ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അധാർമ്മികത: ജസ്റ്റിസ് മാർകണ്ഡേയ കട്ജു

കുറിപ്പ്: “The Wire” ൽ വന്ന മാർകണ്ഡേയ കട്ജുവിന്റെ ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് 2019 ഡിസംബർ 6- നാണ്, 2020 ജൂലൈ 10- ന് ഉത്തർപ്രദേശ് പൊലീസ് കൊള്ളസംഘാംഗം വികാസ് ദുബെയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ശേഷം വീണ്ടും അവർ ഇത് പ്രസിദ്ധീകരിച്ചു. ലേഖനത്തിന്റെ സൗത്ത് ലൈവ് ചെയ്ത സ്വതന്ത്ര പരിഭാഷയാണ് ചുവടെ.

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന നാല് പേരുടെ പൊലീസ് നടത്തിയ ഏറ്റുമുട്ടൽ (എൻകൗണ്ടർ) കൊലപാതകം ഇന്ത്യൻ പൊലീസിലെ വലിയൊരു വിഭാഗം ആസൂത്രണം ചെയ്ത് അവലംബിക്കുന്ന നിയമവിരുദ്ധമായ കൊലപാതകങ്ങളുടെ സാധുതയെ കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു. മുംബൈ അധോലോകത്തെ നേരിടാൻ മഹാരാഷ്ട്ര പൊലീസ്, ഖാലിസ്ഥാൻ ആവശ്യമുന്നയിക്കുന്ന സിഖുകാർക്കെതിരെ പഞ്ചാബ് പൊലീസ്, 2017 മുതൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം യു.പി പൊലീസ് എന്നിവർ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാപകമായി നടപ്പാക്കിയിരുന്നു.

അത്തരം ‘ഏറ്റുമുട്ടലുകൾ’ വാസ്തവത്തിൽ ഏറ്റുമുട്ടലുകളല്ല, മറിച്ച് പൊലീസ് നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളാണെന്നതാണ് സത്യം.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഇപ്രകാരം പറയുന്നു:

“നിയമം സ്ഥാപിച്ച നടപടിക്രമങ്ങൾക്ക് അനുസൃതമായി അല്ലാതെ ഒരു വ്യക്തിക്കും അയാളുടെ ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടില്ല”

ഇതിനർത്ഥം, ഒരു വ്യക്തിയുടെ ജീവൻ എടുക്കുന്നതിന് മുമ്പ്, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർ‌പി‌സി) വ്യവസ്ഥകൾ‌ക്ക് അനുസൃതമായി വ്യക്തിയെ വിചാരണയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നാണ്.

വിചാരണയിൽ, പ്രതിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അയാളെ അറിയിക്കുകയും സ്വയം പ്രതിരോധിക്കാൻ അവസരം നൽകുകയും വേണം (അഭിഭാഷകനിലൂടെ), അതിനു ശേഷം കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ അയാളെ ശിക്ഷിക്കുകയോ വധിക്കുകയോ ചെയ്യാൻ പാടുള്ളൂ.

അതേസമയം വ്യാജ ‘ഏറ്റുമുട്ടലുകൾ’, നിയമപരമായ നടപടിക്രമങ്ങളെ പൂർണമായും തിരസ്കരിക്കുന്നു, എന്തെന്നാൽ ഒരു വിചാരണ കൂടാതെ ആരെയെങ്കിലും ഇല്ലാതാക്കുകയാണ് അത് ചെയ്യുന്നത്. അതിനാൽ ഇത് തികച്ചും ഭരണഘടനാവിരുദ്ധമാണ്.

തെളിവുകൾ നൽകാൻ ആരും ധൈര്യപ്പെടാത്ത ഭീകരന്മാരായ ചില കുറ്റവാളികളുണ്ടെന്നും അതിനാൽ അവരെ കൈകാര്യം ചെയ്യാനുള്ള ഏക മാർഗം വ്യാജ ‘ഏറ്റുമുട്ടലുകൾ’ മാത്രമാണ് എന്ന് അവകാശപ്പെടുന്നതിലൂടെ പൊലീസുകാർ പലപ്പോഴും ഈ രീതിയെ ന്യായീകരിക്കുന്നു. ഇത് അപകടകരമായ ഒരു ചിന്താഗതിയാണ്, അത് ദുരുപയോഗം ചെയ്യപ്പെടും എന്നതാണ് പ്രശ്നം.

ഉദാഹരണത്തിന്, ഒരു ബിസിനസുകാരൻ തന്റെ എതിരാളിയായ മറ്റൊരു ബിസിനസുകാരനെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചില ആദര്‍ശരഹിതരായ പൊലീസുകാർക്ക് കൈക്കൂലി കൊടുത്ത് തന്റെ എതിരാളിയെ തീവ്രവാദിയായി പ്രഖ്യാപിച്ചതിന് ശേഷം വ്യാജ ‘ഏറ്റുമുട്ടലിൽ’ കൊലപ്പെടുത്താൻ കഴിയും.

പ്രകാശ് കദം vs രാംപ്രസാദ് വിശ്വനാഥ് ഗുപ്ത കേസിൽ പൊലീസിന്റെ വ്യാജ ‘ഏറ്റുമുട്ടലുകൾ’ കൊലപാതകമല്ലാതെ മറ്റൊന്നുമല്ലെന്നും അവ ചെയ്യുന്നവർക്ക് വധശിക്ഷ നൽകണം, അവയെ ‘അപൂർവങ്ങളിൽ അപൂർവമായ കേസ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്.

വിധിന്യായത്തിന്റെ 26-ാം ഖണ്ഡികയിൽ ഇങ്ങനെ നിരീക്ഷിക്കപ്പെട്ടു:

“ഏറ്റുമുട്ടൽ” എന്ന പേരിൽ ആളുകളെ കൊല്ലാനും അതിൽ നിന്ന് രക്ഷപ്പെടാനും കഴിയുമെന്ന് കരുതുന്ന അക്രമകാരികളായ പൊലീസുകാർ തൂക്കുമരം തങ്ങളെ കാത്തിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കണം”.

ഹൈദരാബാദ് സംഭവത്തിൽ, ‘ഏറ്റുമുട്ടൽ’ വ്യാജമാണെന്ന് വ്യക്തമാണ്. നാലു പ്രതികളും പൊലീസ് കസ്റ്റഡിയിലായിരുന്നു മാത്രമല്ല അവരുടെ പക്കൽ ആയുധങ്ങൾ ഇല്ലായിരുന്നു. അപ്പോൾ എങ്ങനെ ഒരു യഥാർത്ഥ ഏറ്റുമുട്ടൽ ഉണ്ടാകും?

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എ.എൻ മുല്ലയുടെ വിധി ഉദ്ധരിച്ച് ഞാൻ ലേഖനം അവസാനിപ്പിക്കാം:

“ഞാൻ ഇത് എല്ലാ ഉത്തരവാദിത്വബോധത്തോടെയും പറയുന്നു: ഇന്ത്യൻ പൊലീസ് ഫോഴ്സ് എന്ന് വിളിക്കപ്പെടുന്ന ഒരൊറ്റ സംഘടിത യൂണിറ്റിനെ പോലെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിയമവിരുദ്ധമായ ഒരു സംഘവും രാജ്യത്ത് എവിടെയും ഇല്ല. കുറച്ചുപേർ ഒഴികെ, പൊലീസുകാർ പൊതുവെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാവില്ലെന്നും നിയമം പാലിക്കുന്നതിലൂടെ സുരക്ഷ ഉറപ്പിക്കാനാവില്ലെന്നും നിയമം ലംഘിക്കുകയോ മറികടക്കുകയോ ചെയ്താൽ മാത്രമേ അത് സാധ്യമാകൂ എന്നുമുള്ള നിഗമനത്തിലെത്തിയവരാണ്.”

– ഇന്ത്യൻ സുപ്രീം കോടതി മുൻ ജഡ്ജിയാണ് ജസ്റ്റിസ് മാർകണ്ഡേയ കട്ജു.