സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പട്ടാളക്കാരേയും വരെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ മടിക്കാത്ത മോദി

അവധിക്കു പോകുന്ന പട്ടാളക്കാരെ വരെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ മടിയില്ലെന്ന് തെളിയിച്ചു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇറക്കിയ ഒരു സര്‍ക്കുലര്‍ ജനാധിപത്യ ഇന്ത്യക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മേനി പറയലിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സൈനികരേയും ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഇറക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം അധികാര ദുര്‍വിനിയോഗമല്ലാതെ മറ്റൊന്നല്ല. രാജ്യത്താകമാനം പ്രതിപക്ഷ പാര്‍ട്ടികളടക്കം ശക്തമായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ നേട്ടങ്ങള്‍ രാജ്യത്തുടനീളം കൊട്ടിഘോഷിച്ച് വിളംബരം ചെയ്യാനുള്ള പ്രചാരകരായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കാനുള്ള പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി തങ്ങള്‍ക്കു തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാനായി സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കുന്നുവെന്ന് ഒറ്റവാക്കില്‍ പറയാം ഈ നീക്കം. പ്രതിരോധ സേനാംഗങ്ങള്‍ അതായത് പട്ടാളക്കാര്‍, ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം കേന്ദ്രസര്‍ക്കാരിന്റെ വിളംബര ജാഥക്കാരാകണമെന്നാണ് ഈ ഉത്തരവിന്റെ ചുരുക്കം. ഇതിലെല്ലാം രസം രാജ്യത്തെ 9 നഗരങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ച് 822 സെല്‍ഫി പോയിന്റുകള്‍ സജ്ജമാക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്കും, ഡിആര്‍ഡിഒയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കിയെന്നാണ്. അവധിക്കു നാട്ടില്‍ പോകുന്ന സേനാംഗങ്ങളെ വരെ കേന്ദ്രസര്‍ക്കാരിന്റെ ഒന്നു കൂടി വ്യക്തമാക്കിയാല്‍ നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും പ്രചാരകരാക്കാനുള്ള നീക്കം ഇന്ത്യയുടെ സായുധസേയയ്ക്ക് നല്‍കിയ ഉത്തരവിലുണ്ട്. അവധിക്കു പോയിരിക്കുന്ന പട്ടാളക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്ന ‘സോള്‍ജ്യര്‍ അംബാസഡര്‍മാരായി’ പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.

ഇനിയെന്താണ് കേന്ദ്രസര്‍ക്കാരിന്റെ ചുളുവിലെ പദ്ധതിയെന്നല്ലേ

വികസിത് ഭാരത് സങ്കല്‍പ് യാത്ര എന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും 2024ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് ബിജെപി എന്ന പാര്‍ട്ടി കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നത്. നവംബര്‍ 20 മുതല്‍ ജനുവരി 25 വരെ സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’യുടെ ഭാഗമായി ‘ജില്ലാ രഥ പ്രഭാരി’കള്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നിരിക്കെയാണ് ജനാധിപത്യ മര്യാദകള്‍ വകവെയ്ക്കാതെ പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന കാലത്ത് ഇഡിയേയും സിബിഐയേയും എതിരാളികള്‍ക്ക് എതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച കാലത്താണ് സര്‍ക്കാര്‍ ജീവനക്കാരേയും പട്ടാളക്കാരേയും പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് നരേന്ദ്ര മോദി പുത്തന്‍ ഉത്തരവുമായി ഇറങ്ങിയത്.

രാജ്യത്തെ 765 ജില്ലകളിലായി 2.69 ലക്ഷം പഞ്ചായത്തുകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഇതിന് പ്രചാരകരായി ഉദ്യോഗസ്ഥരെ ആവശ്യമാണെന്നും ആവശ്യമുള്ളവരെ വിട്ടുനല്‍കണമെന്നും നിര്‍ദേശിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്കു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം കത്തയക്കുകയായിരുന്നു.മൂന്ന് മാസം നീളുന്ന വികസിത ഭാരത സങ്കല്‍പ യാത്രയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥരോട് പ്രചാരണം നടത്താന്‍ പറയുന്ന സര്‍ക്കാര്‍, സൈനികരോട് നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് സെല്‍ഫി പോയന്റുകള്‍ സ്ഥാപിക്കാന്‍ കൂടി പറയുന്നത് വിചിത്രമെന്ന് സാമാന്യ യുക്തിയുള്ളവര്‍ക്ക് തോന്നിയില്ലെങ്കിലാണ് അത്ഭുതം.

സിനീയര്‍ ബ്യൂറോക്രാറ്റുകളെ ‘രഥ് പ്രഭാരിസ്’ ആക്കി പ്രചാരണത്തിന് ഉപയോഗിക്കുന്ന മോദിയുടെ നീക്കത്തിനെതിരെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പ്രതികരിച്ചത്. സൈനികരെ പോലും കേന്ദ്രസര്‍ക്കാറിന്റെ അംബാസിഡര്‍മാരാക്കി മാറ്റി ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്ന നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ സംവിധാനങ്ങളായ ഇന്‍കം ടാക്‌സും ഇഡിയും സിബിഐയും ഇപ്പോള്‍ തന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ഉത്തരവ് എല്ലാ ഗവണ്‍മെന്റ് സംവിധാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങി അവരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതിന് നിര്‍ബന്ധിതമാക്കുകയാണ്. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ഏജന്‍സികളും ഔദ്യോഗികമായി തന്നെ ബിജെപിയുടെ പ്രചാരകരായി മാറുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

1964ലെ സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണ് മോദി സര്‍ക്കാരിന്റെ ഉത്തരവെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും രാഷ്ട്രീയ പരിപാടികളുടെ ഭാഗമാകരുതെന്നാണ് ചട്ടം.

രാഷ്ട്രത്തെ പ്രതിരോധിക്കാന്‍ നമ്മുടെ ജവാന്മാരെ സജ്ജമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആര്‍മി ട്രെയിനിംഗ് കമാന്‍ഡ്, സര്‍ക്കാര്‍ പദ്ധതികള്‍ എങ്ങനെ മേനിപറയണമെന്ന സ്‌ക്രിപ്റ്റുകളും പരിശീലന മാനുവലുകളും തയ്യാറാക്കുന്ന തിരക്കിലാണ്. സായുധ സേനയെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും എല്ലാ ജവാന്റേയും കൂറ് രാഷ്ട്രത്തോടും ഭരണഘടനയോടുമാണെന്നും നരേന്ദ്ര മോദിയെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നമ്മുടെ സൈനികരെ സര്‍ക്കാര്‍ പദ്ധതികളുടെ മാര്‍ക്കറ്റിംഗ് ഏജന്റുമാരാക്കുന്നത് സായുധ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലേക്കുള്ള അപകടം പിടിച്ച നടപടിയാണെന്ന മുന്നറിയിപ്പും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് നല്‍കുന്നുണ്ട്.

സൈന്യത്തിനുള്ളിലും സര്‍ക്കാര്‍ നീക്കത്തില്‍ അസ്വാരസ്യം ഉടലെടുത്തിട്ടുണ്ടെന്ന സൂചനയുണ്ട്. കരസേനയിലും നാവിക സേനയിലും വ്യോമസേനയിലുമുള്ളവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചാരണത്തില്‍ ഭാഗമാകരുതെന്നിരിക്കെ മോദി സര്‍ക്കാര്‍ സൈനികരെ അപമാനിക്കുന്നുവെന്ന വികാരവും ഉയരുന്നുണ്ട്. സൈന്യം രാജ്യത്തിന്റെ സ്വത്താണെന്നിരിക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരെ സ്വന്തം സ്വത്തായി കാണരുതെന്ന കോണ്‍ഗ്രസിന്റെ എക്‌സ് സര്‍വ്വീസ്‌മെന്‍ വിഭാഗം അധ്യക്ഷനായ റിട്ടയേര്‍ഡ് കേണല്‍ രോഹിത് ചൗധരി പറയുന്നു. രാജ്യത്തിന്റെ സൈനികര്‍ പ്രധാനമന്ത്രി മോദിക്കും ബിജെപിയ്ക്കും വേണ്ടി ക്യാമ്പെയ്ന്‍ നടത്താനുള്ളവരാണോ എന്ന വിരമിച്ച സൈനികന്റെ ചോദ്യം ഇങ്ങനെ മുഴങ്ങി കേള്‍ക്കുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ മാത്രം ഇരുന്നാല്‍ പോര ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങണമെന്നും തിരഞ്ഞെടുപ്പുള്ളത് കൊണ്ട് ഭരണനിര്‍വ്വഹണം പാടില്ലേയെന്നുമാണ് ബിജെപിയുടെ മറുചോദ്യം.