ആചാരസംരക്ഷണമല്ല വിഷയം 

എന്‍. കെ ഭൂപേഷ്

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ തുടര്‍ദിവസങ്ങളില്‍ സ്വാഭാവികമായും ഉണ്ടാകും. രാഷ്ട്രീയമായി അത്രയും പ്രധാനപ്പെട്ട വിജയമാണ് എല്‍ഡിഎഫ് നേടിയെന്നതു കൊണ്ടുമാത്രമല്ല, അതോടൊപ്പം പ്രധാനമായ മറ്റ് ചില കാര്യങ്ങള്‍ കൂടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളം വ്യക്തമാക്കിയിട്ടുണ്ട് എന്നതു കൊണ്ടുകൂടിയാണ്.

ജനങ്ങള്‍ ഒരു തുടര്‍ഭരണത്തിന് എല്‍ഡിഎഫിനെ കൂടുതല്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്‍കുന്ന രാഷ്ട്രീയസന്ദേശങ്ങള്‍ എന്തൊക്കെയാണെന്നത്  മനസ്സിലാക്കുക പ്രധാനമാണ്. വര്‍ഗീയതയുടെ വക്കോളം എത്തുന്ന സാമുദായിക ധ്രൂവീകരണ നീക്കങ്ങള്‍ കേരളത്തിലെ മുന്നണികള്‍ നടത്തുന്നത്‌ ഒരു തരത്തിലും വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്ന സന്ദേശം കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്‌.

കേരളം ചരിത്രത്തിലില്ലാത്ത വിധത്തിലുളള വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളിലൂന്നിയ രാഷ്ട്രീയം ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണ്. മഹാമാരിയുടെ കാലത്തു പോലും യാതൊരു തത്വദീക്ഷയുമില്ലാതെ കോര്‍പറേറ്റ് ദാസ്യ നിലപാടുകളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരുമായാണ് ഇവിടെ ഇടതു സര്‍ക്കാര്‍ താരതമ്യം ചെയ്യപ്പെടുന്നത്. അതുപോലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ചു കൊണ്ടുള്ള ഇടതു ഭരണരീതിയും സ്വാഭാവികമായും ജനങ്ങളുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു കാണും.

അങ്ങനെ ഭരണപരമായി നിരവധി കാരണങ്ങള്‍ എല്‍ഡിഎഫ് വിജയത്തെ മികവുറ്റതാക്കിയതില്‍ വലിയ പങ്ക് വഹിച്ചതായി ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടെത്താം. എന്നാല്‍ രാഷ്ട്രീയമായി എന്ത് സന്ദേശമാണ് കേരളത്തിലെ ജനങ്ങള്‍  എല്‍ഡിഎഫിന് നല്‍കിയ മികച്ച വിജയത്തിലൂടെ നല്‍കുന്നത്. അത് വര്‍ഗീയതയ്ക്കെതിരായ ഏറ്റവും വലിയ സന്ദേശം നല്‍കുന്നുവെന്നതായാണ് തോന്നുന്നത്. അത് ചെറിയ കാര്യമല്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളം വര്‍ഗീയതയ്ക്ക് ചേര്‍ന്ന മണ്ണല്ല എന്ന് ബിജെപിയുടെ സമ്പൂര്‍ണ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്നുണ്ട്. കേരളം വര്‍ഗീയതയ്ക്ക് പാകപ്പെട്ട മണ്ണാണ് എന്ന് തോന്നിപ്പിക്കലുകള്‍ക്കിടയിലാണ് ഇതു പോലുള്ളൊരു വിധിയെഴുത്തുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ബിജെപി അധികാരം പിടിച്ചെടുക്കാനോ അല്ലെങ്കില്‍ ഭരണത്തില്‍ ആരു വരണമെന്ന് തീരുമാനിക്കാനോ പറ്റുന്ന തരത്തിലുള്ള രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുന്നുവെന്ന പ്രചാരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത്തവണയാണെങ്കില്‍ എ ക്ലാസ് മണ്ഡലമെന്നും ആര്‍എസ്എസ് നേരിട്ട് നിയന്ത്രിക്കുന്ന മണ്ഡലങ്ങള്‍ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള പ്രചണ്ഡമായ പ്രചാരണമാണ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചത്. ഇ ശ്രീധരനെ പോലുളളവരുടെ വരവ് മധ്യവര്‍ഗക്കാരിലെ അരാഷ്ട്രീയക്കാരില്‍ ചലനമുണ്ടാക്കുമെന്നും തോന്നി. നേമം കേരളത്തിലെ ഗുജറാത്താണെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രചാരണത്തിന് കുമ്മനം തുടക്കമിട്ടത്. കേരളത്തില്‍ ഇലക്ടറല്‍ സ്വാധീനം വർദ്ധിപ്പിച്ചാല്‍ ബിജെപി കേരളത്തില്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന നിലപാടുകളുടെ തീവ്രത എത്രത്തോളമായിരിക്കുമെന്ന് ഇത്തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നൊക്കെ വ്യക്തമായതാണ്. കേരളത്തില്‍ ആര് ഭരിക്കണമെന്ന തീരുമാനം തങ്ങള്‍ കൈകൊളളുമെന്നും, 35 സീറ്റ് ലഭിച്ചാല്‍ സംസ്ഥാനം ഭരിക്കുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞത്.

തിരഞ്ഞെടുപ്പിലൂടെയല്ലാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുത്ത ഒരു പാര്‍ട്ടിയുടെ പ്രഖ്യാപനം ജനാധിപത്യ സംവിധാനങ്ങളോടുളള വെല്ലുവിളി തന്നെയായിരുന്നു. എന്നിട്ടും അതിനോട് കേരളത്തിലെ മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കാര്യമായി പ്രതികരിച്ചോ എന്നതില്‍ സംശയമുണ്ട്. എന്തായാലും മെയ് രണ്ടാം തിയതി തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തില്‍ ഏറ്റവും പരിഹാസ്യരായ രാഷ്ട്രീയ വിഭാഗം സംഘ്പരിവാരം ആണെന്ന് തെളിഞ്ഞിരിക്കുന്നു. അത് ഒരു തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റ അടിസ്ഥാനത്തില്‍ മാത്രം ഉണ്ടായതല്ല, മറിച്ച്  കേരളം എന്ന സമൂഹത്തെ വിലയിരുത്തുന്നതില്‍ അവര്‍ക്കുണ്ടായ അബദ്ധം കാരണം കൂടിയാണ്‌. സംഘ്പരിവാരത്തിനെ കേരളത്തില്‍ ഇത്തരത്തില്‍ അപഹാസ്യരാക്കിയത്‌ എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം കൂടിയാണ്. അതാണ് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കേരളത്തില്‍ ബിജെപിയ്ക്ക് ഒരു സീറ്റുണ്ടായിരുന്നു നേമത്ത്. സംഘ്പരിവാറിന്‍റെ ഭാഷയില്‍ കേരളത്തിലെ ഗുജറാത്ത്. ആ സീറ്റ് നഷ്ടമായി എന്ന് മാത്രമല്ല, ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ ഇത്തവണ വലിയ  കുറവു വരുകയും ചെയ്തു. ഇതിന്‍റെ വിശാദംശങ്ങള്‍ ലഭിക്കാനിരിക്കുന്നതെയുള്ളൂവെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും കിട്ടിയ വോട്ട് ബിജെപിയ്ക്ക് കിട്ടിയില്ലെന്ന് വ്യക്തമായിട്ടുണ്ട്‌.

ബിജെപിയുടെയും അവരുടെ സഖ്യകക്ഷികളുടെയും വോട്ടുകള്‍ കൂട്ടിയാല്‍ 12.4 ശതമാനമാണ് അവര്‍ക്ക് കിട്ടിയതെന്നാണ് കണക്ക്.  ബിജെപിയ്ക്ക് മാത്രം കിട്ടിയത് 11.3 ശതമാനം വോട്ടുകളാണ്. വലിയ തോതിലുള്ള വോട്ട് ചോര്‍ച്ചയുടെ കണക്കാണ് ഇത് പറയുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു അവര്‍ക്ക് കിട്ടിയ വോട്ട്. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 15.6 ശതമാനവും തദ്ദേശ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ പതിനാറര ശതമാനവും വോട്ടും എന്‍ഡിഎയ്ക്ക് കിട്ടി. അവിടെ നിന്നാണ് ഞങ്ങള്‍ കേരള ഭരണത്തെ തീരുമാനിക്കുമെന്ന് പറയുകയും നരേന്ദ്രമോദി മുതല്‍ ബിജെപിയുടെ സകല നേതാക്കളും അയ്യപ്പ ശരണം വിളിച്ച് പ്രചാരണം നടത്തിയിട്ടും വോട്ടില്‍ വലിയ കുറവുണ്ടായിരിക്കുന്നത്. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നത് ബിജെപി നേതൃത്വം പരിശോധിക്കുമായിരിക്കും. അതെന്തായാലും കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം കേരളത്തില്‍ ബിജെപി ഇതുവരെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചത് വളഞ്ഞ വഴികളില്‍ കൂടിയായിരുന്നു. അതിന് അവര്‍ക്ക് മാധ്യമങ്ങളുടെ അടക്കം പിന്തുണ പല രീതിയില്‍ കിട്ടുകയും ചെയ്തിരുന്നു. ആ ബിജെപി വലിയ കുതിച്ചുചാട്ടം നടത്താന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടത് രണ്ട് മുന്നണികളുടെയും നിലപാടുകളില്‍ അനുരണനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്‌.

ഈ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ കാലം ഒന്ന് തിരഞ്ഞുനോക്കി പരിശോധിച്ചാല്‍  കാണാന്‍ കഴിയുക അതിലെ വര്‍ഗീയതയുടെ അതിപ്രസരമായിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വിജയത്തെ തുടര്‍ന്ന് ശബരിമല വിഷയം എന്നത് എല്ലാകാലത്തേക്കും വിജയത്തിനുളള ഒരു സ്ഥിര നിക്ഷേപമായിരിക്കുമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ് ആണ് അതിന് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടി അത് തുടങ്ങുന്നു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധികാരത്തില്‍ വന്നാല്‍ ആചാരസംരക്ഷണത്തിന് തയ്യാറാക്കുന്ന ബില്ലിന്‍റെ കരട് അവതരിപ്പിക്കുന്നു. 2019 ലെ തന്നെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ശബരിമല എന്നു കേള്‍ക്കുമ്പോഴെക്കു തന്നെ ഇടതുപക്ഷത്തിന് ആശങ്കകളുണ്ടാകുന്നു ആദ്യമൊന്നും യുഡിഎഫിന്‍റെ ചൂണ്ടയില്‍ കൊത്താതിരുന്ന ഇടതുപക്ഷം, പക്ഷെ പിന്നീട് കളം മാറ്റി. സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ തന്നെ ഭിന്നസ്വരം പലപ്പോഴായി പുറപ്പെടുവിച്ചിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്ന് സംഭവിച്ചതിനെല്ലാം മാപ്പ് പറഞ്ഞതോടെ സ്ഥിതി മാറി. പിന്നീട് മുന്‍ നിലപാടുകള്‍ സിപിഎം മാറ്റുന്നതാണ് കണ്ടത്. ഇനി എന്ത് വിധി വന്നാലും എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമെ നടപ്പിലാക്കൂവെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു. അതുകൊണ്ട് മാത്രം യുഡിഎഫും ബിജെപിയും  വിഷയം മാറ്റിപിടിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വര്‍ഗീയവും സങ്കുചിതവുമായ ആശയങ്ങളുടെ പ്രചാരണം കൂടി വേണമെന്ന യുക്തിയിലേക്ക് സിപിഎമ്മും തിരിഞ്ഞു.  മുസ്ലിം ലീഗ് നേതാവിന്‍റെ വീട്ടില്‍ പോയതിനെ വര്‍ഗീയമായി ചിത്രീകരിച്ചും, മുസ്ലിം സംഘടനകള്‍ക്കെതിരെ നടത്തിയ പ്രചാരണവുമെല്ലാം ഇതി്ന്‍റെ കൂടി പ്രതിഫലനമായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല, കേരളത്തിലെ ലൗവ്ജിഹാദിനെ കുറിച്ച് വ്യക്തത വരുത്തണമെന്ന് പോലും പുതുതായി ഇടതുമുന്നണിയിലെത്തിയ ഘടകകക്ഷി നേതാവ് അഭിപ്രായപ്പെട്ടു. മുസ്ലിങ്ങള്‍ക്കെതിരായ വികാരം മുതലെടുക്കുകയായിരുന്നു ലക്ഷ്യം. നീതി പൂര്‍വമായ വികസനത്തെ കുറിച്ചും തുല്യ അവകാശങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ആധിപത്യം ചെലുത്തേണ്ട സമയത്തായിരുന്നു ഹിന്ദുത്വത്തിന്‍റെ വിഷയങ്ങളി്ല്‍ ചര്‍ച്ചയായത്.

യുഡിഎഫ് നേരത്തെയും ചെയ്തത് പോലെ എന്‍എസ്എസ്സിന്‍റെ സുകുമാരന്‍ നായരിലു അവരുടെ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. അയാള്‍ തിരഞ്ഞെടുപ്പ് ദിവസവും ആചാര സംരക്ഷണത്തിന് ഇടതുപക്ഷം അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചു.  ഇതെല്ലാം കഴിഞ്ഞിട്ടാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. എത്രത്തോളമാണ് ഈ പ്രചാരണങ്ങള്‍ അവരെ സ്വാധീനിച്ചതെന്ന ചോദ്യം ഇടതുപക്ഷവും യുഡിഎഫും സ്വയം ചോദിക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്  സുകുമാരന്‍ നായരും ബിജെപിയും പിന്നെ യുഡിഎഫും ആഗ്രഹിച്ചതു പോലെയും ഇടതുപക്ഷം ചെറുതായി ആശങ്കപ്പെട്ടതുപോലെയും ഹിന്ദുത്വ ആശയങ്ങള്‍ ഒരു തരത്തിലും വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നതാണ്.

കേരളത്തില്‍ 2011 ലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിയെ പിടിച്ചുകെട്ടുകയും യുഡിഎഫിനെ 41 സീറ്റു മാത്രം നല്‍കുകയും ചെയ്ത വോട്ടര്‍മാര്‍ നല്‍കുന്ന രാഷ്ട്രീയ സന്ദേശം ഇതല്ലാതെ മറ്റെന്താണ്?   മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണശൈലിയ്ക്ക് നല്‍കിയ വോട്ടുണ്ടാവാം. ക്ഷേമപദ്ധതികള്‍ തുടരണമെന്ന് കരുതി വോട്ടു ചെയ്തവര്‍ ഉണ്ടാവും. അങ്ങനെ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് ഇടതു തുടര്‍ഭരണമാണ് എന്ന്  ജനങ്ങള്‍ തീരുമാനിച്ചിരിക്കാം. ബിജെപിയുടെ നേരത്തെ സൂചിപ്പിച്ച വോട്ടിംഗ് ശതമാനത്തിന്‍റെ അടിസ്ഥാനത്തിലോ അവര്‍ക്ക് ഒരു സീറ്റും   കിട്ടാത്തതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഇങ്ങനെ പറയുന്നത്. യുഡിഎഫിന്‍റെ പരാജയത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്, അല്ലാതെ യുഡിഎഫും ബിജെപിയും ആഗ്രഹിച്ചതു പോലെ, വൈകാരിക വിഷയങ്ങളോ ആചാരം സംരക്ഷിക്കണമെന്ന ആഗ്രഹമോ ആയിരുന്നില്ല ജനങ്ങളെ സ്വാധീനിച്ചത്.

കേരളത്തിലെ മുസ്ലിങ്ങള്‍ എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതെന്ന്തിനെ സംബന്ധിച്ച കൂടുതൽ  വിശകലനങ്ങള്‍ വരുംദിവസങ്ങളില്‍ വരുമായിരിക്കും. എന്നാലും ചില മണ്ഡലങ്ങളിലെ കണക്കുകള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. അത് മുസ്ലിം വോട്ടുകള്‍ കേരളത്തില്‍ പൊതുവില്‍ ഇടതുപക്ഷത്തെ സഹായിച്ചുവെന്നതാണ്. കേരളത്തില്‍ 66 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് നിര്‍ണായമാണ്.അവിടങ്ങളിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ മുസ്ലിങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഈ 66 മണ്ഡലങ്ങളില്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടിയത് 40 ലേറെ മണ്ഡലങ്ങളാണ്. ഇതില്‍ 23 മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. അതിലേറെയും മലപ്പുറത്തും. അതായത്‌, കേരളത്തില്‍ മുസ്ലിങ്ങളില്‍ ഒരു നല്ല വിഭാഗം ഇത്തവണ എല്‍ഡിഎഫിനാണ് വോട്ട് ചെയ്തത്. കേരളത്തില്‍ ഹിന്ദുത്വത്തെ ചെറുക്കാന്‍ കൂടുതല്‍ മികച്ച സംവിധാനം എല്‍ഡിഎഫ് ആണെന്ന തോന്നലും ഇവരെ സ്വാധീനിച്ചിട്ടുണ്ടാകാം.  2016 ല്‍ സിഎസ്ഡിഎസിന്‍റെ കണക്ക് പ്രകാരം 34 ശതമാനം മുസ്ലിം വോട്ടര്‍മാര്‍ എല്‍ഡിഎഫിനെ തുണച്ചുവെന്നാണ് കണക്കാക്കുന്നത്. ഇത്തവണ അത് വര്‍ദ്ധിച്ചുവെന്നത് ഉറപ്പാണ്.

2011 ലെ അവസ്ഥയിലേക്ക് ബിജെപിയുടെ വോട്ട് എത്തിയതോടെ ഹിന്ദു വോട്ടര്‍മാരില്‍ നേരത്തെ സംഘ്പരിവാറിനോട് ആഭിമുഖ്യം കാണിച്ചവരും ഇത്തവണ അവരെ വിട്ട് എല്‍ഡിഎഫിനോ യുഡിഎഫിനോ വോട്ട് ചെയ്തുവെന്ന്  വ്യക്തമാണ്.  സുകുമാരന്‍ നായരൊക്കെ കേരളത്തില്‍ അപ്രസക്തനായത് അങ്ങനെയാണ്. അതയാത് കേരളത്തിലെ മത വിശ്വാസികളില്‍ വലിയ വിഭാഗം വോട്ട് ചെയ്തത് രാഷ്ട്രീയമായാണ്. അതാണ് ഈ തിരഞ്ഞെടുപ്പില്‍നിന്ന് കേരളത്തിലെ പ്രധാനമുന്നണികള്‍ പഠിക്കേണ്ട പാഠം.

2019 ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം മുഴുവന്‍ ശബരിമല വിഷയത്തിലെടുത്ത നിലപാടു മൂലമാണെന്ന ലളിത യുക്തിയാണ് ഇടതുപക്ഷത്തെ പിന്നീടുള്ള നിലപാടുകളില്‍  സ്വാധീനിച്ചത്. അതിന്‍റെ ഫലമായാണ് അവര്‍ നിലപാടു മാറ്റുകയും കടകംപള്ളി സുരേന്ദ്രനെ പോലുള്ളവര്‍ ഖേദപ്രകടനവുമായി രംഗത്തെത്താനും കാരണമായത്. എന്നാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍  സംഭവിച്ചത് ബിജെപിയ്ക്കെതിരായ ബദല്‍ കോണ്‍ഗ്രസ് ആണ് എന്ന തോന്നലും രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിച്ചതടക്കമുള്ള കാര്യങ്ങളുമാണെന്ന കാര്യം വിട്ടുകളഞ്ഞാണ് എല്ലാ കുറ്റവും ശബരിമല നയത്തിലേക്ക് ചാരിയത്. തങ്ങള്‍ക്ക് വലിയ വിജയം ഉണ്ടാക്കിയത് ശബരിമലയാണെന്നും ബിജെപിയ്ക്ക് എതിരെ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ലോക്സഭയിലുണ്ടാകണമെന്ന ജനങ്ങളുടെ ബോധമല്ലെന്നും കരുതാനായിരുന്നു  പരിമിത വിഭവരായ പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കും ഇഷ്ടം. ഇരുവരും ശബരിമലയെ പഴിച്ചു. അത് തെറ്റായിരുന്നുവെന്ന് കൂടി തെളിയിക്കുന്നുണ്ട്‌ ഈ തിരഞ്ഞെടുപ്പ്‌ ഫലം. കേരളത്തിലെ എല്ലാ സമുദായാംഗങ്ങളെയും സ്വാധീനിക്കുന്നത് രാഷ്ട്രീയമായ കാര്യങ്ങളാണെന്നും അവിടെ വിശ്വാസ സംരക്ഷണമല്ല, ജനാധിപത്യവും മതേതരത്വത്തിനുമാണ് സ്ഥാനമെന്നും കൂടിയാണ് കേരളത്തിലെ വോട്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ നല്ലത്‌.  ലിംഗനീതിയുടെയും നവോത്ഥാന  തുടര്‍ച്ചയുടെയും കാര്യത്തിലെടുത്ത നടപടികളില്‍ ഖേദം പ്രകടിപ്പിക്കുന്ന ഇടതുനേതാക്കളും ഇക്കാര്യം ഉള്‍ക്കൊള്ളേണ്ടതും അനിവാര്യമാണ്.