിരുന്നു. ഇപ്പോള്‍ ധാക്കയിലെ ഒരു ആശുപത്രിയില്‍ പരിതാപകരമായ ആരോഗ്യ സ്ഥിതിയിലാണ്. സിയയുടെ അഭാവത്തില്‍ ബിഎന്‍പിയെ നയിക്കുന്ന താരിഖ് റഹ്‌മാന്‍ അവരുടെ മകനാണ്. ബംഗ്ലാദേശിന് വേണ്ടി ഷെയ്ഖ് ഹസീന വരുത്തിയ മാറ്റങ്ങള്‍ക്കൊപ്പം ഒരു മര്‍ക്കടമുഷ്ടിയുള്ള കേന്ദ്രീകൃത സര്‍ക്കാരിന്റെ നിയമവിരുദ്ധമായ കൊലകളും തിരോധാനങ്ങളും നിര്‍ബന്ധിത പുറത്താക്കലുകളും ആ രാജ്യത്തെ ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും തച്ചുടയ്ക്കുന്നത് കണ്ടില്ലെന്ന് വെയ്ക്കാനാവില്ല.