കാനത്തിന് എതിരെ കലാപക്കൊടി ഉയരുമ്പോള്‍

സി പി ഐയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കലാപക്കൊടിയുയരുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നയാള്‍ 75 വയസില്‍ താഴെയുള്ളയാളായിരിക്കണമെന്ന നിബന്ധനയെ കാനം രാജേന്ദ്രനെ ശക്തിയായി എതിര്‍ക്കുന്ന കെ ഇ ഇസ്മായില്‍ പക്ഷം തള്ളിക്കളയുന്നു. മുന്‍ മന്ത്രി സി ദിവാകരനാണ് കാനത്തിനെതിരെയുള്ള കൊട്ടാര വിപ്‌ളത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രമുഖന്‍. എണ്‍പത് വയസിനടുത്തുളള സി ദിവാകരന് ഒരിക്കലെങ്കിലും സി പി ഐ സംസ്ഥാന സെക്രട്ടറിയാകണമെന്നാഗ്രഹമുണ്ട്. എന്നാല്‍ കാനം രാജേന്ദ്രന്‍ കൊണ്ടുവന്ന 75 വയസുപരിധി തന്നെ മാത്രം വെട്ടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ദിവാകരന്‍ പറയന്നു. കാനത്തിനാണെങ്കില്‍ 70 വയസേ ആയിട്ടുള്ളു. അത് കൊണ്ട് മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയാകുന്നതിന് ഒരു തടസവുമില്ല.

മുന്‍ മന്ത്രിമാരായ സി ദിവാകരന്‍, കെ ഇ ഇസ്മയില്‍ എന്നിവരെ അപേക്ഷിച്ച് കാനം രാജേന്ദ്രന്‍ ജൂനിയറാണ്. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി കാനത്തിന്റെ ഉള്ളം കയ്യിലാണ് സി പി ഐ. എന്‍ ഇ ബലറാം മുതല്‍ സി കെ ചന്ദ്രപ്പന്‍ വരെയുള്ള ഘടാഘടിയന്‍മാരായ സി പി ഐ സംസ്ഥാന സെക്രട്ടറിമാരുടെ കാലം കഴിഞ്ഞുവെന്നും ഇപ്പോള്‍ കാനത്തിനെപ്പോലുള്ളവര്‍ ആ പാര്‍ട്ടിയെ സി പി എമ്മിന്റെയും പിണറായിയുടെ കാല്‍ക്കല്‍ കൊണ്ടുവച്ചിരിക്കുകയുമാണെന്നാണ് കാനം വിരുദ്ധ പക്ഷം ആരോപിക്കുന്നത്. സി പി ഐയുടെ അസ്തിത്വം തേച്ചുകഴുകിയ നേതാവ് എന്നാണ് ഇവര്‍ കാനത്തെ വിശേഷിപ്പിക്കുന്നതും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മല്‍സരിച്ചവരെ മല്‍സരിപ്പിക്കണ്ടാ എന്നുള്ള കാനത്തിന്റെ തിരുമാനം മൂലം സി ദിവാകരന്‍ മുതല്‍, വി എസ് സുനില്‍കുമാര്‍ വരെയുള്ളവര്‍ക്ക് സീറ്റ് കിട്ടിയില്ല. അതിന് ഗുണവുമുണ്ടായി കാനം നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും തരക്കേടില്ലാത്ത വിധത്തില്‍ ജയിച്ചു കയറി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ സി പി എമ്മില്‍ പിണറായി വിജയനുള്ള സ്ഥാനമായി സി പി ഐ യില്‍ കാനം രാജേന്ദ്രന്. കാനത്തിന്റെ വാലാട്ടികളാണ് സി പിഐയുടെ നാല് മന്ത്രിമാരും എന്നും ആരോപണമുയര്‍ന്നു. കാനത്തിന് താല്‍പര്യമുള്ള ഫയലുകളില്‍ ഒപ്പ് വയ്കാന്‍ മാത്രമുള്ളവരാണ് ഈ നാല് മന്ത്രിമാര്‍ എന്നും കാനം വിരുദ്ധര്‍ നിരന്തരം ആരോപിച്ചുകൊണ്ടിരുന്നു. കാനം രാജേന്ദ്രന്റെ മാത്രമല്ല അദ്ദേഹത്തിന്റെ മകന്‍ കൂടി സി പി ഐ ഭരിക്കുന്ന വകുപ്പുകളില്‍ ഇടപെടുന്നുവെന്നും ഇവര്‍ ആരോപണമുയര്‍ത്തി. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ മന്ത്രിയായിരുന്ന തിലോത്തമന്‍ ഇതില്‍ പ്രതിഷേധിച്ച കാനം രാജേന്ദ്രന്റെ മുമ്പില്‍ ഫയലുകള്‍ വലിച്ചെറിയുക പോലുമുണ്ടായെന്നുവരെ വാര്‍ത്തകള്‍ വന്നു.

ഞാനാണ് പാര്‍ട്ടിയെന്ന് കാനം രാജേന്ദ്രന്‍ ചിന്തിക്കുന്നുവെന്നാണ് സി ദിവാകരനെപ്പോലുള്ളവരുടെ ആരോപണം. വി എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും വരെ നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞ വെളിയം ഭാര്‍ഗവനേയും സി കെ ചന്ദ്രപ്പനെയും പോലുള്ള അതികായര്‍ നയിച്ച സി പി ഐക്ക് കാനത്തിന്റെ കിരീടധാരണത്തോടെ സി പി എമ്മിന്റെ കോലായില്‍ കിടക്കേണ്ടി വന്നുവെന്നാണ് കാനം വിരുദ്ധര്‍ പറയുന്നത്. സി പി എമ്മിന് മുഖത്തോട് മുഖം നിക്കാന്‍ ആര്‍ജ്ജവമില്ലാത്തയാളാണ് കാനം രാജേന്ദ്രനെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ പക്ഷം.

ഇപ്പോഴുള്ള അസി. സെക്രട്ടറി പ്രകാശ് ബാബുവും , സി ദിവാകരനും കെ ഇ ഇസ്മയിലും ഒക്കെ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും ബിനോയ് വിശ്വത്തെപ്പോലുളളവര്‍ അതിന് പിന്തുണ നല്‍കിയിട്ടും കാനം തന്നെ മൂന്നാം വട്ടവും സി പിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് സി പി ഐക്ക് അകത്ത് നിന്നുള്ള സൂചന. ഈ സംസ്ഥാന സമ്മേളനത്തോടെ സി പി ഐ യിലെ പഴയ തലമുറ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതെയാവുകയാണ്. സി പി എമ്മിലെ പോലൊരു തലമുറ മാറ്റം സി പി ഐയിലും വരുമന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. 60-70 കാലത്ത് സി പി ഐ യിലേക്ക് കടന്ന് വന്നവരില്‍ കാനം രാജേന്ദ്രനൊഴിച്ച്് മറ്റെല്ലാവരും തന്നെ ഈ സമ്മളനത്തോടെ അരങ്ങൊഴിയുമെന്നാണ് കരുതപ്പെടുന്നത്. യാദൃശ്ചികമായി ഒന്നും സംഭവച്ചില്ലങ്കില്‍ കാനം രാജേന്ദ്രന്‍ തന്നെ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തുടരും. പിണറായിയും കാനവും ചേര്‍ന്ന് വരുന്ന മൂന്നര വര്‍ഷം കൂടി ഇടതു മുന്നണിയെ നയിക്കും. കലാപക്കൊടിയുയര്‍ത്തുന്നവര്‍ക്ക് അത് താഴെ വച്ച് അടുത്ത പണിക്ക് പോകേണ്ടി വരും. കേരളത്തിലെ ഇപ്പോഴത്തെ രണ്ട് കമ്യുണിസ്റ്റു പാര്‍ട്ടികളെയും നയിക്കുന്നത് എതിരാളികളോട് ഒരു മയവുമില്ലാത്ത രണ്ട് നേതാക്കളാണ്. പിണറായി വിജയനും കാനം രാജേന്ദ്രനും. അവര്‍ നയിക്കുന്ന വഴിക്കേ കേരളത്തിലെ ഇടതുമുന്നണിയും സര്‍ക്കാരും പോകു.