എന്നാണ് ഒരു വനിതാ ചീഫ് ? 

ഡോ. സെബാസ്റ്റ്യൻ പോൾ

ഒരു വനിതയെ ചീഫ് ജസ്റ്റിസായി കാണാന്‍ കഴിയുന്നില്ലല്ലോ എന്ന ഖേദത്തോടെയാണ് എസ് എ ബോബ്ഡേ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ കാലത്തുണ്ടായതു പോലെ സീനിയോറിറ്റി മറികടന്നുള്ള ചീഫ് നിയമനം ഇപ്പോഴില്ലാത്തതിനാല്‍ ഒരാള്‍ ചീഫ് ആകുമോയെന്ന് നിയമനവേളയില്‍ തന്നെ ഗണിച്ചു പറയാന്‍ കഴിയും. അതനുസരിച്ചാണ് നിയമനം ക്രമീകരിക്കുന്നത് എന്നു കൂടി ഇപ്പറഞ്ഞതിന് അര്‍ത്ഥമുണ്ട്. രംഗനാഥ മിശ്രയും സവ്യസാചി മുഖര്‍ജിയും ഒരുമിച്ച് സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോള്‍ സവ്യസാചി മുഖര്‍ജിയുടെ പേര്  ആദ്യം വിളിപ്പിക്കാന്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്കു കഴിഞ്ഞു. അപ്രകാരം ലഭിച്ച സീനിയോറിറ്റിയുടെ ബലത്തില്‍ സവ്യസാചി മുഖര്‍ജി ചീഫായി. പക്ഷേ അദ്ദേഹം പദവിയിലിരിക്കേ മരിച്ചതിനാല്‍ അന്യഥാ നഷ്ടപ്പെടുമായിരുന്ന ചീഫ് പദവി രംഗനാഥ മിശ്രയ്ക്കു ലഭിച്ചു.

ന്യായാധിപ നിയമനത്തിലെ കണക്ക് കൂട്ടിയുള്ള കരുനീക്കങ്ങള്‍ സാധാരണ ചര്‍ച്ചയാവാറില്ല. സുപ്രീംകോടതിയുടെ അമ്പതാം വാര്‍ഷികദിനത്തില്‍ മൂന്നു പേര്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. റൂമ പാല്‍ എന്ന വനിത അക്കൂട്ടത്തിലുണ്ടായിരുന്നു. പാലിനെ ആദ്യം സത്യപ്രതിജ്ഞയ്ക്ക് വിളിച്ചിരുന്നുവെങ്കില്‍ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനെ നമുക്ക് വളരെ നേരത്തേ ലഭിക്കുമായിരുന്നു. ആദ്യം വിളിക്കപ്പെട്ടതിന്‍റെ പേരില്‍ സീനിയറായ യോഗേഷ് സബര്‍വാള്‍ ഏറെ വര്‍ഷം ചീഫ് ജസ്റ്റിസായിരിക്കുകയും റൂമ പാലിനു അവസരം ലഭിക്കാതിരിക്കുകയും ചെയ്തു.

ജനസംഖ്യയില്‍ പാതി വരുന്ന സ്ത്രീകള്‍ക്ക് പദവികളില്‍ പാതി അവകാശപ്പെട്ടതാണെന്ന വാദമുണ്ട്. പാതിയില്ലെങ്കിലും പേരിനെങ്കിലും ഒരു വനിതാ ചീഫ് ജസ്റ്റിസ് നമുക്ക് ഉണ്ടാകേണ്ടതായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍, രാജ്യസഭാദ്ധ്യക്ഷ തുടങ്ങിയ സമുന്നതപദവികളില്‍ സ്ത്രീകള്‍ക്ക് എത്താന്‍ കഴിഞ്ഞ രാജ്യത്ത് ഒരു വനിതയ്ക്ക് ചീഫ് ജസ്റ്റിസാകാന്‍ കഴിയാതെപോയത് സ്വാഭാവികമായ കാരണങ്ങളാലല്ല.

ദീര്‍ഘവീക്ഷണത്തോടെ കരുക്കള്‍ നീക്കുന്ന ഉപജാപത്തിന്റെ കളിയാണ് ജഡ്ജിമാരുടെ നിയമനം. നിയമത്തിലെ വകുപ്പുകളേക്കാള്‍ അഭിഭാഷകര്‍ ഹൃദിസ്ഥമാക്കുന്നത് ജഡ്ജിമാരുടെ റിട്ടയര്‍മെന്‍റ് തിയതികളാണ്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കനുകൂലമായ സ്ളോട്ട് ഉണ്ടാകുന്ന മുറയ്ക്ക് അവര്‍ ഇറങ്ങിക്കളിക്കും. കൊളീജിയം എന്ന ജഡ്ജസ് ക്ളബ്ബ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രഹസ്യസംവിധാനത്തില്‍ കളികള്‍ക്ക് സാദ്ധ്യത  കൂടുതലാണ്. ഇതാണ് യഥാര്‍ത്ഥത്തിലുള്ള പിന്‍വാതില്‍ നിയമനം. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യാതെയും യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കാതെയുമുള്ള നിയമനം മുന്‍വാതില്‍ നിയമനമാണെന്നു പറയാനാവില്ല. സ്വാഭാവികനീതിയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി  പ്രവര്‍ത്തിക്കുന്ന നിയമന കമ്മീഷനായി മാറണം കൊളീജിയം.

ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്നതാണ് റിപ്പബ്ളിക്കിന്റെ  പ്രത്യേകത. മുപ്പത്തിയഞ്ച് വയസ്സായ ഏതു പൗരനും രാഷ്ട്രപതിയാകണമെന്ന് ആഗ്രഹിക്കാം. തിരഞ്ഞെടുപ്പാകുമ്പോള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. വി വി ഗിരിയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ചിലപ്പോള്‍ അപ്രതീക്ഷിതമായി രാഷ്ട്രപതി ആയിക്കൂടെന്നുമില്ല. ജഡ്ജിമാരെ നിയമിക്കുന്ന രാഷ്ട്രപതിയുടെ കാര്യം ഇങ്ങനെയാണെങ്കില്‍ ജഡ്ജിമാരുടെ കാര്യം ഇങ്ങനെയല്ല. അത് കൊളീജിയത്തില്‍ രഹസ്യമായി നടക്കുന്നു. മറ്റൊരു സംസ്ഥാനത്തു നിന്നെത്തി ഹൈക്കോടതിയിലെ അഭിഭാഷകരുമായി വേണ്ടത്ര പരിചയപ്പെടുന്നതിനു അവസരമോ സമയമോ കിട്ടാത്ത ചീഫ് ജസ്റ്റിസ് എങ്ങനെയാണ് ജഡ്ജിയാകാന്‍ അനുയോജ്യരായ അഭിഭാഷകരെ കണ്ടെത്തുന്നത്? അപേക്ഷകരില്ലാത്ത തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് കൊളീജിയം പേരുകള്‍ കണ്ടെത്തുന്നത്? സ്വാധീനിക്കേണ്ടവരെ സ്വാധീനിച്ചാല്‍ പേരുകള്‍ എത്തേണ്ടിടത്തെത്തും. എത്തിയാലും എക്സിക്യൂട്ടീവിന് അനഭിമതനായാല്‍ നിയമനം നീണ്ടുപോകുമെന്ന് ജസ്റ്റിസ് കെ എം ജോസഫിന്റെ  അനുഭവം നമ്മെ പഠിപ്പിക്കുന്നു. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ആത്യന്തികമായി ചീഫ് ജസ്റ്റിസിന്റെ കസേരയിലേക്കുള്ള ദൂരം വര്‍ദ്ധിപ്പിക്കുന്നു.

വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടായില്ലെന്നു മാത്രമല്ല ജഡ്ജിമാരാകാന്‍ വനിതാ അഭിഭാഷകര്‍ തയ്യാറാവുന്നില്ലെന്നുകൂടി ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിയാകാനുള്ള ക്ഷണം നിരസിച്ച പ്രഗത്ഭരായ അഭിഭാഷകരെ കേട്ടിട്ടുണ്ട്. പാല്‍ക്കിവാല മുതല്‍ ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ വരെ പേരുകള്‍ പറയാം. അവരുടെ വൈമനസ്യത്തിനു കാരണമുണ്ട്. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിയാല്‍ ഈ പ്രശ്നത്തിനു പരിഹാരമാകും. ജഡ്ജിയാകുമെന്ന് കരുതപ്പെട്ടിരുന്ന സമര്‍ത്ഥരായ എത്രയോ വനിതാ അഭിഭാഷകര്‍ കേരള ഹൈക്കോടതിയില്‍ പരിഗണിക്കപ്പെടാതെ പോയിരിക്കുന്നു! ഇന്ത്യയില്‍ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയായ അന്ന ചാണ്ടിയെയും സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായ ഫാത്തിമ ബീവിയെയും സംഭാവന ചെയ്ത കോടതിയാണ് കേരള ഹൈക്കോടതി. ആര്‍ജ്ജവത്തോടെ ആര്‍ജ്ജിക്കാന്‍ കഴിയുന്ന പദവി ആരും നിരസിക്കില്ല. അതിനു നടപടികള്‍ സുതാര്യമാകണം. ആനുകൂല്യങ്ങള്‍ ആകര്‍ഷകവും അംഗീകാരം അഭികാമ്യവുമായിരിക്കേ ഏതു സ്ത്രീയാണ് അടുക്കളയില്‍ പണിയുണ്ടെന്ന കാരണം പറഞ്ഞ് സമുന്നതമായ പദവികള്‍ നിരാകരിക്കുക? പദവിക്കു വേണ്ടി മുടി മുറിക്കാനും മുണ്ഠനം ചെയ്യാനും മടിയില്ലാത്ത സ്ത്രീകള്‍ ഉള്ള നാടാണിത്.

സുപ്രീംകോടതിയിലേക്ക് ഒരു ജഡ്ജിയേയും നിര്‍ദേശിക്കാതെയാണ് ബോബ്ഡേ തന്റെ ഹ്രസ്വമായ ചീഫ് ജസ്റ്റീസ് കാലം അവസാനിപ്പിക്കുന്നത്. ഒഴിവുകളുടെ അഭാവത്തിലല്ല ബോബ്ഡേ അപ്രകാരം ഖ്യാതി സമ്പാദിച്ചത്. പരിഗണിക്കാവുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു. ഫാത്തിമ ബീവി ഉള്‍പ്പെടെ എട്ട് വനിതാ ജഡ്ജിമാരാണ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത:പര്യന്തം ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ ഇന്ദിര ബാനര്‍ജി മാത്രമായി ആ നിര ചുരുങ്ങി. ഹൈക്കോടതികളിലെ കണക്കെടുത്താല്‍ ആകെയുള്ള 1,079 ജഡ്ജിമാരില്‍ സ്ത്രീകള്‍ 82 മാത്രം. പതിമൂന്ന് വനിതാ ജഡ്ജിമാരുമായി മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

ഈ 82 പേരില്‍ സുപ്രീംകോടതിയിലേക്കെടുക്കാന്‍ യോഗ്യരായവരുണ്ട്. കര്‍ണാടക ഹൈക്കോടതിയിലെ ബി വി നാഗരത്ന പറഞ്ഞു കേള്‍ക്കുന്ന ഒരു പേരാണ്. നാഗരത്നയെ ശിപാര്‍ശ ചെയ്യുന്നതിനുള്ള ബോബ്ഡേയുടെ നിര്‍ദേശം അദ്ദേഹത്തിന്റെ തന്നെ കൊളീജിയമാണ് നിരാകരിച്ചത്. ജസ്റ്റിസ് നാഗരത്നയെ ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയാക്കിയാല്‍ 2027ല്‍ ഇന്ത്യയ്ക്ക് ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കും. മറ്റൊരു പേരാണ് തെലങ്കാന ഹൈക്കോടതിയിലെ ഹിമ കോഹ്ലി. സെപ്റ്റംബറില്‍ റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഹിമ കോഹ്ലി അതിനുമുമ്പ് സുപ്രീംകോടതിയില്‍ നിയമിതയായാല്‍ 2027ല്‍ ചീഫ് ജസ്റ്റിസാകും. ഇവരിലാരെയും ശിപാര്‍ശ ചെയ്യാതെയാണ് ഏപ്രില്‍ 24ന് ബോബ്ഡേ വിരമിക്കുന്നത്. തരൂ, സ്വീകരിക്കാന്‍ തയ്യാര്‍ എന്ന വനിതാ അഭിഭാഷക സംഘടനകളുടെ വെല്ലുവിളി സ്വീകരിക്കാനുള്ള സമയം ഇനി ബോബ്ഡേയ്ക്കില്ല. നിയമനത്തിനു മുമ്പേ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിക്കപ്പെട്ട ജസ്റ്റിസ് എന്‍ വി രമണ എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

കര്‍ണാടക ചീഫ് ജസ്റ്റിസ് എ എസ് ഓകയെ സുപ്രീം കോടതിയിലേക്ക് എടുത്തതിനുശേഷം മതി നാഗരത്നയുടെ നിയമനം എന്നു നിര്‍ബന്ധമുള്ളവര്‍ കൊളീജിയത്തിലുണ്ട്. ഉദ്ദേശ്യം വ്യക്തമാണ്. തഴയേണ്ടവരെ തഴയുകയും ഉയര്‍ത്തേണ്ടവരെ ഉയര്‍ത്തുകയും ചെയ്യാം. ജനസംഖ്യാനുപാതികമായും പ്രാദേശിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയുമാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാരെ നിയമിക്കേണ്ടതെന്ന് വാദമുണ്ട്. അങ്ങനെയെങ്കില്‍ 160 ജഡ്ജിമാരുള്ള അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് കൂടുതല്‍ ജഡ്ജിമാരുണ്ടാകേണ്ടത്. പക്ഷേ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന മഹാരാഷ്ട്രയില്‍നിന്നാണ് സുപ്രീംകോടതിയില്‍ കൂടുതല്‍ ജഡ്ജിമാരുള്ളത്. അറുപത് ജഡ്ജിമാരുള്ള ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാര്‍ സുപ്രീംകോടതിയിലുള്ളപ്പോള്‍ 47 ജഡ്ജിമാരുള്ള കേരള ഹൈക്കോടതിയില്‍നിന്ന് ഒരാളാണ് അവിടെയുള്ളത്. പരമോന്നത കോടതിക്ക് പരമമായ സത്യങ്ങളില്ല.