യുക്രൈന്‍: അതിജീവനത്തിന്റെ അഗ്നിപഥങ്ങളിലൂടെ

ഏതു യുദ്ധത്തിന്റെയും പരിണിതഫലം യാതനകൾ അനുഭവിക്കുന്ന ജനങ്ങളായിരിക്കും . 2022 ഫെബ്രുവരി 24 ന് ആണ് ലോകരാഷ്ട്രങ്ങളെയാകെ ആശങ്കയിലാഴ്ത്തി യുക്രൈന്‍ എന്ന കൊച്ചു രാജ്യത്തിനു മേല്‍ റഷ്യ ആക്രമണം ആരംഭിക്കുന്നത്.  ഒരു വര്‍ഷം പിന്നിട്ടിട്ടും ആ യുദ്ധക്കൊതിക്ക് അറുതി വന്നിട്ടില്ല. ഓരോ ദിവസവും കൂടുതല്‍ സന്നാഹങ്ങളുമായി റഷ്യ യുക്രൈനു മേല്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍.  സ്വയം പുനര്‍നിര്‍മ്മിക്കുവാനും അതോടൊപ്പം പ്രതിരോധിക്കുവാനും തയ്യാറെടുക്കുകയാണ് ആ രാജ്യവും അവിടുത്തെ ജനങ്ങളും.

പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും അതിലുമധികം പേരെ ഭവനരഹിതരാക്കുകയും, ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുകയും നഗരങ്ങളില്‍ രക്തച്ചൊരിച്ചിലും അക്രമവും കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമല്ലാതെ ഒരു വര്‍ഷത്തെ യുദ്ധം മറ്റൊരു ഫലവും നല്‍കിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയല്ല റഷ്യ വീണ്ടും വീണ്ടും യുദ്ധസന്നാഹങ്ങളൊരുക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ ഭൂരിഭാഗവും യുദ്ധത്തിനെതിരെ നിലപാടെടുത്തിട്ടും റഷ്യ പിന്മാറിയില്ല. അപമാനകരമായ പിന്‍വാങ്ങലുകളുടെയും ഉപരോധങ്ങളുടെയും ഒരു വര്‍ഷത്തിലൂടെ കടന്നുപോകുമ്പോഴും ഒരു സൈനികദൗത്യമെന്ന് ഓമനപ്പേരിട്ട് വിളിച്ച യുദ്ധത്തിന്റെ ലഹരിയില്‍ നിന്ന് മുക്തി നേടിയില്ല റഷ്യയും പുടിനും.അതേ സമയം പരിമിതമായ സൈനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ പുനര്‍നിര്‍മ്മിക്കുവാനുള്ള പരിശ്രമത്തിലാണ്  യുക്രൈന്‍ പ്രസിഡന്റ് സെലന്‍സല്കി.

യുക്രൈനിന്റെ കിഴക്കന്‍ വ്യാവസായിക ഹൃദയഭൂമിയായ ഡോണ്‍ബാസ് മുഴുവന്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി റഷ്യ മുന്നോട്ടുപോകുമ്പോള്‍. അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത യുദ്ധ ടാങ്കുകളും മറ്റ് പുതിയ ആയുധങ്ങളും കാത്തിരിക്കുകയാണ് യുക്രൈന്‍. ഇപ്പോഴിതാ ഇന്ത്യയോടും സഹായാഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞിരിക്കുന്നു. വൈദ്യസഹായവും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ഇന്ത്യക്ക് യുക്രൈന്‍ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴി സെലന്‍സ്‌കി ഇന്ത്യന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ അഭ്യര്‍ത്ഥനയുണ്ട്. നിലവില്‍ യുദ്ധം തുടരുന്ന സ്ഥിതിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉക്രൈന്‍ നേരിടുന്നത്. റഷ്യന്‍ അധിനിവേശം യുക്രൈനിലെ 15 വര്‍ഷത്തെ സാമ്പത്തിക പുരോഗതിയെയാണ് തകര്‍ത്തെറിഞ്ഞത്. മൊത്ത ആഭ്യന്തര ഉത്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു . യുദ്ധത്തിനിടെ 461 കുട്ടികള്‍ ഉള്‍പ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.

രാജ്യത്ത് ഏകദേശം 2 ദശലക്ഷം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മൊത്തത്തില്‍, ലോകബാങ്ക് ഇതുവരെ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യണ്‍ ഡോളറായി കണക്കാക്കി. സാമ്പത്തിക നാശനഷ്ടങ്ങള്‍ ഇതുവരെ മുഴുവനായി വിലയിരുത്തിയിട്ടില്ല. ഡൊനെറ്റ്സ്‌ക്, ഖാര്‍കിവ്, ലുഹാന്‍സ്‌ക്, കെര്‍സണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. യുക്രൈന്‍ സര്‍ക്കാര്‍, ലോകബാങ്ക് ഗ്രൂപ്പ്, യൂറോപ്യന്‍ കമ്മീഷന്‍, ഐക്യരാഷ്ട്രസഭ എന്നിവ ചേര്‍ന്നാണ് യുദ്ധം വിതച്ച നാശനഷ്ടങ്ങളെ വിലയിരുത്തിയത്.

ആക്രമണം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിന്‍ പിങിന്റെ മോസ്‌കോ സന്ദര്‍ശനം. ഈ സൗഹൃദ സന്ദര്‍ശനം നല്‍കുന്ന സന്ദേശം അത്രമേല്‍ ആശ്വാസകരമാകില്ല യുദ്ധത്തെ എതിര്‍ക്കുന്നവര്‍ക്ക്. റഷ്യയും ചൈനയും നല്ല അയല്‍ക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ആ വിശ്വസനീയത യുദ്ധത്തിലും പ്രതിഫലിച്ചാൽ യുക്രൈന്‍ നാമാവശേഷമായി മാറുമെന്നതില്‍ തര്‍ക്കമില്ല.

അതിശയിപ്പിക്കുന്ന പ്രത്യാക്രമണങ്ങൾ കൊണ്ട് റഷ്യയുടെ ആത്മവിശ്വാസം തകര്‍ക്കാനും ,ഒരു പരിധിവരെ ശക്തമായ പ്രതിരോധം തീര്‍ക്കുവാനും യുക്രൈനു കഴിഞ്ഞുവെന്നത് വാസ്തവമാണ്.എന്നാല്‍ അതൊന്നും രാജ്യത്ത് നാശനഷ്ടം വിതച്ച യുദ്ധത്തിന്റെ ഭീകരതയെ ലഘൂകരിക്കുവാന്‍ കഴിയുന്നതായിരുന്നില്ല.വീണ്ടും ഒരു തിരിച്ചുവരവ് നടത്താന്‍ .രാജ്യത്തിന്റെ വിവിധ മേഖലകളെ പുനഃസംഘടിപ്പിക്കാന്‍, ജനജീവിതം സാധാരണഗതിയിലാക്കാന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ മറി കടക്കാന്‍ യുക്രൈന്‍ ഏറെ പരിശമിക്കേണ്ടതായി വരും. അതിനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യയോടുള്ള സഹായാഭ്യാര്‍ത്ഥനയെ കാണാവുന്നതാണ്. മറ്റ് ലോകരാഷ്ട്രങ്ങളും ഈ സാഹചര്യത്തെ അനുഭാവപൂര്‍വം പരിഗണിച്ചാല്‍. സമാധാന നീക്കങ്ങളോട് അനുകൂലസമീപനം സ്വീകരിച്ച് സ്വയം തിരുത്താന്‍ റഷ്യ തയ്യാറായാല്‍ ഉക്രൈന്‍ എന്ന കൊച്ചുരാജ്യവും,അവിടുത്തെ ജനങ്ങളും ഒരു പുതുജീവിതം കെട്ടിപ്പടുക്കും.